2018-06-16 17:09:00

മാനുഷികാദ്ധ്വാനത്തെ വിജയമണിയിക്കുന്ന ദൈവകൃപ


വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം 4, 26-34
 

1. ഭൂമി ആത്മീയതയുടെ ഇടനാഴിക
ഭൂമിയോളം നല്ല പാഠപുസ്തകം ഇല്ലെന്നുവേണം പറയാന്‍! മണ്ണിനെയും പരിസരത്തെയും ഹരിത പ്രപഞ്ചത്തെയും നോക്കിയിരിക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ അഭൗമികമായ എന്തോ ഒന്നു സംഭവിക്കാറില്ലേ. ഭൂമിയെയും ജീവിതപരസരങ്ങളെയും പ്രകൃതിയെയും ശ്രദ്ധിച്ചും കുരുതിയും ജീവിക്കുമ്പോള്‍ ഇവയ്ക്കിടയിലെ ആത്മീയതയിലേയ്ക്കുള്ള ഇടനാഴിക ജീവിതത്തില്‍ വെളിപ്പെട്ടു കിട്ടുമെന്നത് ഒരു സുവിശേഷമാണ്. അതുതന്നെയാണ് ക്രിസ്തു പറഞ്ഞ വിത്തിന്‍റെ ഉപമ. വിതക്കാരന്‍ വിതയ്ക്കാനായി പോയി. നിത്യനായ വിതക്കാരനെന്നാണ് ദൈവത്തെ യേശു വിശേഷിപ്പിച്ചത്. മനുഷ്യന്‍റെ ഹൃദയാന്തരാളത്തില്‍ വീഴുന്നതും ഹൃദയവയലിനെ ഊഷ്മളമാക്കുന്നതുമായ വിത്തിന്‍റെയും വിതക്കാരന്‍റെ ഉപമയില്‍ എത്രയെത്ര നല്ല പാഠങ്ങളാണ്.

2. വിത്തിന്‍റെ യോഗാത്മകത
ഒന്ന്,
ഉണര്‍വിന്‍റെ രൂപകമാണിത്. വേദപുസ്തകത്തിന്‍റെ ഭാഷയില്‍‍ ജാഗ്രത. ഒരാള്‍ ജീവിതത്തിലുടനീളം പുലര്‍ത്തേണ്ട ജാഗ്രതയുടെയും തയ്യാറെടുപ്പിന്‍റെയും ആവശ്യകതയാണ് ഓരോ വിത്തിനും മന്ത്രിക്കാനുള്ളത്. ആ ഉണര്‍വില്ലാതെ പോകുമ്പോഴാണ് ശത്രു വന്ന് കള വിതയ്ക്കുന്നത്. ഒരു സ്കൗട്ടായി പ്രവര്‍ത്തിച്ച ചെറുപ്രായത്തിലെ ആപ്തവാക്യം... തയ്യാര്‍... എന്നായിരുന്നു. എന്തു എപ്പോഴും നന്മയായി സഹോദരങ്ങള്‍ക്കു നല്കാനുള്ള തയ്യാര്‍... ഒരു ജീവിതോണര്‍വ്വ്!!

a.അവബോധവുമായി ബന്ധപ്പെട്ട വിചാരവും വിത്തു തരുന്നുണ്ട്. നിന്‍റെ ഉള്ളില്‍ ഒരു ഗൂരുബോധത്തിന്‍റെ വിത്തുണ്ട്.
ആ വിത്തുകൊണ്ട് നീ എന്തു ചെയ്തു എന്ന ചോദ്യമുണ്ട്. താലന്തിന്‍റെ കഥയൊക്കെ ഇതേ ചോദ്യത്തിന്‍റെ ആവര്‍ത്തനംതന്നെയാണ്. സ്വന്തം സാദ്ധ്യതയുടെ പൊന്‍നാണയംകൊണ്ട് നീ എന്തു ചെയ്തു? ചിലര്‍ അതുകൊണ്ട് വ്യയംചെയ്തു. മറ്റുചിലര്‍
അത് ഒളിപ്പിച്ചുവെച്ചു. ഒടുവില്‍ ഓട്ടക്കൈയോടെ നില്ക്കുന്നത് കാണുന്നില്ലേ! ഇത്തിരി സൂര്യവെളിച്ചം, ഒരുപിടി മണ്ണ്,
ഒരു കൈക്കുമ്പിളിലെ ജലം, ആ വിത്തുകളൊക്കെ എന്നേ മുളച്ചേനേ. എല്പിച്ച വിത്ത് പടുമുളയാകുന്നതിനെക്കാള്‍ മോശപ്പെട്ട മറ്റൊന്നില്ല.

b. കാത്തിരിപ്പിന്‍റെ പ്രതീകവും വിത്തുതന്നെ. മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ള വിത്തുകള്‍ പിരമിഡുകളില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതശരീരം സംസ്ക്കരിക്കുന്ന വേളയില്‍ വിത്തും ചേര്‍ത്തുവെയ്ക്കാറുണ്ട്. വായ്ക്കരി എന്ന ഹൈന്ദവരീതിയെ ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. രണ്ടായിരം വര്‍ഷം പഴക്കമുള്ളൊരു കാത്തിരിപ്പിനുശേഷം പിരമിഡില്‍നിന്ന് ലഭിച്ച വിത്തുകള്‍ നനഞ്ഞ മണ്ണിലിട്ടപ്പോള്‍ അതിന് മുളപൊട്ടിയതുപോലെ, ഈര്‍പ്പമുള്ള പുതിയ നിലങ്ങള്‍ തേടി വിത്ത് കാത്തിരിക്കുന്നു.

c. വിത്തില്‍ ഒളിഞ്ഞിരിക്കുന്ന നൈരന്തര്യത്തിന്‍റെ കഥയും ശ്രദ്ധേയം! നൈരന്തര്യം... അന്തരമില്ലായ്മയുടെ കഥ. മാറ്റമില്ലായ്മയുടെ കഥ! അത് പ്രത്യാശയുടെ കഥയാണെന്നു പറയാം. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചില സുകൃതമൂല്യങ്ങളുടെ പ്രതീകമാണ് വിത്ത്, വചനബീജം...! സദ്വാര്‍ത്തയുടെ വാഹകര്‍ രൂപപ്പെട്ടതങ്ങനെയാണ്. എന്തിനു വേണ്ടിയാണ് നസ്രത്തിലെ ആ തച്ചന്‍ ഭൂമിയുടെ അതിരുകളിലേയ്ക്ക് മനുഷ്യരെ എന്തിനാണ് പറഞ്ഞയച്ചത്, ഇന്നും പറഞ്ഞയയ്ക്കുന്നത്? ചില വിത്തുകള്‍ കൈമാറാന്‍ വേണ്ടിയാണ്. ശാഠ്യങ്ങളില്‍ നിന്നല്ല, സ്വന്തം ജീവിതത്തെ പ്രകാശിപ്പിച്ച അനുഭവങ്ങള്‍ പങ്കുവെയ്ക്കപ്പെടണമെന്ന മാനവരാശിയോടുള്ള അടിസ്ഥാനപരമായ സഹാനുഭാവത്തില്‍നിന്നാണ് സുവിശേഷപ്രഘോഷണം​ ആരംഭിക്കുന്നതും ഇന്നും തുടരുന്നതും! നാം നവസുവിശേഷവത്ക്കരണമെന്നൊക്കെ ഇന്നു പറയുന്നുണ്ടല്ലോ! വിതയ്ക്കാത്ത പാടങ്ങളിലേയ്ക്കാണ് ക്രിസ്തു തന്‍റെ ശിഷ്യരെ അയയ്ക്കുന്നത്. വിത്തിനെ, മാറ്റമില്ലാതിരിക്കുന്ന വിത്തിനെ ഉണര്‍ത്തുക, ഓര്‍മ്മിപ്പിക്കുക മാത്രമാണ് അവരുടെ ധര്‍മ്മം. മനുഷ്യന്‍ രൂപപ്പെട്ടപ്പോള്‍ത്തന്നെ അവരുടെ ഉള്ളില്‍ വിത്തു പാകപ്പെട്ടിട്ടുണ്ട്. പലരും അത് മറന്നു തുടങ്ങിയിട്ടുണ്ടാകും. അങ്ങനെ വിത്തോളം പ്രത്യാശ തരുന്ന മറ്റൊരു പദമില്ല. മരണവീടുകളില്‍ നാം പാടിക്കേള്‍ക്കാറില്ലേ! മഴ പെയ്യുമ്പോള്‍ വയലുകളില്‍ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു.... പ്രത്യാശയുടെ ചിന്തയാണിത്...!

3. ദൈവരാജ്യത്തിന്‍റെ രണ്ട് ഉപമകള്‍
ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തു പറഞ്ഞ രണ്ട് ഉപമകളാണ്.  ഒന്ന്, ആരും അറിയാതെ മുളപൊട്ടുന്ന വിത്തിന്‍റെ ഉപമയും, രണ്ടാമത്തേത്, കടുകു മണിയുടെ ഉപമയും (മാര്‍ക്ക് 4, 26-34). പ്രകൃതിയും വിത്തും വിതയുമായി ബന്ധപ്പെട്ട, മനുഷ്യജീവിതത്തിന്‍റെ മേഖലകളിലേയ്ക്കു കടന്നുകൊണ്ടാണ് ക്രിസ്തു ദൈവവചനത്തിന്‍റെയും ദൈവരാജ്യത്തിന്‍റെയും രഹസ്യങ്ങള്‍ പഠിപ്പിച്ചത്. അങ്ങനെ ക്ലേശിക്കുന്ന ജനതയ്ക്ക് പ്രത്യാശയുടേയും ജീവിത സമര്‍പ്പണത്തിന്‍റേയും വഴികള്‍ അവിടുന്നു തുറന്നുതന്നു. വിത്ത് വളരുന്ന പ്രക്രിയയെ വിവരിക്കുന്നതാണ് ആദ്യത്തെ ഉപമ.

കൃഷിക്കാരന്‍ ഉറങ്ങിയാലും ഉണര്‍ന്നാലും ഭൂമിയില്‍ വീണ വിത്ത്, അയാള്‍ അറിയാതെ തന്നെ വളര്‍ന്നു വലുതാകുന്നു. തന്‍റെ അദ്ധ്വാനം പാഴാവില്ല എന്ന ഉറപ്പിലാണ് എപ്പോഴും കര്‍ഷകന്‍ വിത്തു പാകുന്നത്. തന്‍റെ അനുദിന അദ്ധ്വാനത്തില്‍ വിത്തിന്‍റെ ഗുണത്തിലും മണ്ണിന്‍റെ മേന്മയിലും അയാള്‍ക്ക് ഉറച്ച വിശ്വാസമാണ്. ഈ ഭൂമിയില്‍ എന്നും ഫലദായകമാകുന്ന ദൈവത്തിന്‍റെ സൃഷ്ടിയുടേയും രക്ഷയുടേയും നിഗൂഢമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ക്രിസ്തുവിന്‍റെ ഈ ഉപമകള്‍. ദൈവം സ്രഷ്ടാവാണെങ്കില്‍, പ്രപഞ്ച രഹസ്യങ്ങളെ ധ്യാനിക്കുകയും ദൈവത്തിന്‍റെ സൃഷ്ടിയുടെ മനോഹാരിത ആസ്വദിക്കുകയും, ഭൂമിയുടെ ഫലഭൂയിഷ്ടിക്കായി കാത്തിരിക്കുകയും, പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുകയുംചെയ്യുന്ന ദൈവത്തിന്‍റെ എളിയ സഹകാരി ആയിരിക്കണം മനുഷ്യന്‍.

സുവിശേഷം വിവരിക്കുന്ന കൊയ്ത്തുകാലം അന്തിമവിധിയെ സൂചിപ്പിക്കുന്നതാണെന്നു വ്യാഖ്യാനിക്കാനാണ് എളുപ്പം. എന്നാല്‍ ക്രിസ്തു ഉദ്ബോധിപ്പിക്കുകയും വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൈവരാജ്യം ഇന്ന് ഇവിടെ ഭൂമിയിലും ഈ ജീവിതത്തിലും യാഥാര്‍ത്ഥ്യമാകേണ്ടതാണ്. മനുഷ്യന്‍ തന്‍റെ കഴിവിനൊത്ത് പരിശ്രമിക്കുക, ബാക്കി ദൈവത്തിനു സമര്‍പ്പിക്കുക. അവസാനം ദൈവത്തിന്‍റെ കൈയ്യിലാണ് വിളവ്, എന്ന തിരിച്ചറിവാണ് നമ്മെ നയിക്കേണ്ടത്. പ്രത്യേകിച്ച് കഷ്ടപ്പാടിന്‍റെ നാളുകളില്‍....! യഥാര്‍ത്ഥത്തില്‍ എല്ലാം ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്നതിനാല്‍, ഞാനും ദൈവത്തില്‍ ആശ്രയിച്ചു ഈ ഭൂമിയില്‍ ജീവിക്കാന്‍ പരിശ്രമിക്കാനാണ് ഉപകളിലൂടെ ക്രിസ്തു നമ്മോട് ആഹ്വാനംചെയ്യുന്നത്.

4. വലിമയാര്‍ജ്ജിക്കുന്ന ചെറുമ - ദൈവരാജ്യസന്ദേശം
വിത്തിന്‍റെ ഉപമയിലെ വിശദാംശങ്ങളിലേയ്ക്ക് കടക്കാം... ഉപമയിലെ വിത്ത്, കൃത്യമായും വളരെ ചെറിയ കടുകുമണിയാണ്. ചെറുതെങ്കിലും മണ്ണില്‍നിന്നും പൊട്ടിമുളച്ച്, ഭൂമിയിലെ ജലവും ആകാശത്തുനിന്ന് സൂര്യപ്രകാശവും ആഗിരണംചെയ്ത് അത് വളര്‍ന്ന്, “എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു,” (മാര്‍ക്ക് 4, 43). വിത്തിന്‍റെ ലാളിത്യത്തില്‍നിന്നും മെല്ലെ പൊട്ടിമുളച്ച് ചെടിയുടെ ഓജസ്സും കരുത്തും ദൃശ്യമാകുന്നു. ദൈവരാജ്യത്തിന്‍റെ യഥാര്‍ത്ഥ്യവും ഇങ്ങനെ തന്നെയാണ്. മാനുഷികമായി വളരെ ലോലമെന്നും ആത്മനാദരിദ്രമെന്നും, അതായത്... സ്വന്തമായി ആത്മവിശ്വാസമില്ലാത്തതും വളരെ നിസ്സാരവുമെന്നും ലോകം, മനുഷ്യര്‍ കരുതുമെങ്കിലും, ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നതിനാല്‍ അവ ജീവിതത്തില്‍ മെല്ലെ ദൈവകൃപയുടെ കരുത്ത് ആര്‍ജ്ജിക്കുകയും ഫലപ്രാപ്തി നേടുകുയുംചെയ്യുന്നു.

രണ്ട് ഉപമകളിലും ഒളിഞ്ഞുകിടക്കുന്ന, ക്രിസ്തു പറയുന്ന കരുത്തിന്‍റെയും, പരസ്പര വിരുദ്ധമെന്നു തോന്നുന്ന ലാളിത്യത്തിന്‍റെയും സമൃദ്ധിയുടെയും സന്ദേശം വളരെ ശ്രദ്ധേയമാണ്.  വിത്തിന്‍റെ കാമ്പില്‍നിന്നും മുളപൊട്ടി വലുതാകുന്ന അതിന്‍റെ ആന്തരികശക്തി ഒന്നില്‍ പ്രകടമാകുമ്പോള്‍, മറ്റൊന്നില്‍‍ വിത്തിന്‍റെ നിസ്സാരതയില്‍നിന്നും പൊട്ടിവളരുന്ന വലുപ്പവും ഫലസമൃദ്ധിയും നാം കാണുന്നു. സന്ദേശം വളരെ വ്യക്തമാണ്.

5. വിജയമണിയിക്കുന്ന ദൈവകൃപ
ദൈവരാജ്യം മനുഷ്യന്‍റെ സഹകരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും, മനുഷ്യനെയും അവന്‍റെ അദ്ധ്വാനത്തെയും വിജയമണിയിക്കുന്നത് ദൈവത്തിന്‍റെ ദാനവും കൃപയുമാണ്. ലോകത്തിന്‍റെ മുന്നില്‍ നമ്മുടെ കഴിവുകള്‍ നിസ്സാരമെങ്കിലും, ദൈവത്തില്‍ ആശ്രയിച്ച്, ഭയപ്പെടാതെ മുന്നോട്ടു നീങ്ങിയാല്‍, പ്രതിസന്ധികളെ മറികടന്ന് നമുക്ക് വിജയം വരിക്കാനാവും. വിത്ത് മുളപൊട്ടി, ചെടി വളര്‍ന്നു വലുതായി, ഭൂമിയില്‍ ഫലമണിയുന്നത് ദൈവകൃപയുടെ അത്ഭുതമാണ്, ദൈവരാജ്യത്തിന്‍റെ അത്ഭുതമാണ്. ചെറുമയെ വലിമയാക്കുന്ന ദൈവരാജ്യത്തിന്‍റെ അത്ഭുതം!!

അനുദിനം നാം ജീവിക്കുന്ന യാതനകളുടെയും വേദനകളുടെയും പ്രതിസന്ധികളുടെയും ജീവിതപരിസരങ്ങളില്‍ നമുക്ക് പ്രത്യാശയും ശുഭപ്രതീക്ഷയും നല്കിക്കൊണ്ട് ദൈവസ്നേഹത്തിന്‍റെ ദൃശ്യാത്ഭുതം  ഈ ഭൂമിയില്‍ ഇന്നും തുടരുകയാണ്. ലോലമായ വിത്ത് മുളപൊട്ടി വളരുന്നതുപോലെ ദൈവസ്നേഹം നമ്മില്‍ വളര്‍ന്ന് എന്നും ഫലമണിയട്ടെ! ദൈവവചനത്തിന്‍റെ നല്ല നിലമായ പരിശുദ്ധ കന്യകാമറിയം, പരിശുദ്ധ അമ്മ നമ്മെ വിശ്വാസത്തിലും പ്രത്യാശയിലും ബലപ്പെടുത്തട്ടെ!
ഈ ജീവിതയാത്രയില്‍ അനുദിനം നയിക്കട്ടെ!!








All the contents on this site are copyrighted ©.