2018-06-28 09:10:00

മതസ്വാതന്ത്ര്യം മാനിക്കപ്പെടാന്‍ മതങ്ങള്‍ തമ്മില്‍ ഐക്യപ്പെടണം


വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി,
കര്‍ദ്ദിനാള്‍ പരോളില്‍ നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം...

മതസ്വാതന്ത്ര്യം മാനിക്കപ്പെടാന്‍ മതങ്ങള്‍ തമ്മില്‍ ഐക്യം വളര്‍ത്തണമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. റോമിലെ സാന്താ ക്രോചേ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച സംഗമത്തിലാണ് മതങ്ങള്‍ തമ്മില്‍ ഐക്യവും സൗഹാര്‍ദ്ദതയും വളര്‍ത്തിയെങ്കിലേ ലോകത്ത് മതസ്വാതന്ത്ര്യം മാനിക്കപ്പെടുകയുള്ളൂ എന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടത്.

മനുഷ്യര്‍ സ്ത്രീയും പുരുഷനും തുല്യരായിട്ടാണ് ദൈവം സൃഷ്ടിച്ചത്. ദൈവത്തോട് മനുഷ്യന്‍ എന്നും ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തോടുള്ള ആ ബന്ധം നിലനിര്‍ത്തുമാറ് അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങളില്‍ ഒന്നാണ് മതസ്വാതന്ത്ര്യം. രാഷ്ട്രങ്ങളും അവയുടെ സര്‍ക്കാരുകളും മനുഷ്യന്‍റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാന തത്വമാണ് രാജ്യാന്തര മത സ്വാതന്ത്ര്യം സംബന്ധിച്ച നിയമത്തില്‍ (International Religious Freedom Act - IRF) അടങ്ങിയിരിക്കുന്നത്. എന്നിട്ടും മതസ്വാതന്ത്ര്യം, ഖേദകരമെന്നു പറയട്ടെ എവിടെയും വ്യാപകമായി ധ്വംസിക്കപ്പെടുന്നുണ്ട്. മതസ്വാതന്ത്ര്യവും മനഃസാക്ഷിയും ലംഘിക്കപ്പെട്ട വെല്ലുവിളിയുടെ ചുറ്റുപാടികളില്‍ സന്മനസ്സുള്ള സകലരും, ഇതര മതസമൂഹങ്ങളും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി ജീവിക്കാനുള്ള മൗലിക അവാശത്തിനായി ലോകത്ത് എവിടെയും നാം ഒത്തൊരുമിക്കണമെന്നത് കത്തോലിക്കാ സഭയുടെ നിലപാടാണ്.

മതസ്വാതന്ത്ര്യം ഒരു സമൂഹത്തിനു ലഭിക്കേണ്ട മുന്‍ഗണനയോ പരിഗണനയോ അല്ല, മറിച്ച് ഓരോ വ്യക്തിക്കും സമൂഹത്തിനും ലഭ്യമാക്കേണ്ട തുല്യ അവകാശമാണ്. അതിനാല്‍ അത് തടസ്സപ്പെടുത്തുന്നത് അടിസ്ഥാന അവകാശത്തിന്‍റെ ഗൗരവകരമായ ലംഘനമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍ വളര്‍ന്നിട്ടുള്ള മുറിവുണക്കാനും വിവേചനം അകറ്റാനും മതങ്ങളും മതേതര പ്രസ്ഥാനങ്ങളും വംശീയ ജാതീയ സംഘടനകളും ഒത്തൊരുമിക്കേണ്ടതാണ്. ഭിന്നതകളും പഴയ മുറിവുകളും ഉണക്കി സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതയില്‍ മുന്നേറണമെന്നും, പരസ്പര സഹകരണത്തിലൂടെ കൂട്ടായ്മയുടെ ഒരു സംസ്കൃതി വളര്‍ത്തേണ്ട് കാലത്തിന്‍റെ അടയാളമായി കണ്ട് കൈകോര്‍ത്തു നീങ്ങണമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.  

വത്തിക്കാനിലേയ്ക്കുള്ള അമേരിക്കയുടെ സ്ഥാനപതി, ആവശ്യത്തിലായിരിക്കുന്ന സഭകളുടെ സഹായത്തിനുള്ള ഉപവിപ്രസ്ഥാനം, റോമിലെ സാന്‍ എജീഡിയോ സമൂഹം എന്നീ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച ഈ സിമ്പോസിയത്തിന്‍റെ പ്രയോക്താക്കള്‍.








All the contents on this site are copyrighted ©.