2018-07-12 19:22:00

കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാന് യാത്രാമൊഴി


ജൂലൈ 12-Ɔο തിയതി വ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലായിരുന്നു പരോതനുവേണ്ടിയുള്ള സമൂഹബലിയര്‍പ്പണവും അന്തോമാപചാരശുശ്രൂഷയും നടത്തപ്പെട്ടത്. പാപ്പാ ഫ്രാന്‍സിസ് അന്തിമോപചാര ശുശ്രൂഷയ്ക്ക് നേതൃത്വംനല്കി. കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡാനോ പരേതനുവേണ്ടിയുള്ള സമൂഹദിവ്യബലിക്ക് കാര്‍മ്മികത്വംവഹിച്ചു.

മതാന്തരസംവാദത്തിന്‍റെ പാതയില്‍, പ്രത്യേകിച്ച് ഇസ്ലാം മതസ്ഥരുമായുള്ള ബന്ധത്തില്‍ സഭയുടെ മാര്‍ഗ്ഗദര്‍ശിയായിരുന്ന കര്‍ദ്ദിനാള്‍ ട്യുറാനെന്ന് പാപ്പാ ഫ്രാന്‍സിസ് ആന്ത്യാഞ്ജലിയില്‍ പ്രസ്താവിച്ചു. അദ്ദേഹത്തിന്‍റെ സഭാസ്നേഹവും സേവനോന്മുഖതയും കണക്കിലെടുത്താണ് ആഗോളസഭയുടെ ‘കമര്‍ലേംഗോ’ (Camerlengo) പദവി നല്കിയതെന്ന് പാപ്പാ പ്രസ്താവിച്ചു. ഒരു പാപ്പായുടെ സേവനകാലം കഴിഞ്ഞ് അടുത്ത പത്രോസിന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുംവരെയുള്ള സമയപരിധിയില്‍ (Sede Vacante) സഭാഭരണം നിര്‍വ്വഹിക്കുന്ന സ്ഥാനമാണ് ‘കമര്‍ലേംഗോ’.  നന്മനസ്സുള്ള സകലരോടും സംവദിക്കാനും അവരെ ശുശ്രൂഷിക്കാനും കര്‍ദ്ദിനാള്‍ ട്യുറാന്‍ തന്‍റെ നീണ്ട സേവനകാലമൊക്കെയും സ്നേഹത്തോടെ സമര്‍പ്പിച്ചുവെന്ന്, കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോ യാത്രാമൊഴിയായി വചനപ്രസംഗത്തില്‍ പ്രസ്താവിച്ചു. 

പാര്‍ക്കിന്‍സന്‍സ് രോഗത്തിന് അമേരിക്കയിലെ ഹാര്‍ട്ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കവെ ജൂലൈ 5-Ɔο തിയതി 74-‍Ɔമത്തെ വയസ്സിലായിരുന്ന കര്‍ദ്ദിനാള്‍ ട്യുറാന്‍റെ അന്ത്യം. ഫ്രാന്‍സില്‍ ബര്‍ദൂ സ്വദേശിയാണ് അന്തരിച്ച കര്‍ദ്ദിനാള്‍ ട്യുറാന്‍. വിവിധ മതങ്ങളുമായുള്ള സഭയുടെ സംവാദപാതയില്‍ തന്‍റെ ജീവിതം 11 വര്‍ഷക്കാലം ഏറെ വിശ്വസ്തതയോടെ അദ്ദേഹം ചെലവഴിച്ചു. ഒരു പതിറ്റാണ്ടിലേറെ അദ്ദേഹം വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തിലും സേവനംചെയ്തിട്ടുണ്ട്.

കര്‍ദ്ദിനാള്‍ ട്യുറാന്‍റെ നിര്യാണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാര്‍ 225 പേരാണ്. അതില്‍ 124 കര്‍ദ്ദിനാളന്മാര്‍ മാത്രമാണ് 80 വയസ്സിനു താഴെ പ്രായപരിധിയില്‍ പാപ്പായുടെ തിരഞ്ഞെടുപ്പിന് വോട്ടവകാശമുള്ളവര്‍.
All the contents on this site are copyrighted ©.