2018-07-06 17:26:00

കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാന്‍ കാലംചെയ്തു


6 ജൂലൈ 2018, വത്തിക്കാന്‍ സിറ്റി
മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാന്‍ അന്തരിച്ചു. പാര്‍ക്കിന്‍സന്‍സ് രോഗവുമായി മല്ലടിച്ചാണ് അമേരിക്കയിലെ ആശുപത്രിയില്‍ ജൂലൈ 5-‍Ɔο തിയതി വ്യാഴാഴ്ച 75-Ɔമത്തെ വയസ്സില്‍ കര്‍ദ്ദിനാള്‍ ട്യുറാന്‍ അന്തരിച്ചത്.  ഫ്രാന്‍സില്‍ ബര്‍ദൂ സ്വദേശിയാണ് അന്തരിച്ച കര്‍ദ്ദിനാള്‍ ട്യുറാന്‍.

വിവിധ മതങ്ങളുമായുള്ള സഭയുടെ സംവാദപാതയില്‍ തന്‍റെ ജീവിതം  11 വര്‍ഷക്കാലം ഏറെ വിശ്വസ്തതയോടെ അദ്ദേഹം ചെലവഴിച്ചു. ഒരു പതിറ്റാണ്ടിലേറെ അദ്ദേഹം വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തിലും സേവനംചെയ്തിട്ടുണ്ട്.

2018 ഏപ്രിലില്‍ സൗദി അറേബ്യ സന്ദര്‍ശിച്ച കര്‍ദ്ദിനാള്‍ ട്യുറാന്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ മദ്ധ്യപൂര്‍വ്വദേശത്തെ സംഘട്ടനങ്ങളെ വിശേഷിപ്പിച്ചത്, “സംസ്ക്കാരങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലിത്, അറിവില്ലായ്മയും മതമൗലികവാദവും തമ്മിലുള്ള പോരാട്ടമാണിത്!”   ഭാരതത്തിലെ ഹൈന്ദവ സഹോദരങ്ങളെ കഴിഞ്ഞ ദീപാവലിനാളില്‍ പൊതുവായ കത്തിലൂടെ അഭിസംബോധനചെയ്തുകൊണ്ട് കര്‍ദ്ദിനാല്‍ ട്യുറാന്‍ പ്രസ്തവിച്ചത്, “ഹിന്ദുമതത്തിന്‍റെ ശക്തി സഹിഷ്ണുതയാണ്. ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടമാടുന്ന കലാപങ്ങള്‍ക്കു പിന്നില്‍ മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയില്ലായ്മയാണ്.”

വത്തിക്കാന്‍റെ നയന്ത്രവിഭാഗത്തില്‍ 1975 മുതല്‍ പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹത്തെ 1990-ല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്കും വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയായും നിയമിച്ചു. 2003-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തി. തുടര്‍ന്ന് വത്തിക്കാന്‍ ലൈബ്രറിയുടെ ഉത്തരവാദിത്ത്വവും സഭയുടെ ‘കമര്‍ലേന്‍ഗോ’ (Administrator of Pontifical House) പദവിയും വഹിക്കവെ 2007-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ അദ്ദേഹത്തെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Inter-religious Dialogue) പ്രസിഡന്‍റായി നിയമിച്ചു. 2013-ല്‍ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ ട്യുറാനെ ആത്മീയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൊന്തിഫിക്കല്‍ കമ്മിഷന്‍റെ അംഗമായും നിയമിച്ചു.

വ്യാഴാഴ്ച രാവിലെ സംഭവിച്ച് അദ്ദേഹത്തിന്‍റെ മരണത്തിന് രണ്ടു മാസംമുന്‍പുവരെയ്ക്കും ഏറെ കര്‍മ്മനിരതനായിരുന്നു സഭയുടെ ഈ വിശ്വസ്ത ദാസന്‍, കര്‍ദ്ദിനാല്‍ ഷോണ്‍ ലൂയി ട്യുറാന്‍! പ്രാര്‍ത്ഥനയോടെ ആന്ത്യാഞ്ജലി!
All the contents on this site are copyrighted ©.