2018-07-21 17:50:00

യേശു കാരുണ്യരൂപനായ നല്ലിടയന്‍


ആണ്ടുവട്ടം 16-Ɔο ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍

1. ഗലീലിയുടെ സുവിശേഷതീരം
ഇന്നത്തെ വചനം ക്രിസ്തുവിന്‍റെ ഇടയരൂപവും ഇടയഭാവവും വിളിച്ചോതുന്നു (മര്‍ക്കോസ് 6, 30-34). അവിടുന്നു വിളിച്ച ശിഷ്യന്മാരെ പഠിപ്പിച്ച്, ഒരുക്കി ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്നതിന് ജനമദ്ധ്യത്തിലേയ്ക്ക് അവരെ പറഞ്ഞയച്ചു. ദൈവത്തിന്‍റെ സ്നേഹവും കരുണയും ജനങ്ങളെ അറിയിക്കുന്നതിനാണ് അവിടുന്ന് അവരെ ആദ്യമായി പറഞ്ഞയച്ചത് (30). തങ്ങളെ ഗുരുനാഥന്‍ ഏല്പിച്ച കാര്യങ്ങള്‍ നിവര്‍ത്തിച്ചു എന്ന ആത്മവിശ്വാസത്തോടും ഉത്സാഹത്തോടുംകൂടിയാണ് അവര്‍ തിരിച്ചെത്തിയിരിക്കുന്നത്.  എന്നാല്‍ അവര്‍ ക്ഷീണിതരാണ്. കാരണം അവര്‍ ജനമദ്ധ്യത്തില്‍ ആയിരുന്നുകൊണ്ട് അവരെ പഠിപ്പിക്കുകയും, രോഗികളെ സുഖപ്പെടുത്തുകയും, ഹൃദയവ്യഥ അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തു. യേശു പഠിപ്പിച്ച കാര്യങ്ങള്‍ അവര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. അങ്ങനെ ഗ്രാമങ്ങളിലെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ മൂലം പരിക്ഷീണിതരായ ഗുരുവും ശിഷ്യരും ഒരു തോണിയില്‍ ഗലീലിയക്കടല്‍ കടന്ന് മറുകരെ തിബേരിയരസില്‍ എത്തി. ആരും അറിയാതെ വിജനപ്രദേശത്ത് തെല്ലൊന്ന് വിശ്രമിക്കാനായിരുന്നു യേശു ശിഷ്യന്മാരെ അവിടേയ്ക്കു കൂട്ടിക്കൊണ്ടുപോയത് (31). സ്വസ്തമായി പ്രാര്‍ത്ഥിക്കാനും വിശ്രമിക്കാനും, ശിഷ്യരെ പഠിപ്പിക്കാനും ആയിരുന്നിരിക്കണം യേശു അവരെ അവിടേയ്ക്കു വിളിച്ചുകൊണ്ടുപോയത്.

2. ചിതറിപ്പോയത്  ശേഖരിക്കുന്ന സ്നേഹരൂപന്‍
ഇന്നത്തെ ആദ്യവായനയില്‍ ജറമിയ പ്രവാചകന്‍ ചിതറിപ്പോയ ആടുകളെ ശേഖരിക്കുന്ന നല്ലിടയനെക്കുറിച്ച് വിവരിക്കുന്നു (ജെറമിയ 23, 1-6). ആ‌ട്ടിന്‍ പറ്റത്തെ ചിതറിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. എങ്കിലും ഞാന്‍ അവയെ ശേഖരിക്കും. പരിപാലിക്കും. അങ്ങനെ ചിതറിപ്പോയ ആടുകളെ, നഷ്ടപ്പെട്ടുപോയം ആടുകളെ...ദൈവജനത്തെ ഒന്നിപ്പിക്കുന്നവന്‍ ദാവീദിന്‍റെ വംശത്തില്‍നിന്നും വരുമെന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു.  അവന്‍ രാജാവായി വാഴും തന്‍റെ ജനത്തെ കാരുണ്യത്തോടും നീതിയോടുംകൂടെ ഭരിക്കും. നാട്ടില്‍ നീതിയും ന്യായവും നടപ്പാക്കും. അങ്ങനെ വളരെ കൃത്യമായും യേശുവില്‍ തെളിഞ്ഞ ദൈവത്തിന്‍റെ ഇടയസ്ഥാനവും കാരുണ്യരൂപവും കാലേകൂട്ടി വെളിപ്പെടുത്തുകയാണ് ജെറെമിയായുടെ പ്രവാചക ശബ്ദം. ക്രിസ്തുവില്‍ സകലരും ഒന്നിപ്പിക്കപ്പെടും എന്ന് പൗലോസ് അപ്പസ്തോലന്‍ രണ്ടാം വായനയില്‍ പ്രസ്താവിക്കുന്നു (എഫേസിയര്‍ 2, 13-18). അവിടുന്ന് ജനത്തിന്‍റെ സമാധാനമാണ്, ലോകത്തിന്‍റെ പ്രകാശമാണ്. ശക്തരുടെ മതിലുകള്‍ തകര്‍ത്ത് സകലരെയും സമാധാനത്തിലും സ്നേഹത്തിലും ഒന്നിപ്പിക്കുന്നവനാണ് ക്രിസ്തുവെന്ന് പൗലോശ്ലീഹ എഫേസിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു.

3. നല്ലിടയനും പരിപാലകനും
യേശുവും ശിഷ്യന്മാരും വഞ്ചിയില്‍ തിബേരിയൂസിലേയ്ക്ക് ഗലീലിയ കടല്‍കന്ന് പോകുന്നതു കണ്ട് വഞ്ചികളിലും കരമാര്‍ഗ്ഗവുമായി അവര്‍ക്കുമുന്നേ ധാരാളം ജനങ്ങള്‍ മറുകരെ എത്തുന്നു. അവര്‍ അവിടുത്തെ പിന്‍ചെന്നു. അതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും യഥാര്‍ത്ഥത്തില്‍ വിശ്രമിക്കാന്‍ സാധിച്ചില്ല. ഓടിക്കൂടുന്ന ജനങ്ങളെ കണ്ടിട്ട് യേശുവിന് അവരോട് അനുകമ്പ തോന്നി. അവിടുന്നു പറഞ്ഞത്, അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയാണെന്നാണ് (മര്‍ക്കോസ് 2, 34). താന്‍ ഈ ജനത്തിന് ഇടയനാകും. അപ്പോള്‍ “ഞാന്‍ നല്ലിടയനാകുന്നു,” എന്ന ക്രിസ്തുവിന്‍റെ തന്നെ സ്വരം മര്‍ക്കോസിന്‍റെ ഈ സുവിശേഷഭാഗത്ത് പ്രതിഫലിപ്പിക്കുകയാണ്. “ആടുകളെക്കാള്‍ സാധുവായ ഇടയന്‍” എന്ന പ്രയോഗം  ഇവിടെ വളരെ അന്വര്‍ത്ഥമാവുകയാണ്.

നമ്മുടെയൊക്കെ ജീവിതത്തിലും ഇതു സംഭവിക്കാം. അതായത്, നാം പദ്ധതിയൊരുക്കുന്ന കാര്യങ്ങള്‍ നിവര്‍ത്തിതമാക്കാന്‍ സാധിക്കാത്തവിധം അപ്രതീക്ഷിതമായി അടിയന്തിരാവശ്യങ്ങള്‍ വന്നു കൂടാം, അല്ലെങ്കില്‍ വന്നുകൂടുന്നു. ഈ സാഹചര്യങ്ങളില്‍ അപരന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കാന്‍ നാം സന്നദ്ധരാകണം. നമ്മുടെ ആവശ്യങ്ങള്‍ മാറ്റിവച്ചും അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ തയ്യാറാകുന്നതാണ് യഥാര്‍ത്ഥ സഹായം. ഇങ്ങനെ അപരനെ സഹായിക്കാനൊരു സാഹചര്യം അല്ലെങ്കില്‍ സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടായാല്‍ നാം യേശുവിനെയാണ്, നല്ലിടയനായ യേശുവിനെയാണ് അനുകരിക്കേണ്ടത്.

4. മര്‍ക്കോസിന്‍റെ മൂന്നു ഇടയക്രിയകള്‍
“അവിടുന്ന് വഞ്ചിയില്‍നിന്നും ഇറങ്ങി വന്നപ്പോള്‍ വലിയൊരു പുരുഷാരത്തെയാണ് കണ്ടത്. അവിടുത്തേയ്ക്ക് അവരോട് അലിവു തോന്നി. കാരണം അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു. എന്നിട്ട് അവിടുന്ന് അവരെ പലേ കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി” (34). ഈ ഒരു വചനത്തില്‍ അല്ലെങ്കില്‍ സുവിശേഷകന്‍റെ ഈ ചിന്താശകലത്തില്‍ ഒത്തിരികാര്യങ്ങള്‍ സമഗ്രമായി ഒതുക്കിച്ചേര്‍ക്കുകയും, ഉള്‍ച്ചേര്‍ക്കുകയും ദിവ്യഗുരുവിന്‍റെ മൗലികമായ മനഃസ്ഥിതിയെ ഒരൊറ്റ വചനത്തില്‍ വരച്ചുചേര്‍ക്കുകയുമാണ് സുവിശേഷകന്‍. ഈ ചിത്രീകരണത്തെ ബലപ്പെടുത്താന്‍ രചയിതാവ് ഉപയോഗിക്കുന്ന ശ്രദ്ധേയമായ മൂന്നു ക്രിയകള്‍ നമുക്കു ശ്രദ്ധിക്കാം. ആദ്യമായി കാണുക. രണ്ടാമതായി കാരുണ്യം കാട്ടുക, മൂന്നാമതായി പഠിപ്പിക്കുക അല്ലെങ്കില്‍ പ്രബോധിപ്പിക്കുക.

ഈ മൂന്നു ക്രിയകളും ഇടയനുമായി ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബന്ധപ്പെട്ടവയാണ്.  കാഴ്ച അല്ലെങ്കില്‍ നോട്ടം, അത് ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോള്‍ നിസംഗമായൊരു നോട്ടമല്ല, തണുപ്പനോ, ഊഷ്മളതയില്ലാത്തതോ ആയ മനോഭാവമല്ലിത്. മറിച്ച്, അവിടുത്തെ നോട്ടം ഹൃദയത്തിന്‍റെ നോട്ടമാണ്, സ്നേഹത്തിന്‍റെ സൂക്ഷ്മ ദൃഷ്ടിയാണ്! കാരണം അവിടുത്തെ ഹൃദയം മധുരവും കരുണാര്‍ദ്രവുമാണ്. അത് ജനങ്ങളുടെ പ്രതിസന്ധികളോടോ, ജീവിത ക്ലേശങ്ങളോടോ ഉള്ള, വൈകാരികമായ പ്രതികരണമല്ലത്. മനുഷ്യരുടെ നിഗൂഢമായ ആവശ്യങ്ങള്‍പോലും തിരിച്ചറിയുന്ന കരുണാര്‍ദ്ര ഭാവമാണത്. അല്ല, അതിനുമപ്പുറം അവിടുത്തെ ഹൃദയം മനുഷ്യരോടും മനുഷ്യചരിത്രത്തോടും പക്ഷംചേരുന്ന സ്നേഹത്താല്‍ കത്തിയെരിയുന്ന തുറന്ന ഹൃദയമാണ്. ചുരുക്കത്തില്‍ ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹവും കരുതലും പുനര്‍നിര്‍വചനം ചെയ്യുന്ന ക്രിയകളാണ് മൂന്നും – കാണുക, കാരുണ്യംകാട്ടുക, പഠിപ്പിക്കുക!

5. വചനം സത്യവചനം ദൈവവചനം
വീണ്ടും ജെനാസറത്തിന്‍റെ പശ്ചാത്തലത്തിലേയ്ക്കു വരുമ്പോള്‍ - അവിടെ യേശുവിന്‍റെ സഹായത്തിനും സഹതാപത്തിനും, അവിടുത്തെ ഉപദേശങ്ങള്‍ക്കുമായി കാത്തിരിക്കുകയും, തന്നെ തേടിയെത്തുകയും ചെയ്ത ജനാവലിയെ കണ്ട് മനസ്സലിഞ്ഞ് അവിടുന്നു ചിലപ്പോള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ശിഷ്യന്മാര്‍ ഉള്‍പ്പെടെ പലരും കരുതിക്കാണാം. ഇല്ല! പിന്നെയോ...? അവിടുന്ന് അവരെ പല കാര്യങ്ങളും പഠിപ്പിക്കുകയാണു ചെയ്തത്.   വിശക്കുന്നവര്‍ക്കും വഴിതെറ്റിപ്പോയവര്‍ക്കും രക്ഷകനായ മിശിഹാ ആദ്യം നല്കുന്ന ഭോജ്യം അവിടുത്തെ തിരുമൊഴികളാണ്, തിരുവചനമാണ്. നമ്മുടെ ജീവിതവഴികളെ തെളിയിക്കാനും നമുക്ക് മാര്‍ഗ്ഗദീപമാകാനും ഈ സത്യവചനം അനിവാര്യമാണ്. ക്രിസ്തുവാകുന്ന സത്യമില്ലാതെ, വചനമാകുന്ന ക്രിസ്തുവില്ലാതെ നമ്മുടെ ജീവിതങ്ങളെ ക്രമീകരിക്കാനോ, ജീവിതങ്ങള്‍ക്ക് ദിശാബോധം നല്കാനോ സാദ്ധ്യമല്ല.

ഒരാള്‍ ക്രിസ്തുവില്‍നിന്നും അവിടുത്തെ സ്നേഹത്തില്‍നിന്നും അകന്നുപോകുമ്പോള്‍  അയാളുടെ ജീവിതദിശ നഷ്ടമാവുകയും, ജീവിതം നിരാശയിലേയ്ക്കും അസംതൃപ്തിയിലേയ്ക്കും വഴുതിവീഴുകയും ചെയ്യുന്നു. യേശു നമ്മുടെ പക്ഷത്തുണ്ടെങ്കില്‍ നമുക്ക് സുരക്ഷിതമായി മുന്നേറാം, ദൈവസ്നേഹത്തില്‍ നാം മുന്നേറും അതുപോലെ സഹോദരസ്നേഹത്തിലും....! ലോകത്തിനുവേണ്ടിയും മനുഷ്യരക്ഷയ്ക്കുവേണ്ടിയും യേശു സ്വയാര്‍പ്പണംചെയ്തു, അവിടുന്നു തന്നെത്തന്നെ ദാനമായി നല്കി. അങ്ങിനെ അവിടുന്നു നമുക്ക് സ്നേഹത്തിന്‍റെ മാതൃക നല്കുകയും, സ്നേഹത്തിന്‍റെ പാഠം പഠിപ്പിക്കുകയും ചെയ്തു.

സേവനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും മനോഭാവത്തോടെ സഹോദരങ്ങളുടെ ജീവിതവ്യഥകളിലും ക്ലേശങ്ങളിലും പങ്കുചേരാന്‍ നമ്മെ സഹായിക്കണേ എന്ന് നല്ലിടയനായ യേശുവിനോടു പ്രാര്‍ത്ഥക്കാം. അവിടുന്ന് കൃപാലുവായ ഇടയനാണ്, നമുക്ക് നിത്യജീവന്‍റെ രക്ഷ തരുന്നവനാണ്....!
All the contents on this site are copyrighted ©.