2018-07-07 18:35:00

തിരസ്ക്കാരങ്ങളിലൂടെ വിജയംനേടിയ പ്രവാചകന്‍


വിശുദ്ധ മര്‍ക്കോസ് 6,1-6  സുവിശേഷവിചന്തനം

1. നസ്രത്തിലെ തച്ചന്‍റെ മകന്‍
ഇയാള്‍ ആ തച്ചന്‍റെ മകനല്ലേ...! എന്നു പറഞ്ഞു സമുദായ പ്രമാണികള്‍ ഈശോയെ പുച്ഛിച്ചു തള്ളുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. യേശുവിന്‍റെ പതിവായിരുന്നിരിക്കാം ആഴ്ചയിലെ സാബത്തുദിവസം തന്‍റെ ഗ്രാമമായ നസ്രത്തിലെ സിനഗോഗില്‍ വന്ന് ശുശ്രൂഷയില്‍ പങ്കുചേരുക. അങ്ങനെ ഒരു സാബത്തു ദിവസം അവിടുന്ന് സിനഗോഗില്‍ പഠിപ്പിക്കുന്നതു കേട്ട് ആശ്ചര്യപ്പെട്ടിട്ടുണ്ടായ, അല്ലെങ്കില്‍ അസൂയപ്പെട്ടിട്ടുണ്ടായ പ്രതികരണമാണിത്- ഇയാള്‍ ആ തച്ചന്‍റെ മകനല്ലേ! അവിടുന്നു പ്രഘോഷിച്ച ദൈവരാജ്യത്തിന്‍റെയും നീതിയുടെയും സന്ദേശം ഉള്‍ക്കൊള്ളാനാവാതെ, സ്വന്തം ജനം അവിടുത്തെ പുച്ഛിച്ചു തള്ളുന്നു.

“തച്ചന്‍റെ മകനെ”ന്ന് ക്രിസ്തുവിന് ലഭിച്ച വിശേഷണം ഒരു യാദൃശ്ചികതയല്ല. തന്‍റെ പിതാവായ ജോസഫും യേശുവും തച്ചപ്പണിക്കാരായിരുന്നു. തച്ചപ്പണി മോശമായി കാണേണ്ടതില്ല. തച്ചപ്പണി ഏറെ ധ്യാനവും ഭാവനയും സര്‍ഗാത്മകതയും കൃത്യതയും ആവശ്യമുള്ള തൊഴിലാണ്. പഴയകാലത്ത് ഒരു തച്ചനാണ് ഒരു വീടിന്‍റെ സ്ഥാനവും പ്ലാനും, കൂരയും കൂടും എല്ലാം ഒരുക്കിയിരുന്നത്. ഒന്നോര്‍ത്താല്‍ മനുഷ്യന്‍റെ ആന്തരികതയും ആത്മീയതയും ഒരു തച്ചപ്പണിക്ക് സമാനമാണ്. സ്വയം ചിന്തേരിട്ട് ചെത്തിമിനുക്കാനും സ്വയം മെച്ചപ്പെടുത്താനും ബലപ്പെടുത്താനുമുള്ള സാധനയുള്ളവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. യേശുവിനെ രൂപപ്പെടുത്തിയ ആത്മീയ പരിസരങ്ങളിലൊന്ന് ജോസഫ് എന്ന നീതിമാനായ തച്ചനായിരുന്നു. ഒരോരുത്തര്‍ക്കും അര്‍ഹതയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് നീതി.

2. പ്രവാചകനെ തിരിച്ചറിയാം!
തൊഴില്‍ ശിക്ഷയാണെന്നു ആരാണു നമ്മെ പഠിപ്പിച്ചത്? നൊന്തു പ്രസവിക്കുന്നത് ശിക്ഷയാണോ? ഓരു സ്ത്രീയോട് ചോദിച്ചു നോക്ക്. സ്ത്രീക്ക് ഇറ്റുനോവുപോലെ അനുഗ്രഹം നിറഞ്ഞെന്നാണ് പുരുഷന് വിയര്‍പ്പില്‍ ചുട്ട അപ്പം. ജീവിതത്തിന്‍റെ പറുദീസ ഒരു സ്വപ്നമാണ്. എന്നാല്‍ ഉണര്‍ന്നെണീക്കുമ്പോള്‍ ജീവിതത്തിന്‍റെ പരുക്കന്‍ വഴികളിലൂടെ നടന്നുപോയേ തീരൂ. ആ വഴിയുടെ അറ്റത്ത് ക്രിസ്തു നില്പുണ്ടാകും. കഠിനാദ്ധ്വാനംകൊണ്ട് നഷ്ടപ്പെട്ടുപോയ പറുദീസയും വീണ്ടെടുക്കാനാവുമെന്നതാണ് അവിടുന്നു പറഞ്ഞുതരുന്ന സുവിശേഷം.

ഖലീല്‍ ജിബ്രാന്‍ യേശുവിനെക്കിറിച്ചെഴുതിയ വരികള്‍ ആരെയും മോഹിപ്പിക്കുന്നതാണ്.... എന്‍റെ എല്ലാ വാതിലുകളും ജനാലകളും കാലപ്പഴക്കത്തിന് വഴങ്ങിക്കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അവന്‍ പണിചെയ്തതൊഴികെ. അവ മാത്രം കാറ്റിനും മഴയ്ക്കുമെതിരെ സുശക്തമായി നിലകൊള്ളുന്നു. ഈ മരക്കഴകള്‍ അവന്‍ എങ്ങനെയാണ് സ്ഥാപിച്ചതെന്നറിയില്ല. ഈ ആണികള്‍ എങ്ങനെ ഭദ്രമായി അവന്‍ ഉറപ്പിച്ചുവെന്നും പിടുത്തമില്ല! ഏറ്റവും വിചിത്രമായത് അതൊന്നുമല്ല, രണ്ടു ജോലിക്കാരുടെ അദ്ധ്വാനം കാഴ്ചവച്ചവന്‍ ഒരാളുടെ വേതനം മാത്രം സ്വീകരിച്ചു. ആ തൊഴിലാളി ഇപ്പോള്‍ ഇസ്രായേലിലെ ഒു പ്രവാചകനായി കരുതപ്പെടുന്നു. വാളും മുഴക്കോലുമായി നടന്ന ആ ചെറുപ്പക്കാരന്‍ ഒരു പ്രവാചകനാണെന്ന് ആരെങ്കിലും അന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തോട് അദ്ധ്വാനിക്കാനല്ല, എന്നോട് സംസാരിക്കാന്‍ യാചിച്ചേനേ! അപ്പോള്‍ തച്ചനെന്നു പറഞ്ഞു മാത്രമല്ല, നാം ഒരു വിധത്തിലും ആരെയും തള്ളിക്കളയരുത്. കരവലേചെയ്യുന്നവരില്‍ ദൈവത്തിന്‍റെ കരം പതിഞ്ഞിട്ടുള്ളവരെ നാം തിരിച്ചറിയണം. എല്ലാവരിലും അതുണ്ട്, എല്ലാ മനുഷ്യരും ദൈവമക്കളാണ്.

3. തിരസ്ക്കരണത്തിന്‍റെ സംസ്ക്കാരം
ഇന്നിന്‍റെ വളര്‍ന്നുവരുന്നൊരു സംസ്ക്കാരമാണ് തിരസ്ക്കാരം അല്ലെങ്കില്‍ വലിച്ചെറിയല്‍. ‘വെയ്സ്റ്റ്’  Waste നാം തള്ളിക്കളയുന്നു, അത് എവിടയെങ്കിലും കൊണ്ടു നിക്ഷേപിക്കുന്ന രീതി നാട്ടില്‍ സാധാരണമാണ്.  അയല്‍പക്കത്താണെങ്കിലും തരപ്പെട്ടാല്‍ നാം വെയ്സ്റ്റിടും. സ്വന്തം പരിസരം വൃത്തിയാക്കാന്‍.. അപരന്‍റെ ചുറ്റുപാട് മലീമസപ്പെടുത്തുന്നവര്‍ അധികമാണിന്ന്. പ്രായമായവരെയും രോഗികളെയും പാവങ്ങളെയും, വൈകല്യമുള്ളവരെയും പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന Culture of Waste, വലിച്ചെറിയല്‍ സംസ്ക്കാരം  വളര്‍ന്നുവരുന്നുണ്ട്. പ്രായമായ മാതാപിതാക്കളെ മക്കള്‍ ഉപേക്ഷിക്കുന്നു. വൃദ്ധസദനങ്ങളില്‍ തള്ളിയിടുന്നു. രോഗാധിക്യത്തില്‍ എത്തിയവരെ ഐ.സി.യു.വിന്‍റെ കുഴലുകള്‍ക്കിടയില്‍ കുടുക്കിയിടുന്നു. വൈകല്യത്തോടെ ജനിക്കുന്നവരെയും, പ്രായംകൊണ്ടോ രോഗംകൊണ്ടോ ക്ലേശിക്കുന്നവരെയും കാരുണ്യവധത്തിന്‍റെ മറവിലും ഇല്ലാതാക്കാന്‍ നിയമം പാസാക്കുന്ന രാജ്യങ്ങള്‍ എത്രയധികമായിപ്പോള്‍? തിരസ്ക്കാരത്തിന്‍റെ ആഘാതങ്ങള്‍ക്ക് പിറവിയോളം പഴക്കമുണ്ട്. അമ്മയുടെ ഗാര്‍ഭപാത്രമാകുന്ന പറുദീസായുടെ പടിയിറങ്ങുന്ന കുഞ്ഞ് ഒരു കരച്ചിലോടെ ജീവിതം ആരംഭിക്കുന്നു. പിന്നെ പറുദീസാ നഷ്ടങ്ങളുടെ സമുച്ചയമാണ് ജീവിതം എന്നറിയാനുള്ള വിവേകം നമുക്കു മെല്ലെ മെല്ലെ ലഭ്യമാകുന്നു. അങ്ങനെ കരച്ചില്‍ നെടുവീര്‍പ്പായി പരിണമിക്കും. ഒരു ഒതുക്കിപ്പിടിച്ച കരച്ചില്‍...! ചിലപ്പോള്‍ നൈര്‍മ്മല്യം, പ്രണയം, വീട്, സുകൃതങ്ങള്‍... എല്ലാമാണ് പലപ്പോഴം നമ്മുടെ പുറത്താക്കപ്പെട്ട പറുദീസകള്‍. ഹൃദയത്തിന്‍റെ അകത്തളങ്ങളില്‍നിന്ന് നഗരത്തിന്‍റെ വിളുമ്പിലേയ്ക്ക് ഉപേക്ഷിക്കപ്പെട്ടവര്‍ ‘അരവിന്ദന്‍റെ അതിഥികള്‍... എന്ന ചിത്രത്തില്‍ മാത്രമല്ല, ഏതു നിമിഷവും ഉപേക്ഷിക്കപ്പെടാവുന്ന ഒരുതരം ബോര്‍ഡര്‍ ലൈനിലെ മനുഷ്യരായി ജീവിതങ്ങള്‍ മാറുകയാണ്. City Light എന്ന ചിത്രത്തിലെ ചാര്‍ളി ചാപ്ലിനെ ഓര്‍ക്കുന്നുണ്ടാകും. അന്ധഗായികയെ ചികിത്സിക്കാന്‍ തന്‍റെ അവസാനത്തെ ചില്ലിക്കാശു മുടക്കിയിട്ടും കാഴ്ചകിട്ടിയ സ്ത്രീ ചികിത്സയ്ക്ക് സഹായിച്ചവനെ തിരസ്ക്കരിക്കുന്നു!

4. സൂര്യനോടു ചേര്‍ന്നുനിന്നവര്‍
അത്രമേല്‍ ഭൂമിയെ പ്രണയിച്ചതുകൊണ്ട് ഏതൊരു അനുഭവത്തിന്‍റെയും തീവ്രതയിലൂടെയും തിരസ്കാരങ്ങളിലൂടെയും കടന്നുപോകുവാന്‍ ദൈവം കരുതിവച്ചത് നസ്രത്തുകാരനായ യേശുവാണ്! സൂര്യനോട് ചേര്‍ന്നുനിന്നതുകൊണ്ടാവണം പഴയ നിയമത്തില്‍ ഉടനീളം അവിടുത്തെ നിഴലുണ്ട്. ഇന്നത്തെ ആദ്യവായനയില്‍ എസേക്കിയേല്‍ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍ വായിക്കുന്നു (2, 2-5) ദൈവമായ കര്‍ത്താവ് അരുള്‍ ചെയ്യുന്നു. ഈ ജനം ധിക്കാരികളുടെ കേന്ദ്രമാണ്. ഇത് അവര്‍ കേട്ടാലും കേട്ടില്ലെങ്കിലും ... അവരുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നെന്ന് അവര്‍ അറിയും....!! വരണ്ട ഭൂമിയിലെ മുളപോലെ അവന്‍ വളര്‍ന്നു.  ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ, ഗാംഭീര്യമോ, ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്തു (ഏശയ 2,3), എന്നിട്ടും ദൈവം അവനെ ഉയര്‍ത്തിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

5. ജനം അവിടുത്തെ തിരിച്ചറിഞ്ഞില്ല!
ഒരുപക്ഷേ, യേശുവിന്‍റെ ജീവിതത്തെ സംഗ്രഹിക്കാന്‍ ഇതിനെക്കാള്‍ ദേദപ്പെട്ട പദമുണ്ടാവില്ല - ഉപേക്ഷിക്കപ്പെട്ടവന്‍!. അതുകൊണ്ടാണ് യോഹന്നാന്‍ കുറിക്കുന്നത് – “എല്ലാമനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേയ്ക്ക് വരുന്നുണ്ടായിരുന്നു. അവന്‍ സ്വജനത്തിന്‍റെ പക്കലേയ്ക്ക് വന്നു. എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല” (യോഹ.1, 9). തന്നെത്തന്നെ ആടുകളുടെ വാതിലെന്ന് വിശേഷിപ്പിച്ചവന്‍റെ തലവരയാണതെന്ന് ഓര്‍ക്കാം. എല്ലാവരും ആ വാതിലിലൂടെയാണ് പ്രവേശിച്ചത്. പാപികളും ചുങ്കക്കാരും അനാഥരും പരദേശികളും... എന്നിട്ടും മുഴുവന്‍ ലോകത്തെയും സ്വീകരിക്കാനായി തുറന്നിട്ട ആ വാതിലിന് എതിരായി  ഭൂമിയിലെ മനുഷ്യര്‍ അവരുടെ ചെറുജാലകങ്ങള്‍ തഴുതിട്ടടച്ചു. അങ്ങനെയാണ് “സത്രത്തില്‍ അവന് ഇടം കിട്ടിയില്ല,” എന്ന സുവിശേഷകരുടെ വരി ഇപ്പോഴും നമ്മെ ഭാരപ്പെടുത്തുന്നത്.

സ്വന്തം ഭവനത്തിലും ദേശത്തുമാണ് പ്രവാചകന്‍ ഏറ്റവും കൂടുതല്‍ തിരസ്ക്കരിക്കപ്പെടുന്നത്. ഈ ജീവിതപാഠം ക്രിസ്തു നമുക്കു പകര്‍ന്നുതരുന്നു. എക്കാലത്തെയും ഏറ്റവും സമഗ്രതയുള്ളൊരാളായ ക്രിസ്തുവിനെ ഭ്രാന്തനെന്നു വിളിക്കാന്‍ ധൈര്യപ്പെട്ടത് അവിടുത്തെ സഹോദരങ്ങള്‍ തന്നെയായിരുന്നു. പിന്നീട് ഇടയനെ അവര്‍ അടിക്കുന്നു. അടുകള്‍ ചിതറി ഓടുന്നു. തിസ്ക്കാരത്തിന്‍റെ ഒടുവിലത്തെ വാക്കായ ഒറ്റുകൊടുക്കലും സംഭവിച്ചു. തീ കാഞ്ഞിരുന്ന തലമൂത്ത ശിഷ്യന്‍ പറഞ്ഞു. “അറിയില്ല, എനിക്കവനെ അറിയില്ല!” ഒന്നല്ല, മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. ഒടുവില്‍ പീലാത്തോസ് ചോദിച്ചു. ആര്‍ക്കെങ്കിലും ഇവനെ ആവശ്യമുണ്ടോ? മറുപടി.... ഇല്ല! വേണ്ട! വേണ്ട!! ഞങ്ങള്‍ക്ക് ബറാബാസിനെ മതി. അവിടുന്നു സ്വരം വീണ്ടെടുത്ത മൂകരും, നൃത്തം കൊടുത്ത മുടന്തരം, ഉയിരേകിയ മൃതരും... സകലരും അവിടെ ഉണ്ടായിരുന്നെങ്കിലും... ആരും മിണ്ടിയില്ല. എന്നിട്ടും ദൈവം അവിടുത്തെ ഉയര്‍ത്തി, ഉയിര്‍പ്പിച്ചു. “പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ലിതാ... മൂലക്കല്ലായി ഭവിച്ചു” (മത്തായി 21, 42).

6. നാം തുറക്കേണ്ട കാരുണ്യകവാടങ്ങള്‍
നമ്മുടെ സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്‍റെയും മനോഭാവത്തെ ക്രമപ്പെടുത്താനും ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായി മാത്രമല്ല, നമ്മുടെ എളിയ സഹോദരങ്ങള്‍ക്കായി, വിശിഷ്യാ പാവങ്ങളും പരിത്യക്തരും അഭയാര്‍ത്ഥികളുമായവര്‍ക്കായും തുറക്കണമെന്നാണ്.. . ഇന്നത്തെ വചനം ആവശ്യപ്പെടുന്നു. ക്രിസ്തു പഠപ്പിച്ച സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെ ഹൃദയവിശാലത നമുക്കുള്‍ക്കൊള്ളാം. അവിടുന്നു പഠിപ്പിച്ച സ്നേഹം പരോന്മുഖമാണ്. നമ്മെ മറ്റുള്ളവരിലേയ്ക്ക് അത് നയിക്കുന്നു. ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും സ്വീകരിച്ചിട്ടുള്ള നാം അത് മറ്റുള്ളവരുമായി പങ്കുവയ്ക്കണം. നമ്മുടെ ഹൃദയത്തില്‍ ഉയരുന്ന കാരുണ്യം ധ്യാനാത്മകമാണെങ്കിലും അത് പ്രവൃത്തിബദ്ധമാണ്, Contemplative in action ! ക്രിസ്തുവില്‍ ലോകത്തിന് ദൃശ്യമായ പിതാവിന്‍റെ ധാരാളിത്തമുള്ള കരുണ്യഭാവം നമുക്കുള്‍ക്കൊള്ളാം, പങ്കുവയ്ക്കാം. നമ്മുടെ വീടുകളുടെ വാതിലുകള്‍ സഹോദരങ്ങള്‍ക്കെതിരെ കൊട്ടായടയ്ക്കപ്പെടാതിരിക്കട്ടെ! ആരെയും നമ്മുടെ സ്നേഹവലയത്തില്‍നിന്നും ഒഴിവാക്കാതിരിക്കാം. നമ്മുടെ കുറവുകളെക്കാളും പാപങ്ങളെക്കാളും എത്രയോ വലുതാണ് ദൈവത്തിന്‍റെ കാരുണ്യം! അതിനാല്‍ നമുക്കീ ജീവിതത്തില്‍ സഹോദരങ്ങള്‍ക്ക് എന്നും വാതിലായി നില്ക്കാം... വാതിലായി ജീവിക്കാം!! തുറന്ന വാതില്‍ വാത്സല്യത്തിന്‍റെ സ്മൃതിസാന്നിദ്ധ്യമാണ്, അവിടെ സ്നേഹവും കാരുണ്യവുമുണ്ട്!
All the contents on this site are copyrighted ©.