2018-07-07 13:58:00

മദ്ധ്യപൂര്‍വ്വദേശത്തെ സമാധാനം- പാപ്പായുടെ ട്വീറ്റുകള്‍


മദ്ധ്യപൂര്‍വ്വ ദേശത്ത് സമാധാനം ഉണ്ടാകുന്നതിനും ആ പ്രദേശത്തെ കുഞ്ഞുങ്ങളുടെ രോദനം ശ്രവിക്കപ്പെടുന്നതിനുമായി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ഈ ശനിയാഴ്ച (07/07/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, കണ്ണിചേര്‍ത്ത  പുതിയ രണ്ടു സന്ദേശങ്ങളിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്‍ത്ഥനയുള്ളത്.

മദ്ധ്യപൂര്‍വ്വദേശത്ത് ശാന്തിയുണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് തെക്കുകിഴക്കെ ഇറ്റലിയിലെ ബാരിയില്‍ ശനിയാഴ്ച വിളിച്ചുകൂട്ടിയ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാസംഗമത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശങ്ങള്‍

“സകല സമാശ്വാസങ്ങളുടെയും ദൈവം തകര്‍ന്ന ഹൃദയങ്ങളെ സൗഖ്യമാക്കുകയും മുറിവുകള്‍ വച്ചുകെട്ടുകയും നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്യട്ടെ: മദ്ധ്യപൂര്‍വ്വദേശത്ത് ശാന്തി കൈവരട്ടെ” എന്നാണ് പാപ്പാ ഈ ശനിയാഴ്ച ട്വിറ്ററില്‍ കുറിച്ച ആദ്യ സന്ദേശം.

“മദ്ധ്യപൂര്‍വദേശത്തുള്ള കുഞ്ഞുങ്ങളുടെ രോദനം നരകുലം ശ്രവിക്കട്ടെ. അവരുടെ കണ്ണീരൊപ്പുക വഴി ലോകം ഔന്നത്യം വീണ്ടും കണ്ടെത്തും” എന്നാണ് പാപ്പാ ട്വിറ്ററി‍ല്‍ കുറിച്ച ഇതര സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 
All the contents on this site are copyrighted ©.