2018-07-15 13:43:00

ജീവിതവ്യഥയുടെ നുറുങ്ങുചിന്തകള്‍


റേഡിയോ നാടകം... ജീവിതവ്യഥയുടെ നുറുങ്ങു ചിന്തകള്‍

ടോണി നല്ലൊരു ഗായകനായിരുന്നു. സംഗീതജ്ഞനായിരുന്നു എന്നു പറയാം. പാടുക മാത്രമല്ല, പുതിയ പുതിയ ഗാനങ്ങള്‍ രചിക്കുവാനും അവ ഹൃദ്യമായി അവതരിപ്പിക്കുവാനുമുള്ള കഴിവാണ് അയാളെ പ്രശസ്തനാക്കിയത്. ടോണിയുടെ ശബ്ദമാധുരിയിലും സംഗീതലയത്തിലും ആകൃഷ്ടയായ ഷീല എന്നൊരു പെണ്‍കുട്ടി പ്രേമാഭ്യര്‍ത്ഥന നടത്തി. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഷീലയും ടോണിയും വിവാഹിതരായി. സന്തോഷമായി ജീവിതം ആരംഭിച്ചു.

രാത്രിയായി. സമയം ഏറെ വൈകിയിരുന്നു. ആരോ വീടിന്‍റ Calling Bell അടിച്ചു. ഷീല മെല്ലെ വാതില്‍ തുറന്നു നോക്കി.

ഷീല:  “ഓ, ടോണീ... എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു.
     എന്ത്യേ, ഇത്ര വൈകിയത്.”

ടോണി:Oh! Sorry ഷീല. ഇന്നത്തെ പ്രോഗ്രാം ചെറുതായിരുന്നെങ്കിലും,
        അവര്‍ (മദ്യപന്‍റെ ശൈലി) പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടിയുണ്ടായിരുന്നു.”

ഷീല: “ഓ, എന്തായിത്. ടോണീ... നിങ്ങള്‍ കുടിച്ചിട്ടുണ്ടല്ലോ! ഓ, ദൈവമേ!”

ടോണി: “എയ്...ഇല്ല.. Friends നിര്‍ബന്ധിച്ചപ്പോള്‍ അല്പം കഴിച്ചെന്നു മാത്രം.
     കുറച്ച്, വളരെ കുറച്ച്...”

ടോണി പതിനഞ്ചാം വയസ്സില്‍ മദ്യപാനം ചെറുതായി ആരംഭിച്ചു. മദ്യത്തോടുള്ള ആ കൂട്ടുചേരല്‍ ശീലമായിത്തീര്‍ന്നു. മുന്നോട്ടു പോകുന്തോറും സംഗീതത്തില്‍ ടോണിയ്ക്കുള്ള പ്രശസ്തി വര്‍ദ്ധിച്ചുവന്നു. പരിപാടികളും വര്‍ദ്ധിച്ചു. എന്നാല്‍, അയാല്‍ മദ്യത്തിന് അടിമയായി. പണം ഒഴുകിവന്നതുപോലെ തന്നെ, ഒഴുകിപ്പോകാനും തുടങ്ങി.. ഷീല മദ്യത്തെയും മദ്യപനെയും വെറുത്തു. എങ്കിലും ഭര്‍ത്താവിനെ ആത്മാര്‍ത്ഥമായി  സ്നേഹിച്ചു. തന്‍റെ പ്രേരണകൊണ്ടും ദൈവകൃപകൊണ്ടും ഭര്‍ത്താവിന്‍റെ മദ്യാസക്തി മാറ്റിയെടുക്കാമെന്ന് അവള്‍ വിശ്വസിച്ചു.

എന്നാല്‍ അവളുടെ പരിശ്രമം വിജയിക്കുന്നതായി കണ്ടില്ല. നിരാശയാവാതെ അവള്‍ ജീവിതം തുടര്‍ന്നു. വിവാഹത്തിന്‍റെ രണ്ടാം വര്‍ഷം അവര്‍ക്ക് ഒരു കുഞ്ഞു പിറന്നപ്പോള്‍ ടോണിയും ഷീലയും ഏറെ ആഹ്ലാദചിത്തരായി.
ടോണി വീട്ടിലുളളപ്പോള്‍, അവര്‍ കുഞ്ഞിനെ കളിപ്പിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ സന്തോഷഭരിതമായിരുന്നു.

(ഷീല ഒരു താരാട്ടു മൂളി കുഞ്ഞിനെ ഉറക്കുന്നു... ഓമന തിങ്കള്‍ക്കിടാവോ...)

ടോണിയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിനോട് ഷീല സംസാരിക്കുന്നു

ഷീല: മോനേ, ചക്കരക്കൂട്ടാ.... നീ ഇങ്ങു വാ..മോനേ...
     കണ്ടോ അവന്‍റെ അച്ഛന്‍റെ കൈയ്യിലിരിക്കുമ്പോ....
         ഒരു ഗമ, ഗമ  കണ്ടില്ലേ.
     ഇപ്പോള്‍ അവന് എന്നെ വേണ്ട... കൊള്ളാമല്ലോടാ...!

ഷീല : (ടോണിയോട്)  “ടോണീ, നോക്കിയേ, ഒരു കാര്യം പറയട്ടെ.
     ഇനി ഈ കുഞ്ഞിനെ  ഓര്‍ത്ത് ടോണി മദ്യപിക്കരുത്...
     നമ്മുടെ പൊന്നുമോനെ ഓര്‍ത്ത്....
     നമുക്കെല്ലാം പുതുതായി തുടങ്ങാം.
    
ടോണി നല്ലൊരു ഗായകന്‍ മാത്രമല്ല.
കുടുംബനാഥനുമാണ്. ശരിക്കും. ഉത്തരവാദിത്വമുള്ള ഒരു കുടുംബനാഥന്‍!”

ടോണി  : “ശരിയാണ്. എനിക്ക് ആഗ്രഹമുണ്ട്.
       എന്നോടു കാണിക്കുന്ന ഈ സ്നേഹത്തെപ്രതി, തീര്‍ച്ചയായും
       ഞാന്‍ ഇനി മദ്യപിക്കില്ല..”

ഷീല.   എനിക്കിത്രയും, മതി. സന്തോ...ഷമായി!. ടോണിക്കു സാധിക്കും.
       ടോണി തിരിച്ചുവരും. ഇനി ടോണിയുടെ ഗാനങ്ങള്‍ കൂടുതല്‍ 
       മധുരമാകും... അതുപോലെ നമ്മുടെ ജീവിതവും....

ഷീലയുടെ ആത്മാര്‍ത്ഥതയുള്ള അഭ്യര്‍ത്ഥതയും സ്നേഹവും ടോണിക്ക് മനസ്സിലായി. എന്നാല്‍ കുറെ ദിവസങ്ങള്‍ മാത്രമേ മദ്യത്തിന്‍റെ പിടിയില്‍നിന്നും അയാള്‍ക്ക് വിട്ടുനില്ക്കാന്‍ സാധിച്ചുള്ളൂ. പരിപാടികളുടെ ചിട്ടവട്ടത്തിലും സുഹൃത്തുക്കളുടെ കൂട്ടുകെട്ടിലും ടോണി വാഗ്ദാനമെല്ലാം വിസ്മരിച്ചു. അയാള്‍ കുടുംബത്തെപ്പോലും മെല്ലെ മറക്കാന്‍ തുടങ്ങി.  

പുതിയൊരു സ്ഥലത്തേയ്ക്കു താമസം മാറ്റിയാല്‍ ടോണിയുടെ മദ്യാസക്തി മാറ്റിയെടുക്കുവാനും ജീവിതം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്നവര്‍  വിശ്വസിച്ചു. അവര്‍ അപ്രകാരം ചെയ്തുനോക്കി. പുതിയ ചുറ്റുപാടും സ്നേഹിതരുമായി കുറച്ചുനാള്‍ സന്തോഷപൂര്‍വ്വം മുന്നേറിയെങ്കിലും, അതും അധികനാള്‍ നീണ്ടുനിന്നില്ല. സംഗീതപരിപാടികള്‍ ബുക്കുചെയ്യാനും sponsor ചെയ്യുവാനും പിന്നെയും വലിയ കമ്പനികല്‍ മുന്നോട്ടു വന്നു. പുതിയ ഗാനങ്ങള്‍ ടോണിയും സംഘവും സ്റ്റേജില്‍ ധാരാളം അവതരിപ്പിച്ചു, കൈയ്യടി വാങ്ങി.

വീണ്ടും പണവുംപ്രസിദ്ധിയും ഒന്നുപോലെ കൈവന്നു. മദ്യക്കുപ്പികളുമായി ധാരാളം കൂട്ടുകാരുമെത്തി. അയാള്‍ ഭാര്യയോടും കുഞ്ഞുമകനോടും ചെയ്ത വാഗ്ദാനങ്ങള്‍ ജലരേഖകളായി.

വളരെ വിദൂര സ്ഥലത്ത് വിശിഷ്ടമായൊരു സദസ്സില്‍ ടോണി സംഗീതപരിപാടിക്കായി പോയിരിക്കുകയായിരുന്നു. അന്ന്
ആ രാത്രിയുടെ യാമത്തില്‍ ഷീല കുഞ്ഞിനെ ഉറക്കിയിട്ട് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. അവള്‍ക്ക് ശ്വാസംമുട്ടുന്നതുപോലെ അനുഭവപ്പെട്ടു. പെട്ടന്നവള്‍  ഫോണെടുത്ത് അമ്മയെ വിളിച്ചു.

ഷീല:   “ഹലോ മമ്മീ, ഞാനാണ് ഷീല...!”
അമ്മ :    “ങ്ഹാ, മോളാണോ ?
         ഷീലാ. എന്താ! മോളുടെ ശബ്ദം വല്ലാതെയിരിക്കുന്നത്?.
         അല്ല, എന്താ നീ കരയുകയാണോ?
                ഷീലമോളേ, നിനക്കെന്തു പറ്റീ???”
ഷീല:  “എനിക്കു വയ്യ. എന്താ ചെയ്യേണ്ടതെന്നറിയില്ല. ടോണി മുഴുക്കുടിയനായി മാറുകയാണ്. ഇത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതുമല്ല. ഇഷ്ടപ്പെടുന്നതുമല്ല. പിന്നെ ഈ കുഞ്ഞിനെയും കൊണ്ട് ഒറ്റയ്ക്കുള്ളൊരു ജീവിതം...”

അമ്മ :  “ങ്ഹാ, അതാണോ കാര്യം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍
        സ്ത്രീ പതറിപ്പോവുകയല്ല വേണ്ടത്. ധൈര്യമായിരിക്കണം.
        സ്ത്രീയുടെ ശക്തി ഇവിടെയാണ് കാണിക്കേണ്ടത്.
        നീ, ശ്രദ്ധിച്ചിട്ടില്ലേ? മനസ്സിന് ശക്തിയില്ലാത്തവരാണ്
        മദ്യത്തിനും ദുശ്ശീലങ്ങള്‍ക്കും അടിമപ്പെടുന്നത്.
        ഈ സന്ദര്‍ഭത്തില്‍ ടോണിക്ക് നിന്‍റെ സ്നേഹവും
        പിന്‍തുണയുമാണ് ആവശ്യം.”

    “അവനെ ഈ ഘട്ടത്തില്‍ നീ കൂടുതല്‍ സ്നേഹിക്കണം.
    നിന്‍റെ സ്നേഹത്തിനു മുന്നില്‍ മാത്രമേ അവനില്‍ മാറ്റമുണ്ടാവുകയുള്ളൂ.
    നിന്‍റെ പതറാത്ത സ്നേഹത്തിലൂടെ മാത്രമേ
    അവനെ തിരിച്ചു കിട്ടുകയുള്ളൂ.
    ഇതില്‍ നീ തെല്ലും സംശയിക്കരുത്.”

    “ഷീലാ, ഇന്ന് മോള് പ്രാര്‍ത്ഥിച്ചിട്ട് കിടന്നുറങ്ങ്. ഞാന്‍ നാളെ വിളിക്കാം.
    ധൈര്യമായിരിക്കൂ. Good Night!”

ടോണി വീട്ടില്‍ വന്നിട്ട് ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. ഷീല ആത്മധൈര്യം കളഞ്ഞില്ല. അമ്മയുടെ വാക്കുകളാണ് അവള്‍ക്ക് ധൈര്യം നല്കിയത്. അവള്‍ ടോണിയെ സ്നേഹിച്ചു. അവള്‍ പൂര്‍വ്വോപരി സ്നേഹം അയാളോടു പ്രകടമാക്കുവാനും തുടങ്ങി. ടോണിയുടെ അസാന്നിദ്ധ്യത്തില്‍ കുഞ്ഞുമകന്‍ അവള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. അവന്‍ മിടുക്കാനി വളര്‍ന്നുവന്നു. അത് അവള്‍ക്ക് പ്രത്യാശ പകര്‍ന്നു. ടോണി തിരിച്ചു വരും, ഈ കുഞ്ഞിനേ ഓര്‍ത്തെങ്കിലും അയാള്‍ തിരികെയെത്തും എന്നവള്‍ സമാശ്വാസിച്ചു. അതിനായി പ്രാര്‍ത്ഥിച്ചു.

സന്ധ്യമയങ്ങി. ഷീല അവളുടെ അന്നത്തെ ജോലികളെല്ലാം തീര്‍ത്തിരുന്നു. കുഞ്ഞിനെയും കൂടെയിരുത്തി അല്പ സമയം പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഏതാനും നിമിഷത്തില്‍ ഷിതു തളര്‍ന്ന് ഉറങ്ങിപ്പോയി. ഷീലയുടെയും കണ്ണുകള്‍ നിദ്രാധീനമായിരുന്നെങ്കിലും.... ഉറങ്ങാന്‍ കഴിഞ്ഞില്ല. പലതവണ അവളുടെ മനസ്സില്‍ ഉയര്‍ന്ന ചിന്തയായിരുന്നു - ടോണിക്ക് കത്തെഴുതണം, കത്തെഴുതണം. ആ രാത്രിയുടെ നിശ്ശബ്ദതയില്‍ ടോണിക്ക് അവള്‍ ഇങ്ങനെ എഴുതി:

“പ്രിയ ടോണീ, ഇനിയെന്നാണ് വീട്ടിലേയ്ക്കു വരിക.
മദ്യലഹരയില്‍ ഈ കുഞ്ഞുങ്ങളെയും അമ്മയെയും മറന്നുപോകല്ലേ.
ടോണിയുടെ തിരിച്ചു വരവിനായ് ഞങ്ങള്‍ കാത്തിരിക്കുകയാണ്.
ടോണിയുടെ സംഗീതസാന്ദ്രമായ സാന്നിദ്ധ്യം ഈ കുഞ്ഞിനും ഷീലയ്ക്കും പ്രകാശമാണ്. ടോണി തിരിച്ചുവരണം. ഞങ്ങള്‍ ആ മധുരമുള്ള ശബ്ദത്തിനായ് കാത്തിരിക്കുകയാണ്, കാതോര്‍ത്തിരിക്കുയാണ്.”

“ടോണിയെ സ്നേഹിക്കുന്നവര്‍ നിരവധിയാണ്. ഈ കുഞ്ഞുമനും, ഞാനും, അങ്ങയുടെ നിരവധിയായ ആരാധകരും, പിന്നെ എല്ലാറ്റിലും അധികമായി ടോണിക്ക് ആയുസ്സും ജീവനും കഴിവും നല്കിയ നല്ലവനായ ദൈവവും.... ഞങ്ങള്‍ ടോണിക്കുവേണ്ടി കാത്തിരിക്കുന്നു. തിരികെ വരണം.

ടോണി തിരികെ വരണം....  സ്നേഹപൂര്‍വ്വം ഷീലയും മകന്‍ ഷിതുവും. ”
സ്നേഹത്തിന്‍റെയും കരുതലിന്‍റെയും വാക്കുകള്‍ നിറച്ച ആ കത്ത് പിന്നെയും നീണ്ടതായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു. പ്രഭാതത്തില്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ഷീല അതെടുത്തു. മറുവശത്തെ ഇടറിയ കണ്ഠത്തിനും പാട്ടിന്‍റെ മധുരമുണ്ടായിരുന്നു.:

ഷീല ഫോണ്‍ എടുത്ത് സംസാരിക്കുന്നു :

ഷീല :   “ഹായ്.... ടോണീ....., ടോണിയല്ലേയിത്....”
ടോണി: “ അതേ, അതേ ഷീലാ, നിന്‍റെ ടോണിയാണിത്.
       നിന്‍റെ തോരാത്ത സ്നേഹം എന്നെ കണ്ണീരിലാഴ്ത്തുന്നു.
       എന്‍റെ തെറ്റുകള്‍ എനിക്കു മനസ്സിലായി. എന്‍റെ മദ്യലഹരിയില്‍ നിന്നെയും നമ്മുടെ കുഞ്ഞിനെയും ഞാന്‍ മറന്നുപോയിട്ടുണ്ട്.
     എന്നോടു ക്ഷമിക്കണം, ഷീലാ, എന്നോടു ക്ഷമിക്കൂ.”

“നിന്‍റെ കത്തുകിട്ടയതില്‍പ്പിന്നെ എനിക്ക് ഉറങ്ങാനായിട്ടില്ല.
മനസ്സില്‍ നമ്മുടെ വീടുമാത്രമാണിപ്പോള്‍. എനിക്ക് എത്രയും വേഗം വീട്ടില്‍ തിരിച്ചെത്തണം. എന്‍റെ കുഞ്ഞിനെയും നിന്നെയും എനിക്ക് വാരിപ്പുരണം.” 
“നിങ്ങളോടൊത്ത് ചിരിച്ചു കളിച്ച്. ഇനിയുള്ള എന്‍റെ ജീവിതം ഒരു മനുഷ്യനായി ജീവിച്ചു തീര്‍ക്കണം.
നിങ്ങള്‍ എന്നോടു ക്ഷമിക്കണം.
എന്‍റെ അശ്രദ്ധമായ ജീവിതരീതികള്‍ നീ എന്നോടു ക്ഷമിക്കുമെന്ന് വിശ്വാസിക്കുന്നു.
ലക്കില്ലാത്ത എന്‍റെ ജീവിതത്തിന്‍റെ പാളിച്ചകള്‍ ദൈവം ക്ഷമിക്കില്ലേ!? ക്ഷമിക്കും. എനിക്ക് ഉറപ്പുണ്ട്, ഷീലാ...”

കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരുടെയും തെറ്റിദ്ധാരണയാണ് അവരുടെ പ്രതിഭ ഉണര്‍ത്താന്‍ മദ്യത്തിനു കഴിയുമെന്നത്. ജീവിതപ്രശ്നങ്ങള്‍ക്ക് പ്രതിവിധികാണുവാന്‍ മദ്യത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ആ വിശ്വാസമെല്ലാം അസ്ഥാനത്താണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. അങ്ങനെ മദ്യത്തിനടിമകളായി, തങ്ങളുടെ വ്യക്തിത്വവും കഴിവുകളും കളഞ്ഞുകുളിക്കുന്നവര്‍ നിരവധിയാണ്. അവര്‍ കുടുംബങ്ങളെയും തകര്‍ക്കുന്നു.

ടോണിയെ മദ്യത്തില്‍നിന്നും വിടുവിച്ചത് ഭാര്യയുടെ പതറാത്ത സ്നേഹവും, തോറ്റുകൊടുക്കാത്ത പ്രത്യാശയുമാണ്. ഒപ്പം ദൈവകൃപയും! മദ്യപനായ ഒരാളെ നേടുവാന്‍ സ്നേഹത്തിനു ശക്തിയുണ്ട്. എന്നാല്‍ പലപ്പോഴും ഭാര്യയും മറ്റു കുടുംബാംഗങ്ങളും അയാളെ വെറുക്കുന്ന അവസ്ഥയാണ്. വെറുപ്പും അകല്‍ച്ചയും അവരെ രക്ഷിക്കുന്നതിനു പകരം, മദ്യത്തിലേയ്ക്കും അതിന്‍റെ തിന്മയിലേയ്ക്കും കൂടുതല്‍ ആഴ്ത്തുവാനാണ് സാദ്ധ്യത.

മദ്യപാനം (addiction)  രോഗമായി മനസ്സിലാക്കി, രോഗിയോടെന്ന സാമീപ്യമാണ് കുടുംബത്തില്‍ ആവശ്യം. പ്രാര്‍ത്ഥനയുടെ ശക്തിയും മദ്യവിമുക്തിക്കു സഹായകമാണ്. മദ്യത്തിന്‍റെ ദുശ്ശീലത്തിന് അടിമകളായവരുടെ ഹൃദയങ്ങളില്‍ ഈ പ്രാര്‍ത്ഥന ഉയരട്ടെ!

6. ടോണി
“ദൈവമേ, സുഖലോലുപതയുടെ ജീവിതവീഞ്ഞ് നൈര്‍മ്മല്യത്തിന്‍റെ നീരൊഴുക്കാക്കി മാറ്റണമേ. നന്മയുടെ തുറവും, സമാധാവും ആനന്ദവും അവരുടെ ഹൃദയങ്ങളിലേയ്ക്കും, ജീവിതത്തിലേയ്ക്കും, കുടുംബങ്ങളിലേയ്ക്കും, അതുവഴി സമൂഹത്തിലേയ്ക്കും അങ്ങേ കനിവാല്‍ ഒഴുക്കണമേ.”
All the contents on this site are copyrighted ©.