2018-07-06 19:56:00

കുടിയേറ്റക്കാര്‍ക്കിടയിലെ നല്ല സമരിയക്കാരനാകാം!


കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള കുര്‍ബ്ബാനയിലെ  വചനചിന്തയുടെ  പ്രസക്തഭാഗം.

ജൂലൈ 6-Ɔο തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കുടിയേറ്റക്കാര്‍ക്കുവേണ്ടി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. കുടിയേറ്റക്കാര്‍ മെഡിറ്ററേനിയന്‍ കടന്ന് യൂറോപ്പിലേയ്ക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്ന ഇറ്റലിയുടെ പ്രവിശ്യയായ ലാമ്പദൂസ ദ്വീപിലേയ്ക്കുള്ള തന്‍റെ സന്ദര്‍ശനത്തിന്‍റെ 5-Ɔο വാര്‍ഷിക നാളിലാണ് പാപ്പാ കുടിയേറ്റക്കാര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിച്ചത്.

കുടിയേറ്റക്കാരെ തുണയ്ക്കുന്നവരും അവരുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവരും നല്ല സമറിയാക്കാരാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.  കള്ളന്മാരുടെ കൈയ്യില്‍പ്പെട്ട യാത്രികനോട് സമറിയക്കാരാന്‍ രേഖകളോ, യാത്രയുടെ കാരണമോ, ലക്ഷ്യമോ ഒന്നും ചോദിക്കാതെ ആവശ്യത്തിലായിരുന്ന മനുഷ്യനെ ശുശ്രൂഷിക്കുകയും അയാളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഈശോ പറഞ്ഞ ഈ കഥ നമുക്കും ജീവിതചുറ്റുപാടുകളില്‍ മാതൃകയാക്കാമെന്ന് പാപ്പാ വചനസമീക്ഷയില്‍ ഉദ്ബോധിപ്പിച്ചു.

എന്നാല്‍ കൈയ്യില്‍ അഴുക്കാകാതിരിക്കാനും വസ്ത്രത്തില്‍ ചുളുക്കു പറ്റാതിരിക്കാനും ആഗ്രഹിച്ച ഫരീസേയനും ലേവ്യനും പുരോഹിതനും  മുറിപ്പെട്ടു വഴിയില്‍ക്കിടക്കുന്നവനെ കണ്ടിട്ടും കാണാതെ കടന്നുപോയി. അവരോടു ക്രിസ്തു പറയുന്നു, “ബലിയല്ല ഞാന്‍ ആഗ്രഹിക്കുന്നത് കരുണയാണ്.... എന്നതിന്‍റെ അര്‍ത്ഥം നിങ്ങള്‍ പോയി പഠിക്കുവിന്‍!” (മത്തായി 9, 13).

ഭീതിതമായ സാഹചര്യങ്ങള്‍ മറികടന്ന് കുടിയേറ്റത്തില്‍ രക്ഷപ്പെട്ട് ഒരു കരയില്‍ എത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവും പ്രോത്സാഹനവും പാപ്പാ നേര്‍ന്നു. പ്രതിസന്ധികള്‍ക്കിടയിലും പ്രത്യാശയുടെ സാക്ഷികളായി പതറാതെ ജീവിതം തുടരണമെന്നും ആശംസിച്ചു. എത്തിപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന രാജ്യത്തെ സംസ്ക്കാരത്തോടും നിയമങ്ങളോടും ആദരവുള്ളവരായി അവിടെ നിങ്ങളെ ഉള്‍ച്ചേര്‍ത്ത് ജീവിതം മുന്നോട്ടു നയിക്കാനാവട്ടെ! പാപ്പാ ആശംസിച്ചു.
All the contents on this site are copyrighted ©.