2018-07-11 09:46:00

“നവീകരണം വെള്ളപൂശലല്ല!” - പാവുളോ റുഫീനി


നവീകരണത്തിനിടെ പുതിയ പ്രീഫെക്ട്
ഇറ്റലിയില്‍ അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകനായ ഡോക്ടര്‍ പാവുളോ റുഫീനിയെ ജൂലൈ 5-Ɔο തിയതി വ്യാഴാഴ്ച പരിശുദ്ധ സിംഹാസനത്തിന്‍റെ മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ടായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു. വത്തിക്കാന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ Vatican’s Dicastery for Communications രൂപപ്പെടുത്തുന്ന പ്രക്രിയയിലാണ് റുഫീനി സ്ഥാനമേറ്റത്. ഇറ്റാലിന്‍ ടിവി ദേശീയശൃംഖല  റായി (RAI),  ദേശീയ മെത്രാന്‍ സമിതിയുടെ ടിവി 2000 (TV 2000), പ്രസിദ്ധമായ ഇറ്റാലിയന്‍ ദിനപത്രം ദൂതന്‍ (Messagero) എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ദീര്‍ഘകാല പരിചയ സമ്പത്തുമായിട്ടാണ് 61-കാരന്‍ റുഫീനി പാപ്പായുടെ മാധ്യമ വകുപ്പിന്‍റെ മേധാവിയായി സ്ഥാനമേറ്റത്. റുഫീനി വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

മാധ്യമവിഭാഗത്തിന്‍റെയും  വത്തിക്കാന്‍റെ ഇതര വകുപ്പുകളുടെയും  നവീകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് റുഫീനി സ്ഥാനമേറ്റതും, വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് അഭിമുഖം നല്കിയതും.

1. നവീകരണം ഒരു കൂട്ടായ പരിശ്രമം
ഏതു പ്രസ്ഥാനത്തിന്‍റെയും നവീകരണം ഒരു വ്യക്തിക്ക് തനിച്ച് ചെയ്യുക സാദ്ധ്യമല്ല. അതുപോലെ സഭാനവീകരണം പാപ്പാ ഫ്രാന്‍സിസിനും തനിച്ചു ചെയ്യുക സാദ്ധ്യമല്ല. അത് സംവിധാനത്തിന്‍റെ ഘടനയിലും പ്രവര്‍ത്തനത്തിന്‍റെ ശൈലിയിലുമുള്ള മാറ്റമാണ്. അതൊരു വെള്ളപൂശലല്ല. അതിനാല്‍ നവീകരണം ഒരു കൂട്ടായ പരിശ്രമമാണ്. അത് പരസ്പരം കേള്‍ക്കാനും പങ്കുവയ്ക്കാനുമുള്ള തുറവും സന്നദ്ധതയും ആവശ്യപ്പെടുന്നു. അതിനാല്‍ നവീകരണ പദ്ധതി വിജയിക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ റുഫീനി പ്രസ്താവിച്ചു.

2. സുവിശേഷദൗത്യം – വത്തിക്കാന്‍റെ മാധ്യമദൗത്യം
ഈ കാലഘട്ടത്തിലെ ജനങ്ങളോടു നമുക്കു പങ്കുവയ്ക്കാനുള്ള കാര്യങ്ങള്‍ സഭാദൗത്യം തന്നെയാണ്. അത് ഏറെ പ്രധാനപ്പെട്ടതും ഗഹനവുമാണ്. അതിന്‍റെ മഹത്വവും മനോഹാരിതയും മനസ്സിലാക്കി ഒത്തൊരുമിച്ചു പ്രവര്‍ത്താക്കുകയാണ് വത്തിക്കാന്‍ മാധ്യമവിഭാഗത്തിന്‍റെ കടമ. നവീകരണത്തെ നാം ഒരിക്കലും ഭയക്കരുത്. മാറ്റങ്ങള്‍ക്ക് നാം തയ്യാറാവണം.
61 വയസ്സുകാരന്‍ റുഫീനി പ്രസ്താവിച്ചു.

3. പ്രഥമ അല്‍മായ മേധാവി – പാവുളോ റുഫീനി
വത്തിക്കാന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു അല്‍മായനെ വകുപ്പുമേധാവിയായി പാപ്പാ നിയമിച്ചതിലുള്ള ആശ്ചര്യവും റുഫീനി അഭിമുഖത്തില്‍ പ്രകടമാക്കി. പാപ്പായുടെ വിളി തന്നെ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, എത്രയോ ചെറിയ മനുഷ്യനാണ് താന്നെ ചിന്തയും മനസ്സിലേറിയെന്ന് റുഫീനി പറഞ്ഞു. എന്നാല്‍ ദൈവകൃപയില്‍ ആശ്രയിച്ചു മുന്നേറാമെന്ന ആത്മധൈര്യമുണ്ട്. സഭ എല്ലാവരുടെയും കൂട്ടായ്മയാണ്... ചെറിയവരുടെയും വലിയവരുടെയും! കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷത്തില്‍ റുഫീനി നടത്തിയ അഭിമുഖത്തില്‍ പാപ്പാ ഫ്രാന്‍സിസ് പറഞ്ഞ വാക്കുകളാണിത്. അതിനാല്‍ അല്‍മായരെ വിളിച്ചാല്‍ അവര്‍ ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ മടിക്കില്ല.

4. ദൈവകൃപയില്‍ ആശ്രയിച്ചു മുന്നേറാം!
വിളിയോടു പ്രത്യുത്തരിക്കേണ്ടത് വിശ്വാത്തോടെയാണ്. പൗലോശ്ലീഹാ പറയുന്നതുപോലെ നമ്മുടെ കുറവുകളില്‍ ദൈവത്തിന് ശക്തി കണ്ടെത്താനാകുമെന്ന വിശ്വാസമാണിത്. ഞാന്‍ അപേക്ഷിച്ചപ്പോള്‍ കര്‍ത്താവ് പ്രത്യുത്തരിച്ചു, “നിനക്ക് എന്‍റെ കൃപ മതി, എന്തെന്നാല്‍ ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്”  (2 കൊറി.12, 9).
All the contents on this site are copyrighted ©.