2018-06-28 20:09:00

കായികവിനോദത്തിന്‍റെ സൗകുമാര്യതയും സാമൂഹ്യപ്രതിബദ്ധതയും


ഇറ്റലിയുടെ ദേശീയ നീന്തല്‍ സഖ്യത്തിലെ 300-ല്‍ അധികം താരങ്ങളെയും പ്രസ്ഥാനത്തിന്‍റെ പരിശീലകരെയും മറ്റു പ്രവര്‍ത്തകരെയും ജൂണ്‍ 28-Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ്
ഒരു കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു.

അവരുമായി പങ്കുവച്ച കായികവിനോദത്തെക്കുറിച്ചുള്ള ചിന്തകള്‍ :

നീന്തല്‍ വ്യക്തിഗത കായികവിനോദമാണ്. എന്നാല്‍ അതിന്‍റെ പിന്നിലുള്ള കൂട്ടായ്മയുടെ ആനന്ദം വര്‍ണ്ണിക്കാനാവാത്തതാണെന്ന് ഏകകാലിക നീന്തല്‍ക്കളിയുടെ (Synchronised Swimming) മനോഹാരിത ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ വിവരിച്ചു.  നീന്തുന്നവരുടെ ഭംഗിയുള്ള ചലനങ്ങള്‍ ഏകകാലികമായി കോര്‍ത്തിണക്കി സൃഷ്ടിക്കുന്ന ജലപ്പരപ്പിലെ സൗന്ദര്യംതുളുമ്പുന്ന ദൃശ്യബിംബങ്ങള്‍ “കൂട്ടായ്മയുടെ മഹത്വീകരണ”മാണെന്ന്  (Exultation of Unity) പാപ്പാ വിശേഷിപ്പിച്ചു.  എട്ടും പത്തും നീന്തല്‍ താരങ്ങള്‍ ഏകാഗ്രതയോടും ഏകമനോസ്സോടും പരസ്പരധാരണയോടും കൂടെ മെനഞ്ഞെടുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ചലനങ്ങള്‍ക്കു പിന്നിലെ നിരന്തരമായ പരിശ്രവും കൂട്ടായ്മയുടെ സമര്‍പ്പണവും കഠിനാദ്ധ്വാനവും സമൂഹിക ജീവിതത്തിലേയ്ക്കും വ്യക്തിഗത ജീവിതങ്ങളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും പകര്‍ത്തേണ്ട മാതൃകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് മരണമടഞ്ഞ ഇറ്റലിയുടെ നീന്തല്‍ താരം നവോമിയെ പാപ്പാ പ്രഭാഷണമദ്ധ്യേ അനുസ്മരിച്ചു.

കളിയുടെയും കായികവിനോദത്തിന്‍റെയും ഭാഷയ്ക്ക് അതിര്‍വരമ്പുകളില്ല, അത് സാര്‍വ്വലൗകികമാണ്. അത് പുതിയ തലമുറയേയും സമൂഹത്തേയും സ്വാധീനിക്കാന്‍ പോരുംവിധം അന്തസ്സും ഭംഗിയുമുള്ളതാണ്. നീന്തല്‍ താരങ്ങളുടെ ക്രിയാത്മകവും സമര്‍പ്പിതവുമായ കായികാദ്ധ്വാനം സമൂഹത്തിന്‍റെയും വളരുന്ന തലമുറയുടെയും വളര്‍ച്ചയ്ക്ക് ഉതകുന്നവിധത്തില്‍ ആയിരിക്കട്ടെ, എന്ന ആശംസയോടെ പാപ്പാ ഉപസംഹരിച്ചു.








All the contents on this site are copyrighted ©.