2018-07-02 13:48:00

ചെറുവായുധങ്ങളും സമാധാനത്തിനു ഭീഷണി-ആര്‍ച്ച്ബിഷപ്പ് ഔത്സ


ചെറുതും ശക്തികുറഞ്ഞതുമായ ആയുധങ്ങള്‍ക്കെതിരായ പോരാട്ടവും അവയുടെ അനധികൃത ക്രയവിക്രയം തടയുന്നന്നതിനുള്ള പരിശ്രമവും മന്ദഗതിയിലാണെങ്കലും പുരോഗമനത്തിന്‍റെ പാതയിലാണെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

ചെറുതും രൂക്ഷതകുറഞ്ഞതുമായ ആയുധങ്ങള്‍ ഇല്ലായ്മചെയ്യുന്നതിനുള്ള കര്‍മ്മപരിപാടികള്‍ നടപ്പാക്കപ്പെട്ടതിനെയും അതിന്‍റെ ഫലങ്ങളെയുംകുറിച്ചു വിലയിരുത്തുന്നതിന്  ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, അതായത്, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, കഴിഞ്ഞയാഴ്ച സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തെ സംബോധനചെയ്യുകയായിരുന്നു ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം.

മനുഷ്യവ്യക്തിയുടെ ജീവനോടും ഔന്നത്യത്തോടുമുള്ള ആദരവ് സമാധാനസംസ്കൃതിയുടെ പരിപോഷണത്തിലൂടെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഈ കര്‍മ്മപരിപാടിക്കുള്ള പങ്ക് സുപ്രധാനമാണെന്ന ബോധ്യത്താല്‍ പരിശുദ്ധസിംഹാസാനം അതിന് എന്നും പിന്തുണ ഏകിയിട്ടുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് ഔത്സ വെളിപ്പെടുത്തി.

വികസനത്തിനും അതുപോലെതന്നെ, കൊടുംദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിനും  ലോകത്തിന്‍റെ സുരക്ഷിതാവസ്ഥ സുപ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.

സമാധാനത്തിന്‍റെ അഭാവത്തില്‍ സ്ഥായിയായ വികസനവും ഈ വികസനത്തിന്‍റെ  അഭാവത്തില്‍ സമാധാനവും സാധ്യമല്ലെന്ന സ്ഥായിയായ വികസനത്തിനായുള്ള അജന്ത 2030 വ്യക്തമാക്കിയിട്ടുള്ളതും ആര്‍ച്ച്ബിഷപ്പ് ഔത്സ അനുസ്മരിക്കുന്നു.

ചെറുതും ശക്തികുറഞ്ഞതുമായ ആയുധങ്ങളുടെ ക്രയവിക്രയം സമാധാനത്തിനും വികസനത്തിനും സുരക്ഷയ്ക്കും സുവ്യക്തമായ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
All the contents on this site are copyrighted ©.