2018-07-02 18:39:00

ക്രിസ്തുവിന്‍റെ ഹൃദയത്തില്‍ ഇടംതേടിയവര്‍!ജൂലൈ 1 ഞായര്‍, വത്തിക്കാന്‍
വേനല്‍ വെയിലില്‍ തെളിഞ്ഞുനിന്ന ദിവസമായിരുന്നു. വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ധാരാളം തീര്‍ത്ഥാടകരും സന്ദര്‍ശകരും എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരം നിറയുമാറ് ആബാലവൃന്ദം ജനങ്ങള്‍ ഒരു ഉത്സവപ്രതീതി ഉണര്‍ത്തുമാറ് കൊടിതോരണങ്ങളുമായി പാപ്പാ ഫ്രാന്‍സിസിനെയും കാത്തുനിന്നു.  മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാം നിലയുടെ രണ്ടാം ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തു. ജനങ്ങള്‍ ആനന്ദാവേശത്താല്‍ ആര്‍ത്തിരമ്പി.  ആണ്ടുവട്ടം 13-Ɔο വാരം ഞായറാഴ്ച ദിവ്യബലിമദ്ധ്യേ പാരായണം ചെയ്ത സുവിശേഷഭാഗത്തെ ആധാരമാക്കിയായിരുന്നു (മര്‍ക്കോസ് 5, 21-43) പാപ്പാ ഫ്രാന്‍സിസ് ആദ്യം സന്ദേശം നല്കിയത്.
പ്രഭാഷണം ഇങ്ങനെയാണ് ആരംഭിച്ചത്.

ജീവന്‍റെ ഘോഷയാത്ര
ക്രിസ്തു പ്രവര്‍ത്തിച്ച രണ്ട് അത്ഭുത സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷഭാഗം (മര്‍ക്കോസ് 5, 21-43). അവ ജീവന്‍റെ വിജയമായ രണ്ടു ആഘോഷമെന്നോ, ഘോഷയാത്രയെന്നോ നമുക്കു പറയാം. ജാരിയൂസ് എന്നൊരു ദേവാലയ പ്രമാണി മരിക്കാറായ തന്‍റെ 12 വയസ്സുള്ള മകളുടെ സൗഖ്യത്തിനായി ഈശോയെ സമീപിക്കുന്നതാണ് ആദ്യസംഭവം. ഈശോ അയാളുടെ വാക്കു കേട്ട്, അലിവുതോന്നി വീട്ടിലേയ്ക്ക് ഉടനെ പുറപ്പെടുന്നു. എന്നാല്‍ മാര്‍ഗ്ഗമദ്ധ്യേ ജാരൂയിസിന്‍റെ  ഭൃത്യന്മാര്‍ വന്ന്, ബാലിക മരിച്ച വിവരം അറിയിച്ചു. ആ പിതാവിന്‍റെ പ്രതികരണം ഊഹിക്കാവുന്നതാണ്. എന്നാല്‍ ഈശോ പറ‍ഞ്ഞു, ഭയപ്പെടേണ്ട, നീ വിശ്വസിക്കുക! (36). വീട്ടിലെത്തയപ്പോള്‍ ബാലികയുടെ മുറിയില്‍ തിങ്ങിനിന്നിരുന്നവരെ ഈശോ പുറത്താക്കി. എന്നിട്ട് അവിടുന്ന് കുട്ടിയുടെ മാതാപിതാക്കളോടും മൂന്നു ശിഷ്യന്മാരോടും കൂടി അകത്തു പ്രവേശിച്ചു പറഞ്ഞു. “മകള്‍ മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുകയാണ്.” എന്നി‌ട്ട് കുട്ടിയുടെ കൈക്കുപിടിച്ചിട്ട് അവിടുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. “മകളേ, എഴുന്നേല്ക്കുക!” (41). തല്‍ക്ഷണം, അവള്‍ ഒരു നീണ്ട ഉറക്കത്തില്‍നിന്നെന്നപോലെ എഴുന്നേറ്റിരുന്നു (42).

കഥയ്ക്കിടയിലെ കഥ
ഈ കഥയ്ക്കിടയില്‍ സുവിശേഷകന്‍, മര്‍ക്കോസ് സൗഖ്യദാനത്തിന്‍റെ മറ്റൊരു കഥയും പറയുന്നു. രക്തസ്രാവക്കാരിയായ ഒരു സ്ത്രീ ജനക്കൂട്ടത്തിലൂടെ ഈശോയുടെ പിന്നാലെ വിശ്വാസപൂര്‍വ്വംവന്ന് പിറകില്‍നിന്ന് അവിടുത്തെ വസ്ത്രം തൊട്ടു. പെട്ടന്ന് അവള്‍ സൗഖ്യം പ്രാപിച്ചു (27). ക്രിസ്തുവിന്‍റെ ദൈവികമായ ശക്തി മോഷ്ടിക്കാനെന്നപോലെ പിറകിലൂടെ വന്ന്, അവിടുത്തെ സ്പര്‍ശിച്ച സ്ത്രീയുടെ വിശ്വാസമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. തന്നില്‍നിന്നും ശക്തി പുറത്തേയ്ക്ക് പോയതായിട്ടാണ് ക്രിസ്തു മനസ്സിലാക്കുകയും, തന്നെ സ്പര്‍ശിച്ച സ്ത്രീയെ തിരിച്ചറിയുകയും ചെയ്യുന്നു. അപ്പോള്‍ അവള്‍ ഏറെ അപഹര്‍താബോധത്തോടും ഭീതിയോടുംകൂടെ മുന്നോട്ടു വന്ന് എളിമയോടെ തന്‍റെ ജീവിതവ്യഥ തുറന്നുപറയുകയും, വിശ്വാസം പ്രകടമാക്കുകയുംചെയ്യുന്നു. ക്രിസ്തു അവളോടു പറഞ്ഞത്,
“മകളേ, വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (34).

കഥാതന്തു - വിശ്വാസം
പരസ്പരബന്ധിയായ രണ്ടു കഥകളും കേന്ദ്രഭാഗത്ത് ഒരു കഥാതന്തുവുമാണിവിടെ. വിശ്വാസം! ജീവദാതാവായ ക്രിസ്തുവിലുള്ള വിശ്വാസം!! അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നഷ്ടമായ ആത്മീയവും ശാരീരികവുമായ ജീവന്‍ തിരികെക്കിട്ടുന്നു. കഥകളിലെ രണ്ടു വിശ്വാസത്തിന്‍റെ പ്രയോക്താക്കള്‍ - കുട്ടിയുടെ പിതാവ് ജായിരൂസും, രോഗിണിയായ സ്ത്രീയും ക്രിസ്തുവിന്‍റെ ശിഷ്യഗണത്തില്‍പ്പെട്ടവരെല്ലെങ്കിലും ആഴമായ വിശ്വാസമുള്ളവരാണ്. അവര്‍ക്ക് ക്രിസ്തുവില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ടത് നാം എല്ലാവരും വിശ്വാസപാതയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു. ആരെയും വിശ്വാസവഴികളില്‍ കടന്നുകയറ്റക്കാരായി കാണേണ്ടതില്ല, അവരെ തെറ്റുകാരോ അതിന് അവകാശമില്ലാത്തവരായോ കാണേണ്ടതില്ല.

യേശുവിന്‍റെ ഹൃദയത്തില്‍ ഇടംതേടാം
ക്രിസ്തുവിന്‍റെ ഹൃദയത്തില്‍ ഇടംതേടാന്‍ ഒന്നു ചെയ്താല്‍ മതി – സൗഖ്യം തേടുക, അവിടുന്നില്‍ പ്രത്യാശയര്‍പ്പിക്കുക! നമ്മില്‍ ആര്‍ക്കെങ്കിലും സൗഖ്യം നേടേണ്ടതുണ്ടോ? ഒരു പാപാവസ്ഥയില്‍നിന്നും അല്ലെങ്കില്‍ ഒരു പ്രതിസന്ധിയില്‍നിന്നും മോചനം നേടേണ്ടതുണ്ടോ? ഇതു പറയുമ്പോള്‍, യേശുവില്‍ നിങ്ങള്‍ക്കു വിശ്വാസമുണ്ടോ? ചിന്തിക്കേണ്ടതാണ്. ക്രിസ്തുവിന്‍റെ ഹൃദയത്തില്‍ ഇടം ലഭിക്കാന്‍ ഈ രണ്ടു കാര്യങ്ങളും ഉണ്ടായിരിക്കണം - സൗഖ്യം തേടുക, പിന്നെ അവിടുത്തെ സന്നിധിചേരുക! ജനക്കൂട്ടത്തിലായിരുന്ന രണ്ടു പേരെയും-  സിനഗോഗു പ്രമാണിയെയും രോഗിണിയായ സ്ത്രീയെയും - സമൂഹത്തില്‍നിന്നും ഈശോ അവരെ വേര്‍തിരിച്ചു വിളിച്ച്, സൗഖ്യം നല്കു്ന്നു! അവര്‍ ആള്‍ക്കൂട്ടത്തില്‍ തനിയെയായിരുന്നു എന്നിട്ടും, അവരുടെ ശോച്യമായ ജീവിതാവസ്ഥയുടെ ഏകാന്തതയില്‍നിന്നും അവരെ ഈശോ സൗഖ്യം പകര്‍ന്ന്, കരകയറ്റി. അവര്‍ ഏകാന്തതയും അപഹര്‍ഷതയും പാടെ മാറ്റി ജീവിക്കാനുള്ള ഭീതിയില്‍നിന്നും ക്രിസ്തു അവരെ പുറത്തുകൊണ്ടുവരുന്നു. വിമോചനത്തിന്‍റെ ഈ വചനവും വിമോചകന്‍റെ കടാക്ഷവും ലഭിക്കാന്‍ നാമും വിളിക്കപ്പെട്ടിരിക്കുന്നു. ഇതൊന്നുമില്ലെങ്കില്‍, അവിടുന്ന് ജീവിക്കാനുള്ള പ്രത്യാശ പകരുന്നു.

ജീവനും വിശ്വാസവും ഇഴചേര്‍ന്ന ജീവിതകഥ
ഇന്നത്തെ സുവിശേഷഭാഗത്ത് ക്രിസ്തു നല്കുന്ന ആഴമുള്ള വിശ്വാസത്തിന്‍റെയും നവജീവന്‍റെയും കഥകളാണ് ഇഴചേര്‍ന്നു കിടക്കുന്നത്. ബാലിക മരിച്ചു കിടന്നിടത്തുനിന്ന് അവിടുന്നു പറഞ്ഞു, കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുകയാണ് (വ.39). നിങ്ങളെന്തിനാണ് കരയുന്നത്? എന്നിട്ട് അവിടുന്ന വിലപിക്കുന്നവരെയും ബഹളംവെച്ചവരെയും അവിടുന്നു പുറത്താക്കി (വ.40).
യേശു കര്‍ത്താവും ദൈവവുമാണ്. അവിടുത്തേയ്ക്ക് മരണം, ഒരു ഉറക്കമാണ്. അവിടെ നിരാശയ്ക്കും കരച്ചിലിനും പ്രസക്തിയില്ല. പാപത്താല്‍ ഹൃദയകാഠിന്യം അനുഭവിക്കുന്നവര്‍ക്കാണ് മരണവും മരണചിന്തപോലും ഭീതിയായി മാറുന്നത്. നമ്മുടെ ഹൃദയം പാപാധിക്യത്താല്‍ മാനുഷിക വികാരങ്ങളോടും വേദനയോടും സ്പന്ദിക്കാതാകുമ്പോള്‍ ഭയം നമ്മെ കീഴ്പ്പെടുത്തും. എന്നാല്‍ ക്രിസ്തുവിന്‍റെ കാരുണ്യം, പിതാവിന്‍റെ കാരുണ്യം അനന്തമാണ്. ഏതവസ്ഥയിലും അത് നമുക്ക് ജീവന്‍, പുതുജീവന്‍ നല്കും! നാം വീഴുമ്പോഴും, നാം ക്രിസ്തുവിന്‍റെ ലോലമായ ശബ്ദം കേള്‍ക്കണം! മകനേ, മകളേ, എഴുന്നേല്ക്കൂ! ധൈര്യമായിരിക്കൂ!! അങ്ങനെ ക്രിസ്തു നമുക്ക് ജീവനും വിശ്വാസവും തരുന്നു!

നമ്മുടെ വിശ്വാസയാത്രയെയും നമ്മുടെ സ്നേഹത്തെയും, വിശിഷ്യാ എളിയവരോടുള്ള സ്നേഹത്തെ തുണയ്ക്കണേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ആത്മീയമായും ശാരീരികമായും വ്യഥകള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ തുണയ്ക്കണേയെന്നും പ്രാര്‍ത്ഥിക്കാം!

അഭിവാദ്യങ്ങളും ആശംസകളും
1. നിക്കരാഗ്വേയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മെച്ചപ്പെടാനും ജനായത്ത ഭരണത്തിനുള്ള മെത്രാന്മാരുടെ സംവാദത്തിന്‍റെ പാത വിജയപ്രദമാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങളെ പാപ്പാ അനുസ്മരിപ്പിച്ചു.

2. സിറിയയിലെ ഗുരുതരമായ സംഘര്‍ഷാവസ്ഥയും പാപ്പാ ഏവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. പതിറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ടിരുന്നവര്‍, ഇനിയും പീഡനങ്ങളിലാണെന്നും ദാരാ പ്രവിശ്യയിലുണ്ടായ ആക്രമണങ്ങളും, അവിടെ സ്കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെട്ട സംഭവങ്ങളും പാപ്പാ ചൂണ്ടിക്കാട്ടി. സിറിയന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

3. ചരിത്രപരമായി എത്തിയോപ്യയും എരിത്രിയയും തമ്മില്‍ നിലനിന്ന ഭിന്നത മാറി സമാധാനപാതയില്‍ നീങ്ങുന്ന കാര്യം പാപ്പാ സന്തോഷത്തോടെ പങ്കുവച്ചു. ആഫ്രിക്കന്‍ കൊമ്പുരാജ്യങ്ങളിലും, ആഫ്രിക്ക ഭൂഖണ്ഡത്തിലാകമാനവും സമാധാനവും പ്രത്യാശയും വളരാന്‍ ഇനിയും പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനംചെയ്തു.

4. തായ്-ലണ്ടിലെ ഗുഹയില്‍ ഒരാഴ്ചയോളമായി അപകടത്തില്‍പ്പെട്ടിരിക്കുന്ന യുവജനങ്ങളുടെ കൂട്ടത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഓര്‍പ്പിച്ചു.

5. തെക്കെ ഇറ്റലിയിലെ ബാരിയിലേയ്ക്ക് ജൂലൈ 7-Ɔο തിയതി ശനിയാഴ്ച നടത്തുന്ന
ഏകദിന സന്ദര്‍ശനത്തെക്കുറിച്ചും പാപ്പാ പ്രതിപാദിച്ചു. ബാരിയില്‍ വളര്‍ന്നുവരുന്ന സാമൂഹ്യപ്രതിസന്ധിയില്‍ അനുരഞ്ജനവും സമാധാനവും തേടിയുള്ള സഭകളുടെ പ്രാര്‍ത്ഥനാക്കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന്
പാപ്പാ അഭ്യര്‍ത്ഥിച്ചു.

6. യൂറോപ്പിന്‍റെയും ഇറ്റലിയുടെയും വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയവരെയും സംഘടനകളെയും പ്രത്യേകിച്ച് ജര്‍മ്മനിയില്‍നിന്നെത്തിയ ക്രിസ്തുവിന്‍റെ തിരുരക്തത്തിന്‍റെ ആത്മീയ കുടുംബത്തിലെ അംഗങ്ങളെയും പ്രത്യേകം അഭിവാദ്യംചെയ്തശേഷം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി.  തുടര്‍ന്ന് അപ്പോസ്തലിക ആശീര്‍വ്വാദവും നല്കി.

ഏവര്‍ക്കും നല്ലൊരു നാളിന്‍റെ ആശംസകള്‍ പാപ്പാ നേര്‍ന്നു! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ, എന്ന് പ്രത്യേകം അനുസ്മരിപ്പിച്ചുകൊണ്ടും, കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും മന്ദസ്മിതത്തോടെ അഭിവാദ്യംചെയ്തുകൊണ്ടുമാണ് ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.
All the contents on this site are copyrighted ©.