2018-07-07 13:26:00

കേഴുന്ന മദ്ധ്യപൂര്‍വ്വദേശം-പാപ്പാ


ക്രൈസ്തവരുടെ അഭാവത്തില്‍ മദ്ധ്യപൂര്‍വ്വദേശത്തിന് തനിമ നഷ്ടമാകുമെന്ന് മാര്‍പ്പാപ്പാ.

യുദ്ധവും സംഘര്‍ഷങ്ങളും ജനജീവിതത്തെ, വിശിഷ്യ ക്രൈസ്തവരുടെ ജീവിതത്തെ, ദൂരിതപൂര്‍ണ്ണമാക്കിത്തീര്‍ത്തിരിക്കുന്ന മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി ഇറ്റലിയുടെ തെക്കുകെഴക്കെ തുറമുഖപട്ടണമായ ബാരിയില്‍ ഈ ശനിയാഴ്ച താന്‍ വിളിച്ചു ചേര്‍ത്ത എക്യുമെനിക്കല്‍ സമാധാനപ്രാര്‍ത്ഥനായോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“ഉന്നതത്തില്‍ നിന്നുള്ള ഉദയരശ്മിയായ കര്‍ത്താവ് നമ്മെ സന്ദര്‍ശിച്ച” (ലൂക്കാ:1,78) ഇടമായ മദ്ധ്യപൂര്‍വ്വദേശത്തുനിന്നാണ് ലോകമഖിലം വിശ്വാസവെളിച്ചം പരന്നതെന്ന് യാഥാര്‍ത്ഥ്യം അനുസ്മരിച്ച പാപ്പാ എന്നാല്‍ മനോഹരമായ ആ പ്രദേശത്താകമാനം  ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രത്യേകിച്ച്, കൂരിരുള്‍ വ്യാപിച്ചിരിക്കയാണെന്ന് ഖേദപൂര്‍വ്വം പറഞ്ഞു.

യുദ്ധം, അതിക്രമം, നാശം, പിടിച്ചടക്കല്‍, തിവ്രവാദങ്ങള്‍, നിര്‍ബന്ധിത കുടിയേറ്റം, നാടുവിട്ടുപോകല്‍ എന്നിവയുടെ അന്ധകാരമാണ് വ്യാപിച്ചിരിക്കുന്നതെന്നും അനേകരുടെ മൗനത്തോടും നിരവധിപ്പേരുടെ പങ്കോടുംകൂടിയാണ് ഇത് സംഭവിക്കുന്നതെന്നും പാപ്പാ കുറ്റപ്പെടുത്തി.

സ്വന്തം നാടുവിട്ടുപോകുന്നവരുടെ ഇടമായി മാറിയിരിക്കയാണ് മദ്ധ്യപൂര്‍വ്വദേശമെന്നും  വിശ്വാസത്തില്‍ നമ്മുടെ സഹോദരീസഹോദരന്മാരായവരുടെ സന്നിധ്യം അവിടെ നിന്നു മായിച്ചുകളയപ്പെടുകയും ആ പ്രദേശത്തിന്‍റെ മുഖച്ഛായ തന്നെ ഇല്ലാതാക്കപ്പെടുകയും ചെയ്യുന്ന അപകടമുണ്ടെന്നും എന്തെന്നാല്‍, ക്രൈസ്തവരില്ലാത്ത മദ്ധ്യപൂര്‍വ്വദേശത്തിന് അതായിരിക്കാനാകില്ലെന്നും പാപ്പാ പറഞ്ഞു.

ഏക സഭയുടെ പ്രതീകമായി “ഏക നാള ദീപം” വിശുദ്ധ നിക്കൊളാസിന്‍റെ മുന്നില്‍ കൊളുത്തിയത് അനുസ്മരിച്ച പാപ്പാ പ്രത്യാശയുടെ ഒരു ദീപം ഒത്തൊരുമിച്ചു കൊളുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു.

സഹോദരനായ ആബേലിനെ കായേന്‍ കൊന്ന ബൈബിള്‍ സംഭവം അനുസ്മരിച്ച പാപ്പാ നിരവധിയായ ആബേല്‍മാരുടെ രോദനം ഇന്ന് ദൈവത്തിങ്കലേക്കുയരുന്നുണ്ടെന്നും, “എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍ ഞാനാണോ” (ഉല്‍പ്പത്തി 4,9) എന്ന കായേന്‍റെ ചോദ്യം മദ്ധ്യപൂര്‍വ്വദേശത്തും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും ഇനിമേല്‍ ഉയരാന്‍ അനുവദിക്കാനാകില്ലെന്നും  പാപ്പാ പ്രസ്താവിച്ചു.

നിസ്സംഗത ജീവനെടുക്കുന്നുവെന്നു പറഞ്ഞ പാപ്പാ നിസ്സംഗതയാലുള്ള കൊലപാതകത്തിനെതിരായ സ്വരമായിരിക്കാനാണ്, സ്വരമില്ലാത്തവരുടെ സ്വരമാകാനാണ് തങ്ങള്‍ അഭിലഷിക്കുന്നതെന്ന് വെളിപ്പടുത്തി.

അധികാരവും സമ്പത്തും തേടുന്നവരാല്‍ ചവിട്ടിമെതിക്കപ്പെടുന്ന മദ്ധ്യപൂര്‍വ്വദേശം ഇന്നു കേഴുകയാണ്, വേദനിക്കയാണ്, മൗനം പാലിക്കയാണ്. മദ്ധ്യപൂര്‍വ്വദേശത്തിനു വേണ്ടി സമാധാനം അപേക്ഷിക്കുകയാണ്, പാപ്പാ പറഞ്ഞു.    
All the contents on this site are copyrighted ©.