2018-06-16 13:02:00

സര്‍വ്വാതിശായിത്വത്തിന്‍റെ സാക്ഷികളെ ലോകത്തിനാവശ്യം- പാപ്പാ


സര്‍വ്വാതിശായിത്വത്തിന്‍റെ സാക്ഷികളും ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായ വ്യക്തികളും ഇന്നത്തെ ലോകത്തിനാവശ്യമാണെന്ന് മാര്‍പ്പാപ്പാ.

1547 മുതല്‍ 1618 വരെ ജീവിച്ചിരുന്ന ധന്യയായ ഓര്‍സൊള ബെനിന്‍കാസ സ്ഥാപകയായ അമലോത്ഭവ കന്യകാമറിയത്തിന്‍റെ തെയാറ്റിന്‍ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ നൂറോളം പ്രതിനിധികളെ ശനിയാഴ്ച (16/06/18) വത്തിക്കാനില്‍ സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇത് ആവര്‍ത്തിച്ചത്.

400 വര്‍ഷം മുമ്പു ജീവിച്ചിരുന്ന ധന്യയായ ഓര്‍സൊള ബെനിന്‍കാസയുടെ ജീവിതം ക്രിസ്തു കേന്ദ്രീകൃതമായിരുന്നുവെന്നും അതാണ് ജനങ്ങളുടെ, വിശിഷ്യ, യുവജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി ജീവിക്കുന്നതിനും അവളെ പ്രാപ്തയാക്കിയതെന്നും പാപ്പാ അനുസ്മരിച്ചു.

പരമനന്മ ക്രിസ്തുവായിരിക്കുന്ന ഒരു ഘടനയാണ് തെയാറ്റിന്‍ സന്ന്യാസിനികളുടെ പ്രാര്‍ത്ഥനാജീവിതത്തിന്‍റെ അടിത്തറയെന്ന് പ്രസ്താവിച്ച പാപ്പാ  ഈ പ്രാര്‍ത്ഥന അവരെ ലോകത്തിലും ലോകത്തിന്‍റെ ആവശ്യങ്ങളിലും നിന്ന് അകറ്റി നിറുത്താതെ തന്നെ ക്രിസ്തു സ്നേഹിച്ചതു പോലയെും അവിടന്നാഗ്രഹിക്കുന്നതു പോലെയും ലോകത്തെ സ്നേഹിക്കാന്‍ അവരെ പ്രാപ്തകളാക്കുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തോട് തുറവുള്ളവരായിരിക്കുന്ന പക്ഷം പാവങ്ങളുടെയും വിശപ്പനുഭവിക്കുന്നവരുടെയും ദൈവത്തിനായി ദാഹിക്കുന്നവരുടെയും രോദനങ്ങളോടു രചനാത്മകമായി പ്രത്യുത്തരിക്കാന്‍ അവിടന്ന് സഹായിക്കുമെന്ന് പാപ്പാ ഉറപ്പുനല്കി.








All the contents on this site are copyrighted ©.