2018-07-12 09:22:00

ബാരി സംഗമം സഭൈക്യപാതയിലെ നാഴികക്കല്ല്!


തെക്കെ ഇറ്റലിയിലെ ബാരിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍
ചേര്‍ന്ന സഭകളുടെ സംഗമത്തെക്കുറിച്ച്...

ബാരി പ്രാര്‍ത്ഥനാസംഗമം സഭൈക്യപാതയിലെ മുന്നേറ്റമാണെന്ന്, പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു. മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും അതിന്‍റെ സമാധാന വഴികളെക്കുറിച്ചു ചര്‍ച്ചചെയ്യാനും കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും സഭാനേതൃത്വങ്ങള്‍  പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ബാരിയില്‍ സംഗമിച്ചത് ജൂലൈ 7-Ɔο തീയതി ശനിയാഴ്ചയായിരുന്നു.

മദ്ധ്യപൂര്‍വ്വദേശത്തെ ഓര്‍ത്തഡോക്സ്, കത്തോലിക്കാ സഭാപ്രതിനിധികള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ സംഗമിച്ചപ്പോള്‍ ബാരി സഭൈക്യശ്രമങ്ങളുടെ കേന്ദ്രമായി മാറിയെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി വിശേഷിപ്പിച്ചു. ജൂലൈ 10-‍Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ബാരി സംഗമത്തിന്‍റെ വിശദാംശങ്ങള്‍ കര്‍ദ്ദിനാള്‍ സാന്ദ്രി വെളിപ്പെടുത്തിയത്.

ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തില്‍ സമാനതകളില്ലാത്ത ഭൂമിയാണ് മദ്ധ്യപൂര്‍വ്വദേശം. രാഷ്ട്രനേതാക്കളുടെ അധികാരമോഹവും ഇസ്ലാമിക രാഷ്ട്രനിര്‍മ്മിതിയുടെ സ്വപ്നവുമാണ് നിര്‍ദ്ദോഷികളായ ആയിരങ്ങളുടെ മരണത്തിനും കുടിയിറക്കലിനും കാരണമായത്. എന്നാല്‍ ക്രൈസ്തവരില്ലാത്ത മദ്ധ്യപൂര്‍വ്വദേശം മറ്റൊരു മദ്ധ്യപൂര്‍വ്വ ദേശമായിരിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ സാന്ദ്രി പ്രസ്താവിച്ചു. ബാരിയിലെ സമാധാനയജ്ഞത്തെ സഭൈക്യപാതയിലെ നാഴികക്കല്ലായും അദ്ദേഹം വിശേഷിപ്പിച്ചു.

ബാരിയിയിലെ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധി സമ്മേളനത്തെ സാഹോദര്യത്തിന്‍റെ കൂട്ടായ്മയെന്ന് നമുക്കു മാനസ്സിലാക്കാം. “സഹോദരങ്ങള്‍ ഇങ്ങനെ ഒന്നായിരിക്കുന്നത് എത്ര നല്ലതെന്ന്…” സങ്കീര്‍ത്തകനെ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു (സങ്കീ. 133).   “സമാധാനം നിങ്ങളോടുകൂടെ...!” എന്ന ആപ്തവാക്യവുമായിട്ടാണ് വിവിധ സഭാ പ്രതിനിധികള്‍ തെക്കെ ഇറ്റലയിലെ ബാരിയില്‍ പാപ്പായ്ക്കൊപ്പം സംഗമിച്ചത്.
All the contents on this site are copyrighted ©.