2018-06-12 18:25:00

ബൈബിളിലെ അതിമനോഹരമായൊരു കൃതജ്ഞതാഗീതം


സങ്കീര്‍ത്തനം 138-ന്‍റെ പഠനം :

ഈപ്രക്ഷേപണത്തില്‍ 138-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ഒരു പൊതുവായ അവലോകനമാണ് നാം ശ്രവിക്കുന്നത്. സാഹിത്യഘടനയില്‍ ഒരു കൃതഞ്ജതാഗീതമാണിത്, നന്ദിയുടെ ഗീതമാണെന്ന് മനസ്സിലാക്കിയതാണ്. നാലു ഭാഗങ്ങളായി ഈ സങ്കീര്‍ത്തനപഠനത്തിലൂടെ കടന്നുപോയപ്പോള്‍ മനസ്സിലാക്കുന്നത്, സങ്കീര്‍ത്തന ശേഖരത്തിലെ ഏറ്റവും മനോഹരമായ കൃതഞ്ജതാഗീതമാണിതെന്നാണ്. ഒരു വ്യക്തിയുടെ നന്ദിപ്രകടനമാണിതെന്നും, വ്യക്തി ദാവീദുരാജാവാണെന്നും പണ്ഡിതന്മാരില്‍ അധികംപേരും നിജപ്പെടുത്തിയിട്ടുള്ളതും നാം കണ്ടു. ദൈവം നല്കിയ ഒരു പ്രത്യേക അനുഗ്രഹത്തിന് നന്ദിപറയുകയല്ല ഇവിടെ, മറിച്ച്... അനുദിന ജീവിതചുറ്റുപാടുകളി‍ല്‍ നിന്നുകൊണ്ട് സ്രഷ്ടാവും നാഥനും രക്ഷിതാവുമായ ദൈവത്തെ ഓര്‍ക്കുകയും പൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെയ്ക്കു നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണഹൃദയത്തോടെ എന്നും പറയുമ്പോള്‍, ബൈബിള്‍ ഭാഷ്യത്തില്‍ അല്ലെങ്കില്‍ ഹെബ്രായ പ്രയോഗത്തില്‍ വ്യക്തി പൂര്‍ണ്ണമായും മനസ്സാ വാചാ കര്‍മ്മണാ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു.

Recitation :
കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ ഞാനങ്ങേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു
മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു.

ഈ ഗീതം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം അനൂപ്കുമാര്‍ ജീയും സംഘവും.

Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.

നന്ദിപറയുകയെന്നത് മനുഷ്യന്‍റെ അടിസ്ഥാന വികാരമാണ്, അത് മനുഷ്യസ്വഭാവമാണ്. നന്ദിപറയുമ്പോള്‍, അല്ലെങ്കില്‍ നന്ദിപ്രകടിപ്പിക്കുമ്പോള്‍ കൃതഞ്ജതയ്ക്ക് യോഗ്യനായ വ്യക്തിയെ ​അംഗീകരിക്കുകയും, ആദരിക്കുകയുമാണ് ചെയ്യുന്നത്. എന്തിന്, നല്ലൊരു സാമൂഹ്യജീവിയുടെയും ലക്ഷണമല്ലേ, നന്ദിയുള്ളവരായിരിക്കുക എന്നത്. ഇനി, ഗായകന്‍, അല്ലെങ്കില്‍ സങ്കീര്‍ത്തകന്‍ കൃത്യമായി ചെയ്യുന്നത് – തന്നില്‍ ദൈവം വര്‍ഷിച്ചിട്ടുള്ള ചെറുതും വലുതുമായ നന്മകള്‍ക്ക് അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു. മനസ്സിലെ  നന്ദിയുടെ വികാരം ദൈവത്തിനുള്ള സ്തുതിപ്പായി പരിണമിക്കുന്നത് വാക്കുകളില്‍ ആവിഷ്ക്കരിക്കപ്പെടുകയാണ്.

കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ ഞാനങ്ങേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു
മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു.

നന്ദിയുടെ വികാരം, ഒരു പ്രഘോഷണമായി, സ്തുതിപ്പായി ഗായകന്‍റെ അധരങ്ങളില്‍ ഉയരുന്നു. നന്ദിയുള്ള മനുഷ്യന്‍റെ മനസ്സിലെയും, ഹൃദയത്തിലെയും സംതൃപ്തിയും സന്തോഷവും സ്വാഭാവികമായും അധരങ്ങളില്‍ വാക്കുകളായും വരികളായും, ഗാനമായും ഗീതമായും ഉതിര്‍ക്കൊള്ളുന്നത് ക്രിയാത്മകമായ സര്‍ഗ്ഗസൃഷ്ടിയാണ്. ഇത് നിങ്ങളുടെയും എന്‍റെയും, വളരെ സാധാരണ അനുഭവംതന്നെയാണ്. സങ്കീര്‍ത്തനരചനയും അതിന്‍റെ ചിട്ടപ്പെടുത്തലും, അതില്‍ത്തന്നെ അവസാനിക്കുന്നില്ല, നന്ദിയുടെ വികാരവുമായി ഗായകന്‍, അല്ലെങ്കില്‍ ജനം ദൈവത്തെ സ്തുതിച്ചുകൊണ്ട് ആരാധനയ്ക്കായ് ദേവാലയത്തില്‍ പ്രവേശിക്കുന്നതാണ് നമ്മെ ഇസ്രായേലിന്‍റെ മതാത്മക പശ്ചാത്തലത്തില്‍ നിരീക്ഷിക്കുന്നത്. നന്ദിയുടെ വികാരം, സ്തുതിപ്പിന്‍റെ പ്രഘോഷണവും, ആരാധനയുമായി 138-Ɔ൦ സങ്കീര്‍ത്തനം ഫലത്തില്‍, ആവിഷ്ക്കരിക്കപ്പെടുന്നത് ഈ പൊതുവായ അവലോകനത്തില്‍ ശ്രദ്ധേയമാണ്.

Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടങ്ങേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു
മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു.
ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു മുന്‍പില്‍
ശിരസ്സുനമിക്കുന്നു, ഞാന്‍ ശിരസ്സുനമിക്കുന്നു.

മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് സുവിശേഷങ്ങള്‍ വരച്ചുകാട്ടുന്ന പൂജരാജാക്കളുടെ ചിത്രമാണ്. മേജായ്. Magus – Magi…(L) ലത്തീന്‍ ഗ്രീക്ക് പ്രയോഗങ്ങളാണ് ഇംഗ്ലിഷില്‍ ബഹുവചനത്തില്‍ Magi… the three kings, wise men മൂന്നു രാജാക്കള്‍, ജ്ഞാനികള്‍, പൂജരാജാക്കള്‍ എന്നെല്ലാം  നാം പരിഭാഷപ്പെടുത്തുന്നത്. ബെതലഹേമിലെ കാലിക്കൂട്ടില്‍പ്പിറന്ന ദിവ്യഉണ്ണിയെ തേടിയെത്തിയവരാണവര്‍. രാജാക്കന്മാരുടെ എണ്ണം  സുവിശേഷം കൃത്യമായി പറയുന്നില്ലെങ്കിലും - സ്വര്‍ണ്ണം, കുന്തുരുക്കം, മീറ എന്നീ മൂന്നു കാഴ്ചദ്രവ്യങ്ങളില്‍നിന്ന് അവര്‍ മൂവ്വരായിരുന്നെന്ന നിഗമനത്തില്‍ ബൈബിള്‍ നിരൂപകന്മാര്‍ എത്തിച്ചേരുന്നു. ദിവ്യഉണ്ണിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഗ്രഹിച്ചിട്ട്, അവിടുത്തെ വണങ്ങാനും ആരാധിക്കാനുമായി ബെതലഹേമിലേയ്ക്ക് കിഴക്കുനിന്നും ജ്ഞാനികളെത്തി, എന്നു രേഖപ്പെടുത്തിയിരിക്കുന്നത് മത്തായിയുടെ സുവിശേഷമാണ് (മത്തായി 2, 1-12). തീര്‍ച്ചയായും, ഈ പുതിയനിയമ പ്രതിപാദ്യവിഷയത്തിന്‍ അതിന്‍റേതായ പഴയനിയമ സംബന്ധവും കണ്ടെത്താവുന്നതാണ്. (ഏശയ 60, 3... സങ്കീര്‍ത്തനം 68, 29... 72, 10).  “ജനതകള്‍ അവിടുത്തെ പ്രകാശത്തിലേയ്ക്കും, രാജാക്കന്മാര്‍ അങ്ങേ ഉദയ ശോഭയിലേയ്ക്കും കടന്നുവരും” (ഏശയ 60, 3). “അങ്ങയുടെ ജരൂസലേമിലെ ആലയത്തിലേയ്ക്ക് രാജാക്കന്മാര്‍ അങ്ങേയ്ക്കുള്ള കാഴ്ചകള്‍ കൊണ്ടുവരുന്നും…” (സങ്കീര്‍ത്തനം 68, 29). “താര്‍ഷീഷിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ അവിടുത്തേയ്ക്കു കപ്പംകൊടുക്കട്ടെ!” (സങ്കീ. 72, 10).

പൂജരാജാക്കളെക്കുറിച്ച് പണ്ഡിതന്മാര്‍ സൃഷ്ടിക്കുന്ന വിവാദങ്ങളെക്കുറിച്ചോ അഭിപ്രായ ഭിന്നതകളെക്കുറിച്ചോ ഇവിടെ പഠിക്കുന്നില്ല, പകരം അവരുടെ മനോഭാവത്തിലേയ്ക്കും, മനസ്സില്‍ ഉയരുന്ന നന്ദിയുടെയും സ്തുതിപ്പിന്‍റെയും വികാരം, എപ്രകാരം അവരുടെ പ്രവൃത്തിയില്‍ കാഴ്ചയായും സ്തുതിപ്പായും, പിന്നെ അതിന്‍റെ ഉച്ചസ്ഥായിയില്‍ ആരാധനയായും പരിണമിക്കുന്നു എന്നൊരു നിരീക്ഷണം മാത്രമാണ്. രക്ഷകനായ രാജാവ്, ഇസ്രായേലിന്‍റെ രാജാവ്, രാജാധിരാജന്‍ ജനിച്ചിരിക്കുന്നുവെന്ന് അറിഞ്ഞിട്ട്, പൂജരാജാക്കള്‍ ദീര്‍ഘയാത്രചെയ്ത് പുല്‍ക്കൂട്ടിലെത്തി ഉണ്ണിയെ വണങ്ങി ആരാധിക്കുന്നു.  “രാജാക്കള്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി  കാണുകയും അവിടുത്തെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു.” (മത്തായി 2, 11). എന്നാണ് സുവിശേഷകന്‍ കുറിക്കുന്നത്.  കുമ്പിട്ട്, ആരാധിച്ചു... രാജാക്കന്മാരുടെ
ഈ രണ്ടു ചേഷ്ടകള്‍, ചെയ്തികള്‍ ഈശോയുടെ ജനനത്തെക്കുറിച്ചുള്ള മറ്റു സുവിശേഷകന്മാരുടെ പ്രതിപാദ്യങ്ങളും കൂട്ടിവായിക്കുകയാണെങ്കില്‍ ഹെബ്രായ-യഹൂദ-ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ നിലവിലുള്ള നന്ദിയുടെയും സ്തുതിപ്പിന്‍റെയും പ്രകരണങ്ങളുടെയും വികാരം മനസ്സിലാക്കാന്‍ സാധിക്കും. യൂറോപ്പിലും, തുര്‍ക്കിയിലുമുള്ള പൂജരാജാക്കളെ സംബന്ധിച്ച ആദ്യനൂറ്റാണ്ടുകളിലെ ചിത്രീകരണങ്ങള്‍ വളരെ പ്രശസ്തമാണ്. ക്രിസ്തുവിന്‍റെ മുന്നില്‍ രാജാക്കള്‍ മുട്ടുമടക്കുന്നത് അവിടുന്ന് രക്ഷകനായ ദൈവമാണെന്ന കരുതലോടെയാണ്. ഏതു പാരമ്പര്യത്തിലായാലും മുട്ടുമടക്കുന്നത് ബഹുമാനം മാത്രമല്ല, ആരാധനയുടെയും സ്തുതിപ്പിന്‍റെയും, സര്‍വ്വോപരി വിശ്വാസത്തിന്‍റെയും പ്രകടനമാണ്.  തീര്‍ന്നില്ല, ആരാധനയുടെ ഒരു പടികൂടി ഉയര്‍ന്ന അവസ്ഥയും ഉച്ചസ്ഥായിയുമാണ് കാഴ്ചകള്‍ സമര്‍പ്പിക്കുന്നത്. സങ്കീര്‍ത്തന പാരമ്പര്യത്തില്‍ പ്രകടമാക്കപ്പെടുന്നത്, വ്യക്തവുമാക്കപ്പെടുന്നത്, ദൈവത്തിന്‍റെ മുന്നിലുള്ള മനുഷ്യന്‍റെ പരമമായ ആരാധനയുടെ ചേതോവികാരമാണ് ഈ പുരാതന ചിത്രീകരണങ്ങള്‍ വ്യക്തമാക്കുന്നത്.

ഇനിയും ഇസ്രായേലിന്‍റെ പാരമ്പര്യത്തിലേയ്ക്ക് തിരിയുമ്പോള്‍ ദൈവത്തെ സ്തുതിച്ച് കര്‍ത്തൃസന്നിധിയിലെത്തുന്ന ജനം, ദേവാലയത്തില്‍ അവിടുത്തെ ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്നു... തുടര്‍ന്ന്, കാഴ്ചയര്‍പ്പിക്കുന്നു, ബലിയര്‍പ്പിക്കുന്നു. സ്രഷ്ടാവും പരിപാലകനും നാഥനുമായ യാഹ്വേയെ ആരാധിക്കുന്നു. 138-Ɔ൦ സങ്കീര്‍ത്തനപദങ്ങളും ദൈവത്തെയാണ് സ്തുതിക്കുന്നതും, പാടിപ്പുകഴ്ത്തുന്നതും കാഴ്ചകള്‍ അര്‍പ്പിക്കുന്നതും, ബലിയര്‍പ്പിക്കുന്നതും. പുതിയനിയമത്തിലെ നന്ദിയുടെയും സ്തുതിപ്പിന്‍റെയും രക്ഷകരബലിയിലേയ്ക്ക്  138-Ɔ൦ ഗീതം വിരല്‍ചൂണ്ടുന്നത് പദങ്ങളില്‍ ശ്രദ്ധേയമാണ്.  ക്രിസ്തുവിന്‍റെ കാല്‍വരിയിലെ പരമയാഗത്തിന്‍റെ വിശ്വാസ പ്രഖ്യാപനംതന്നെ!   

Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
ദൈവമേ, എന്നെക്കുറിച്ചങ്ങേയ്ക്കുള്ള നിശ്ചയം നിറവേറും
കര്‍ത്താവേ, അങ്ങേ കാരുണ്യം അനന്തമാണ്.
അങ്ങയുടെ സൃഷ്ടിയെ ഒരുനാളും ഉപേക്ഷിക്കരുതേ
ഉപേക്ഷിക്കരുതേ, അങ്ങൊരിക്കലും ഉപേക്ഷിക്കരുതേ.

മോശയുടെ കാലത്ത് ലേവ്യരുടെ ഗ്രന്ഥത്തിലാണ് കൃതഞ്ജതാബലിയര്‍പ്പണത്തെക്കുറിച്ച് പഴയനിയമത്തില്‍ ആദ്യമായി കൃതജ്ഞതാപ്രകടനം പ്രതിപാദിക്കപ്പെടുന്നത്. എന്നാല്‍ ഇസ്രായേലിലെ സങ്കീര്‍ത്തന പാരമ്പര്യം അവരുടെ ദേവാലയ ശുശ്രൂഷകളില്‍ വളരെ സാധാരണമാണ്. വിശുദ്ധ ഗ്രന്ഥത്തിലെ 20-ല്‍ അധികം സങ്കീര്‍ത്തനങ്ങള്‍ നന്ദിയുടെയും സ്തുതിപ്പിന്‍റെയും പ്രകരണങ്ങളാണ്. അതില്‍ മനോഹരമായ ഒന്നാണ് 138-‍Ɔ൦ സങ്കീര്‍ത്തനം എന്ന് പറയേണ്ടതില്ല! നെഹേമിയായുടെയും ദാവീദിന്‍റെയും കാലത്താണ് ജരൂസലത്തും ഇസ്രായേല്‍ ജനത്തിനിടയിലും കൃതജ്ഞതയുടെ പരാമര്‍ശങ്ങള്‍ കൂടുതല്‍ കാണുന്നത്. വാഗ്ദത്ത പേടകം ദാവീദു രാജാവ് ദേവാലയത്തിന്‍റെ സ്ഥാപിക്കുന്നതോടെ കൃതജ്ഞതാഗീതങ്ങളുടെയും, നന്ദിയുടെ സങ്കീനങ്ങളുടെയും പാരമ്പര്യം ഉടലെടുക്കുന്നു.

സങ്കീര്‍ത്തകനും ഗായകനും കിന്നരവാദ്യക്കാരനുമായി പഴയനിയമം ചിത്രീകരിക്കുന്ന ദാവീദുരാജാവിന്‍റെ ജീവിതസായാഹ്നത്തില്‍ ദൈവത്തെ സ്തുതിക്കാനും നന്ദിയര്‍പ്പിക്കുവാനുമുള്ള ഉത്തരവാദിത്ത്വം ലേവ്യരെ ഏല്പിച്ചുകൊണ്ടും, തന്‍റെ ആയുസ്സിനു ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ടുമാണ് അദ്ദേഹം ചരിത്രത്തില്‍നിന്നും പിന്‍വാങ്ങുന്നത്. അങ്ങനെ, ദാവീദിന്‍റെ ഗീതമെന്ന് അറിയപ്പെടുന്ന മനോഹരമായ 138-Ɔ൦ ഗീതം... ആരംഭിച്ചതുപോലെതന്നെ, അവസാനത്തിലും ദാവീദുരാജാവിനെ അനുസ്മരിച്ചുകൊണ്ട് പൊതുവായ ഈ അവലോകനം ഉപസംഹരിക്കുന്നു.  
Musical Version Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
ദൈവമേ, അങ്ങേ കാരുണ്യവും വിശ്വസ്തതയുമോര്‍ത്തു
ഞാന്‍  നന്ദിയര്‍പ്പിക്കുന്നു.
അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
‍ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ച നാളില്‍
അങ്ങെനിക്കുത്തരമരുളി.

 








All the contents on this site are copyrighted ©.