2018-07-14 17:14:00

ഒരു ക്രിസ്തുശിഷ്യന്‍റെ “തിരിച്ചറിയല്‍ക്കാര്‍ഡ്…!”


ആണ്ടുവട്ടം 15-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം
വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം 6, 7-13.

1. നന്മ വര്‍ഷിക്കുന്ന ദൈവം
കര്‍ത്താവ് ഭൂമിയില്‍ നന്മ വര്‍ഷിക്കും
നമ്മുടെ ദേശം സമൃദ്ധമായ് വിളവു നല്കും
ഇത് സങ്കീര്‍ത്തകന്‍റെ വാക്കുകളാണ് (സങ്കീര്‍ത്തനം 85, 12). ദൈവവും തന്‍റെ ജനവുമായി ഏറെ നിഗൂഢമായൊരു ആത്മബന്ധെ നിലനിര്‍ത്താന്‍ വിളിക്കപ്പെട്ടവരാണു നാം. ദൈവവും തന്‍റെ ജനവുമായുള്ള  ഒരാത്മബന്ധം! നാട്ടില്‍ ഈ വര്‍ഷം മഴ സമൃദ്ധമാണ്. ഭൂമിയില്‍ പണിയെടുക്കുന്നവര്‍ക്ക് മഴ ദൈവിക സമൃദ്ധിയുടെയും സാന്നിദ്ധ്യത്തിന്‍റെയും അടയാളമാണ്. അതു പറയുന്നത് ദൈവവുമായുള്ള ഐക്യം എപ്പോഴും ഫലം പുറപ്പെടുവിക്കുമെന്നും, അതെപ്പോഴും ജീവന്‍ നല്കുന്നുവെന്നുമാണ്. ഇത് വിശ്വാസം തരുന്ന ആത്മീയതയും ആത്മവിശ്വാസവുമാണ്. നമ്മുടെ ജീവിതങ്ങള്‍ ദൈവകൃപയില്‍ ആശ്രയിച്ചിരിക്കുന്നു എന്നു പഠിപ്പിക്കുന്നത് വിശ്വാസമാണ്. ഭൂമിയെ മഴ നനച്ച് ഫലപുഷ്ടമാക്കുന്നപോലെ, ദൈവകൃപ നമ്മെ എപ്പോഴും രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുന്നു.

2. ശിഷ്യര്‍ - ദൈവകൃപയില്‍ ആത്മവിശ്വാസമുള്ളവര്‍
ദൈവകൃപയിലുള്ള ആത്മവിശ്വാസം നാം പഠിക്കുന്നതാണ്, നമ്മെ ആരെങ്കിലും പഠിപ്പിക്കുന്നതാണ്. ഒരു സമൂഹത്തില്‍ അല്ലെങ്കില്‍ കുടുംബത്തിലാണ് നാം അത് അഭ്യസിക്കുന്നത്. നമ്മെ ഒരിക്കലും വഞ്ചിക്കാത്ത ഒരാത്മഗുരുവിന്‍റെ, യേശുവിന്‍റെ ശിഷ്യരാകാന്‍ നമ്മെ പ്രചോദിപ്പിച്ച പലരും പകര്‍ന്നു തരുന്ന ഒരു ആത്മവിശ്വാസമാണത്. അതിനാല്‍ ഒരു ശിഷ്യന്‍ അല്ലെങ്കില്‍ ശിഷ്യയ്ക്ക് ഈ ആത്മവിശ്വാസം, ദൈവകൃപയിലുള്ള ആത്മവിശ്വാസം അനിവാര്യമാണ്. യേശുവിന്‍റെ സുഹൃത്താകാനും, അവിടുത്തെ സുവിശേഷം പങ്കുവയ്ക്കാനും ജീവിക്കാനും, അവിടുത്തെ ദൈവിക ജീവനില്‍ പങ്കുചേരാനും നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന ബോധ്യമാണത്, ആത്മവിശ്വാസമാണത്. “ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ല, സ്നേഹിതന്മാരെന്നാണ് വിളിച്ചത്. കാരണം എന്‍റെ പിതാവ് എനിക്ക് വെളിപ്പെടുത്തി തന്നതെല്ലാം ഞാന്‍ നിങ്ങളെ അറിയിച്ചിരിക്കുന്നു.”  അതിനാല്‍ ക്രിസ്തുവിന്‍റെ സൗഹൃദത്തില്‍ പങ്കുചേരുന്നവരാണ് അവിടുത്തെ ശിഷ്യര്‍, ക്രിസ്തു ശിഷ്യര്‍!

3. ശിഷ്യത്വത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്
സുവിശേഷഭാഗം ഇന്ന് ശിഷ്യത്വത്തെക്കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത്. ഒരു ക്രൈസ്തവന്‍റെ തിരിച്ചറിയല്‍ക്കാര്‍ഡാണ് ഇന്നത്തെ സുവിശേഷം. ഒരു ശിഷ്യന്‍റെ സാക്ഷിപത്രികയാണിത്. ശിഷ്യത്വത്തിന്‍റെ മാനദണ്ഡങ്ങള്ലില്‍ കൃത്യതയുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുകയെന്നല്ല. എന്തു മനോഭാവമായിരിക്കണം, എന്തെല്ലാം ചെയ്യണം എന്ന് അവിടുത്തേയ്ക്ക് കാര്‍ക്കശ്യമുണ്ട്. കൃത്യതയുണ്ട്. ചിലപ്പോള്‍ നമുക്കവ അതിശയോക്തിയായിട്ടോ, മൗഢ്യമായിട്ടോ തോന്നാം അവ പ്രതീകാത്മകമായും ആത്മീയമായും പഠിപ്പിച്ചാല്‍ പോരെ എന്നു നാം ചിന്തിച്ചേക്കാം. എന്നാല്‍ യേശുവിന് ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. തനിമയുണ്ട്. ഒരു അനന്യമായ തനിമ! യാത്രയ്ക്കു ഒരു വടിയൊഴികെ അപ്പമോ, സഞ്ചിയോ, പണമോ കരുതേണ്ടതില്ല്. ഒരു ഭവനത്തില്‍ പ്രവേശിച്ചാല്‍ അവിടും വിട്ടുപോരുംവരെ അതില്‍ത്തന്നെ വസിക്കു (മര്‍ക്കോസ് 6, 8-11). ഒരു ഭവനത്തില്‍ നിങ്ങളെ സ്വീകരിച്ചില്ലെങ്കി‍ല്‍, അവിടെനിന്നും പോരുമ്പോള്‍ കാലിലെ പൊടിപോലും തട്ടിയിട്ടിട്ടു പോരുക! ഇതിലൊന്നും വലിയ കാര്യമില്ലെന്നു തോന്നിയേക്കാം. അല്ലെങ്കില്‍ ഇതെല്ലാം അപ്രസക്തവും അയാഥാര്‍ത്ഥ്യവുമാണെന്നും തോന്നിയേക്കാം.

4. അന്യരെ സ്വീകരിക്കുക, ആത്മീയതയുടെ സത്ത!
അപ്പം, പണം, സഞ്ചി, വടി പാദരക്ഷ മേലങ്കി എന്നീ പദപ്രയോഗങ്ങള്‍ ശ്രദ്ധേയമാണ്. ഒരു വാക്കു നാം വിട്ടുപോകാന്‍ സാദ്ധ്യതയുണ്ട്. അത് “സ്വീകരിക്കുക” എന്ന വാക്കാണ്. അത് നമ്മെ വെല്ലുവിളിക്കുന്ന പദവും ക്രിസ്തീയതയുടെ, അല്ലെങ്കില്‍ ക്രിസ്തീയ ആത്മീയതയുടെ സത്തയായ വാക്കുമാണ്. കാരണം, ക്രിസ്തു തന്‍റെ ശിഷ്യന്മാരെ പറഞ്ഞയച്ചത്, സ്വീകരിക്കപ്പെടാനാണ്. തിസ്കൃതരാകാനല്ല. യേശു, നല്ല ഗുരുനാഥനെന്ന നിലയില്‍ തന്‍റെ ശിഷ്യരെ മറ്റുളളവര്‍ സ്വീകരിക്കണം,  അവരെ സ്വാഗതംചെയ്യണം എന്നാഗ്രഹിക്കുന്നുണ്ട്. തന്‍റെ ശിഷ്യന്മാര്‍ക്ക് ജനങ്ങളുടെ ആതിഥ്യം ലഭിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. “നിങ്ങള്‍ ഒരു ഭവനത്തില്‍ പ്രവേശിച്ചാല്‍ അവിടെത്തന്നെ പാര്‍ക്കുക!” എന്നാണ് അവിടുന്നു പറഞ്ഞത്. അതിനാല്‍ ക്രൈസ്തവര്‍ ആതിഥ്യം നല്കേണ്ടവരാണ്. നാം അപരനെ, മറ്റുള്ളരെ സഹോദരങ്ങളായി സ്വീകരിക്കേണ്ടവരാണ്.

5. തനിമയാര്‍ന്ന ശിഷ്യത്വം
ക്രിസ്തു തന്‍റെ ശിഷ്യന്മാരെ അയച്ചത് കുറെ ചൊല്പടികളും നിയമങ്ങളും പഠിപ്പിച്ച് കാര്യസ്ഥന്മാരെപ്പോലെയോ ഉദ്യോഗസ്ഥന്മാരെപ്പോലെയോ അല്ല! മറിച്ച് അവിടുന്നു പഠിപ്പിക്കുന്ന ക്രൈസ്തവന്‍റെ യാത്ര ലാളിത്യത്തിന്‍റെയും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതുമാണ്, ഹൃദയപരിവര്‍ത്തനത്തിനുള്ള യാത്രയാണത്. ആദ്യം സ്വയം ഹൃദയപരിവര്‍ത്തനം വരുത്തുകയും, തുടര്‍ന്ന് മറ്റുള്ളവരുടെ ഹൃദയപരിവര്‍ത്തനത്തിനും മാനസാന്തരത്തിനും സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ക്രൈസ്തവ ശിഷ്യത്വത്തിന് ഒരു തനിമയുണ്ട്. അത് വ്യത്യസ്തമാണ്, വ്യത്യസ്തമായി ജീവിക്കുന്നതാണ്. ക്രിസ്തു പഠിപ്പിച്ച തനിമയാര്‍ന്ന സുവിശേഷ പ്രബോധനങ്ങള്‍ ജീവിക്കുന്നതിലാണ് ആ വെല്ലുവിളി. അത് സംഘട്ടനത്തിന്‍റെയും ഭിന്നിപ്പിന്‍രെയും കലഹത്തിന്‍റെയും വഴികള്‍ ഉപേക്ഷിക്കുന്നതുമാണ്. അതു സ്വാര്‍ത്ഥതയില്ലാത്തതും, അധികാരഭ്രമം ഇല്ലാത്തതുമായ ഔദാര്യത്തിന്‍റെയും എളിമയുടെയും സേവനത്തിന്‍റെയും ശുശ്രൂഷയുടെയും ജീവിതശൈലിയാണ്. അതായത്, ക്രിസ്തു ശിഷ്യത്വം മറ്റുള്ളവരുടെ മേല്‍ മെക്കിട്ടുകയറുകയോ, ധാര്‍ഷ്ട്യം പ്രകടമാക്കുകയോ ചെയ്യുന്നതല്ല, മറിച്ച് അപരനെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ഉള്‍ചേര്‍ക്കുകയും ചെയ്യുന്നതാണ്.

6. സുവിശേഷദൗത്യം ഒരു തന്ത്രമല്ല!
ജീവനെയും ജീവിത ദൗത്യത്തെയും സമീപിക്കേണ്ടതിന് രണ്ടു രീതികളാണുള്ളത്. ആദ്യമായി ദൗത്യത്തെ നാം ഒരു പ്ലാനും പദ്ധതിയുമായി കാണുന്നു. അതിനെ നാം ഒരു തന്ത്രമോ നയമോ ആയി കാണുന്നു. പിന്നെ അതു ഉപയോഗിച്ചുള്ള സംവാദത്തിലും തര്‍ക്കത്തിലും വ്യക്തികളെയും കുടുംബങ്ങളെയും നമുക്കു മാനസാന്തരപ്പെടുത്താമെന്നും വിചാരിക്കുന്നു. എന്നാല്‍ യേശു നമ്മെ ഈ സുവിശേഷ ഭാഗത്തിലൂടെ പഠിപ്പിക്കുന്ന വളരെ വ്യത്യസ്തമായ രണ്ടാമത്തെ രീതിയാണ്. സുവിശേഷ മനോഭാവത്തില്‍ നാം ഒരിക്കലും വ്യക്തിയെ തര്‍ക്കങ്ങള്‍കൊണ്ടോ വാദമുഖങ്ങള്‍കൊണ്ടോ കീഴ്പ്പെടുത്തുന്നില്ല. നാം അവരെ ബോധ്യപ്പെടുത്തുന്നത് എങ്ങനെ മറ്റുള്ളവരെ ഉള്‍ക്കൊള്ളാം, സ്വീകരിക്കാം എന്നു പഠിപ്പിച്ചുകൊണ്ടാണ്.

7. ഹൃദയത്തിന്‍റെ തുറവും  സുവിശേഷ ജീവിതനയവും
തുറന്ന ഹൃദയമുള്ളൊരു അമ്മയാണ് സഭ. ജീവിത ക്ലേശങ്ങളില്‍പ്പെട്ട സഹോദരങ്ങളെ ആവശ്യത്തിലയിരിക്കുന്നവരെയും എങ്ങനെ സ്വീകരിക്കണം എങ്ങനെ സ്വാഗതംചെയ്യണം, ഉള്‍ക്കൊള്ളണം എന്നൊക്കെ അവള്‍ക്കറിയരാം. സഭ, അതിനാല്‍ ക്രിസ്തു ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ആതിഥ്യത്തിന്‍റെ ഗേഹമാണ്, ഭവനമാണ്. അതിനാല്‍ ആതിഥ്യത്തന്‍റെ ഭാഷ അറിയാവുന്നതിന് അനുസൃതമായി മാത്രമേ നമുക്ക് അപരനെ, സഹോദരങ്ങളെ ആതിഥിയായി സ്വീകരിക്കാനും, സ്വാഗതംചെയ്യാനും സാധിക്കുകയുള്ളൂ! നമ്മെ സ്വീകരിക്കുന്നിടങ്ങളില്‍ എത്രത്തോളം വേദനയും നിരാശയും ഇല്ലാതാക്കാന്‍ അല്ലെങ്കില്‍ ശമിപ്പിക്കാന്‍ നമുത്തു സാധിക്കുന്നു.

ഇതിന് തുറന്ന വാതിലാണ് നമുക്കാവശ്യം. വിശിഷ്യ നമ്മുടെ ഹൃദയകവാടങ്ങള്‍ മലര്‍ക്കെ തുറന്നിടാം! വിശുക്കുന്നവരെയും ദാഹിക്കുന്നവരെയരും പരദേശികളെയും രോഗികളെയും ജയില്‍ വാസികളെയും നമുക്ക് ഹൃദയപൂര്‍വ്വം ഉള്‍ക്കൊള്ളാം (മത്തായി 25, 34-37).  നാം ചെയ്യുന്നതുപോലെ, പ്രവര്‍ത്തിക്കുന്നതുപോലെ ചിന്തിക്കാത്തവരെയും, അതുപോലെ വിശ്വാസമില്ലാത്തവരെയും അല്ലെങ്കില്‍ വിശ്വാസം നഷ്ടമായവരെയും നമുക്ക് ഉള്‍ക്കൊള്ളാം. പലപ്പോഴും നമ്മുടെ രീതികള്‍ കുറ്റപ്പെടുത്തുന്നതാണ്. പീഡിതരെയും, തൊഴിലില്ലായ്മയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെയും നമുക്ക് സ്വീകരിക്കാം, ഉള്‍ക്കൊള്ളാം. സമ്പന്നമായ ഭൂമിയില്‍, പൊതുഭവനമായ ഭൂമിയില്‍ ഇതര സംസ്ക്കാരങ്ങളെയും ഇതര ജാതിക്കാരെയും നമുക്ക് സ്വീകരിക്കാം. അതുപോലെ പാപികളെയും പരിത്യക്തരെയും നമുക്കു സ്വീകരിക്കാം,  കാരണം നാമോരോരുത്തരും പാപികളാണല്ലോ!

8. പാപത്തിന്‍റെ പിന്നിലെ തിന്മയുടെ ശക്തി
പാപത്തിന്‍റെ പിന്നില്‍ ഒരു തിന്മയുടെ ശക്തിയുണ്ട്. ആ പൈശാചിക ശക്തി പാപത്തിന്‍റെ മുന്നോടിയാണ്. അത് നമ്മെ ഇഞ്ചിഞ്ചായി കാര്‍ന്നെടുക്കുന്ന ഹൃദയത്തില തിന്മയുടെ ശക്തിയാണ്. അത് ഏകാന്തതയാണ്,  ഒറ്റപ്പെടലാണ്. ഈ ഒറ്റപ്പെടലിന് പല വേരുകളുണ്ടാകും, പല കാരണങ്ങളുണ്ടാകും. അത് എത്രത്തോളം നമ്മുടെ ജീവിതത്തെ നശിപ്പിക്കുമെന്നോ?!  എന്തെല്ലാം വിനകള്‍ നമ്മുടെ ജീവിതത്തില്‍ അത് വരുത്തിവെയ്ക്കുമെന്നോ?! അതുമൂലം നാം മറ്റുള്ളവര്‍ക്കെതിരെയും ദൈവത്തിനെതിരായും സമൂഹത്തിനെതിരെയും പുറകു തിരിയുന്നു. നാം സഹോദരങ്ങളില്‍നിന്നും, സമൂഹത്തില്‍നിന്നും ദൈവത്തില്‍നിന്നും അകന്നുപോകുന്നു, പിന്‍വാങ്ങുന്നു. എന്നിട്ട് നമ്മിലേയ്ക്കു തന്നെ ഉള്‍വലിയുന്നു.

9. പദ്ധതി നടപ്പാക്കലല്ല ശുശ്രൂഷാജീവിതം
അപ്പോള്‍ സഭയിലെ ശുശ്രൂഷയുടെ ജീവിതം ഓരോ പദ്ധതിയും പ്രോജക്ടും നിവര്‍ത്തിക്കുന്നതല്ല, മറിച്ച് മനുഷ്യരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതാണ് സേവനജീവിതം. മനുഷ്യരില്‍ സാഹോദര്യന്‍റെ അനുഭവം വളര്‍ത്തുന്നതാണത്. സ്വാഗതാര്‍ഹമായ സാഹോദര്യം വളര്‍ത്താനാകുന്നത് ദൈവം നമ്മുടെ പിതാവാണെന്നതിന് സാക്ഷ്യമാണ്. അങ്ങനെ “നിങ്ങളുടെ പരസ്പര സ്നേത്തില്‍നിന്നും ലോകം അറിയും നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന്....” (യോഹ. 13,35). ഇത് ക്രിസ്തു പഠിപ്പിക്കുന്ന ശിഷ്യത്വത്തിന്‍റെ നവമായ പാഠമാണ്. ജീവനും മനോഹാരിതയും സത്യവും പൂര്‍ണ്ണിമയും തിങ്ങിനില്ക്കുന്ന ഒരു നവമായ ജീവിതചക്രവാളം നമുക്കായി ക്രിസ്തു തുറന്നിടുകയാണിവിടെ...! ക്രിസ്തു വാതിലാണ്.  ജീവിത വഴികളിലെ എല്ലാവാതിലുകളും അടയുമ്പോഴും ദൈവം ക്രിസ്തുവിലൂടെ... ക്രിസ്തു ശൈലിയില്‍ മറ്റൊന്ന് നമുക്കായി തുറന്നുതരും!

10. ശിഷ്യത്വം ക്രിസ്തുവുമായൊരു കൂട്ടുകെട്ട്!
ക്രിസ്തുവുമായുള്ള നിങ്ങളുടെയും എന്‍റെയും ഒരു കൂട്ടുകെട്ടാണ് ശിഷ്യത്വം. അത് സഹോദരങ്ങളെ സ്നേഹിക്കാനുള്ളതാണ് (EG 265).  നമ്മെ സ്വീകരിക്കാനോ സ്വാഗതംചെയ്യാനോ നമുക്കാരെയും നിര്‍ബന്ധിക്കാനാവില്ല. അതു നമ്മുടെ സ്വാതന്ത്ര്യവും ഒപ്പം നമ്മുടെ പരിമിതിയുടെ ദാരിദ്ര്യാവസ്ഥയുമാണ്. മറിച്ച് മറ്റുള്ളവരെ സ്വീകരിക്കുന്നതില്‍നിന്നും നമ്മെ പിന്‍തിരിപ്പിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ജീവിതത്തില്‍ സഹോദരങ്ങളെ സ്വീകരിക്കരുതെന്ന് ആര്‍ക്കെങ്കിലും നമ്മോടു പറയാനാകുമോ?  ഇല്ല! പ്രത്യേകിച്ച് ജീവിതത്തിന്‍റെ ഊഷ്മളതയും പ്രത്യാശയും നഷ്ടപ്പെട്ട സഹോദരങ്ങളെ സ്വീകരിക്കരുതെന്ന് ആരും നമ്മോടു പറയില്ല. നമ്മുടെ ദൈവാലയങ്ങളും കപ്പേളകളും സ്ഥാപനങ്ങളും ഭവനങ്ങളും ഹൃദയകവാടങ്ങളും സഹോദരങ്ങള്‍ക്കായി, മനുഷ്യര്‍ക്കായി സദാ തുറന്നിരിക്കുന്ന ശ്രീകോവിലുകളാകട്ടെ! അവിടെ മനുഷ്യര്‍ ദൈവത്തെ കണ്ടെത്തട്ടെ, ദൈവിക സാന്നിദ്ധ്യം അനുഭവിക്കട്ടെ! നമ്മില്‍ ദൈവകൃപനിറഞ്ഞ്,  കൃപ നമ്മില്‍ വര്‍ഷിക്കപ്പെടട്ടെ! നന്മ മുളച്ചു തളിര്‍ക്കട്ടെ. നമ്മില്‍ ദൈവസ്നേഹം നിറഞ്ഞു തുളുമ്പട്ടെ!!
All the contents on this site are copyrighted ©.