2018-07-10 15:03:00

കടലില്‍ ആയിരിക്കുന്നവരോടും കടലിനോടും കരുണകാട്ടാം!


ജൂലൈ 8-നാണ് വത്തിക്കാന്‍ കടല്‍ദിനമായി അനുസ്മരിച്ചതും
ഈ വര്‍ഷത്തെ സന്ദേശം പുറത്തുവിട്ടതും.

1. കടലിലെ ഉപജീവനവും യാത്രയും
യാത്രികരും തൊഴിലാളികളുമായി മാസങ്ങളോളം കടലില്‍ കഴിയുന്നത് ഏകദേശം 10 ലക്ഷത്തില്‍ അധികംപേരാണ്. അതിനും മേലെയാണ് അനുദിനം പരമ്പരാഗത മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍. അങ്ങനെ കടലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരില്‍ വിവിധ രാജ്യക്കാരും വിവിധ മതസ്ഥരും സംസ്ക്കാരങ്ങളുമുണ്ട്. അവര്‍ കുടുംബങ്ങളില്‍നിന്നും സമൂഹങ്ങളില്‍നിന്നും അകന്ന്, അപകടകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ ആഗോള സമ്പദ് വ്യവസ്ഥിതിയില്‍ കടലില്‍ ജോലിചെയ്യുന്നവരുടെ പങ്കു വളരെ വലുതുമാണ്.

2. സമുദ്രമാര്‍ഗ്ഗം നിത്യോപയോഗ സാധനങ്ങള്‍
നിത്യോപയോഗ സാധനങ്ങളില്‍ 90 ശതമാനവും കടല്‍ മാര്‍ഗ്ഗാമാണ് ലോകത്തിന്‍റെ വിവിധ മുക്കിലും മൂലയില്‍നിന്ന് നമ്മുടെ മേശപ്പുത്ത് എത്തപ്പെടുന്നത്. അതിനാല്‍ കടലിലായിരിക്കുന്നവരെ ഓര്‍ക്കുകയും അവരോട് കാരുണ്യം കാട്ടുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണെന്ന് സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍റെ വകുപ്പു പ്രസിദ്ധപ്പെടുത്തിയ സന്ദേശം ആവശ്യപ്പെടുന്നുണ്ട്.

3. കടല്‍‍ യാത്രികരും  ജോലിക്കാരും
നേരിടുന്ന പ്രതിസന്ധികള്‍ സന്ദേശം ചൂണ്ടിക്കാട്ടുന്നു
:
a. ഇന്നിന്‍റെ സാങ്കേതികതയും അതിയന്ത്രവത്ക്കരണവും മൂത്ത് കപ്പലിലെ തൊഴിലാളികള്‍ വേണ്ടുവോളം വിശ്രമസമയം തുറമുഖങ്ങളില്‍ ലഭിക്കാതെ വരുന്നു.

രാജ്യാന്തര കടല്‍യാത്രയുടെ സുരക്ഷാനിയമങ്ങള്‍ കര്‍ശനമാക്കുകയും ഭേദഗതി വരുത്തപ്പെടുകയും ചെയ്തപ്പള്‍ അത് കടലില്‍ ജോലിചെയ്യുന്നവരെ നിഷേധാത്മകമായി ബാധിച്ചിട്ടുണ്ട്.
b.  തീരങ്ങളില്‍ അടുക്കുന്നവര്‍ക്ക് കരയില്‍ ഇറങ്ങാന്‍ അനുമതിയില്ലാതായിട്ടുണ്ട് പലയിടങ്ങളിലും.. c. കപ്പല്‍ ജോലിക്കാരെ അതാതു തുറമുഖങ്ങളില്‍ സഹായിക്കാനെത്തുന്ന അജപാലകര്‍, സഹായികള്‍ എന്നിവര്‍ക്ക്  കരയില്‍നിന്നും കപ്പലേയ്ക്ക് കയറാന്‍  അനുമതി നിഷേധിക്കപ്പെടുന്നുണ്ട്. നീണ്ട കടല്‍യാത്രയ്ക്കും യാത്രയിലെ ക്ലേശങ്ങള്‍ക്കുംശേഷം ഇത് ജീവനക്കാരില്‍ ആത്മീയവും ഭൗതികവുമായ മാനസിക സംഘര്‍ഷങ്ങള്‍, പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
d. വര്‍ദ്ധിച്ചുവരുന്ന കടല്‍ക്കള്ളന്മാരുടെ ആക്രമണം കടലിലെ തൊഴില്‍ ക്ലേശകരമാകുന്നുണ്ട്. ഇത് പലപ്പോഴും ആധുനിക യന്ത്രവത്കൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ടാണ് വളരുന്നത്. രാഷ്ട്രീയ പ്രതിസന്ധികളാണ് കടല്‍ക്കള്ളന്മാരെ വളര്‍ത്തുന്നത്. അങ്ങനെ തീരങ്ങളിലും രാജ്യാതിര്‍ത്തികളിലും കടല്‍യാത്രികര്‍ക്കും കപ്പല്‍ജീവനക്കാര്‍ക്കും വേണ്ടുവോളം സംരക്ഷണം ലഭിക്കാതെ വരുന്നുണ്ട്. e. രാജ്യാതിര്‍ത്തികള്‍ ലംഘിച്ചുള്ള അനധികൃത മത്സ്യബന്ധനവും ഇന്ന് വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇത് അയല്‍ രാജ്യങ്ങളുടെ ഉപായസാദ്ധ്യതകള്‍ ഇല്ലാതാക്കുകയും അവിടത്തെ ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും ദാരിദ്ര്യത്തിലാഴ്ത്തുകയും ചെയ്യും. ഇങ്ങനെ മത്സ്യബന്ധനം കടല്‍ക്കൊള്ളയായി പരിണമിക്കുന്ന സാഹചര്യങ്ങളും ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.

4. പരിസ്ഥിതി മലിനീകരണം കടലിലും
കടല്‍ മലിനീകരണമാണ്, സന്ദേശം ചൂണ്ടിക്കാണിക്കുന്ന ഇന്നിന്‍റെ മറ്റൊരു വിന. കടലിലേയ്ക്കു  തള്ളിവിടുന്ന വര്‍ദ്ധിച്ച കാര്‍ബണ്‍ ഡയോക്സയിട് വാതകം, ഇന്ധനങ്ങളുടെ വാതകം, പ്ലാസ്റ്റിക്പോലുള്ള മറ്റു മലിനീകരണ വസ്തുക്കള്‍ എന്നിവ കടലിലെ മത്സ്യങ്ങളെയും മറ്റ് ജൈവഘടകങ്ങളെയും നശിപ്പിക്കുകയും, പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കപ്പലുകള്‍ വിദൂരമായ പോര്‍ട്ടുകളില്‍ ഉടമസ്ഥരായ കമ്പനികള്‍ ആസൂത്രിതമായി ഉപേക്ഷിക്കുന്ന രീതിയും ഇന്നിന്‍റെ നിഗൂഢമായ പ്രത്യേകതയാണ്. യാത്രികര്‍ക്കും, ജോലിക്കാര്‍ക്കും, തദ്ദേശവാസികള്‍ക്കും ഇത് സൃഷ്ടിക്കുന്ന ക്ലേശങ്ങള്‍ സമുദ്രജീവനത്തിന്‍റെ പ്രതിസന്ധികളില്‍ ശ്രദ്ധേയമായ മറ്റൊന്നാണ്.

രാജ്യാന്തര സമുദ്രവ്യാവസായ-യാത്രാ സംഘടന International Maritime Organization (IMO)-ന്‍റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ടും, “സമുദ്രതാര”മെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുളള പരിശുദ്ധ കന്യകാനാഥ കടലിലെ ജീവനക്കാരെയും യാത്രികരെയും തുണയ്ക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് സന്ദേശം ഉപസംഹരിക്കപ്പെടുന്നത്.

സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍റെ വകുപ്പു മേധാവി,
കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്കസന്‍ സന്ദേശത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

Message for Sea Sunday 2018, 8th July,
Cardinal Petter A. Turkson, Prefect,
Dicastery for promotion of Integral Human Development.
Vatican City.
All the contents on this site are copyrighted ©.