2018-06-04 19:08:00

“ഒരുക്കം” ദിവ്യകാരുണ്യത്തിന്‍റെ മൗലിക സന്ദേശം


ജൂണ്‍ 3-Ɔο തിയതി ഞായറാഴ്ച സായാഹ്നത്തില്‍ റോമിന്‍റെ പടിഞ്ഞാറന്‍ പ്രാന്തത്തില്‍ ഓസ്തിയ എന്ന സ്ഥലത്തെ വിശുദ്ധ മോനിക്കയുടെ നാമത്തിലുള്ള ഇടവകയില്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അധികവും പാവങ്ങള്‍ പാര്‍ക്കുന്ന അതിരുകളിലെ ഇടവകയേലേയ്ക്ക് കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിക്കാന്‍ പാപ്പാ ഇക്കുറി പുറപ്പെട്ടത് തന്‍റെ ഭദ്രാസന ദേവാലയത്തിലെ ആഘോഷങ്ങള്‍ മാറ്റിവച്ചിട്ടാണ്. വിശുദ്ധ മര്‍ക്കോസ് വിവിരിക്കുന്ന അന്ത്യത്താഴ വരുന്നിനെ സംബന്ധിച്ച സുവിശേഷഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത് (മര്‍ക്കോസ് 14, 12-16, 22-26).

വിരുന്നിനെക്കാള്‍ അധികമായ ഒരുക്കം
അന്ത്യത്താഴ വിരുന്നിനെക്കാള്‍ അധികമായി വിരുന്നിനുള്ള ഒരുക്കത്തെക്കുറിച്ചാണ് ഈശോ സുവിശേഷഭാഗത്ത് ശിഷ്യാന്മാരെ ധരിപ്പിക്കുന്നതെന്ന കാര്യം പാപ്പാ ആമുഖമായി ചൂണ്ടിക്കാട്ടി. ഒരുങ്ങുക... എന്ന ക്രിയ അവിടുത്തെ പരസ്യജീവിത സംഭവങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത് പാപ്പാ വിവരിച്ചു. അങ്ങയോടൊപ്പെ പെസഹാ ഭക്ഷിക്കാന്‍ എവിടെയാണ് ഇടം ഒരുക്കേണ്ടതെന്ന് ശിഷ്യന്മാര്‍ ചോദിക്കുന്നു (മര്‍ക്കോസ് 14, 12). പെസഹായ്ക്കായി ഒരുക്കിയ ഒരു മേല്‍മുറി ഉള്ളിടം ക്രിസ്തു ചൂണ്ടിക്കാണിക്കുന്നു (15).

ഈശോ ഒരുക്കിയ ഇടങ്ങളും വിരുന്നുകളും
മീന്‍പിടിക്കാന്‍ പോയ ശിഷ്യന്മാര്‍ക്കു ഉത്ഥാനാനന്തരം പ്രത്യക്ഷപ്പെടുന്ന ക്രിസ്തു അവര്‍ക്കായി തീരത്ത് പ്രാതല്‍ ഒരുക്കിയിരുന്നു. എന്നാല്‍ അവര്‍ പിടിച്ച മീനും കൊണ്ടുവന്ന് വിരുന്നൊരുക്കാന്‍ ക്രിസ്തു ശിഷ്യരോട് ആവശ്യപ്പെട്ടു. താന്‍ മുന്‍കൂട്ടി ഒരുങ്ങുകയും, ശിഷ്യരെ ഒരുക്കുകയും പങ്കുചേര്‍ക്കുകയും സഹകരിപ്പിക്കുകയും ചെയ്യുന്നു (യോഹ. 21, 6-9). സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ്, ശിഷ്യന്മാര്‍ക്കായി അവിടുന്ന് ഒരു സ്ഥലം ഒരുക്കാന്‍ പോകയാണെന്നു പറയുന്നുണ്ട്. അങ്ങനെ താന്‍ ആയിരിക്കുന്നിടത്ത് ശിഷ്യന്മാരും ആയിരിക്കണമെന്ന ആഗ്രഹം അവിടുന്നു പ്രകടമാക്കി. തന്‍റെ പരസ്യജീവിതത്തില്‍ പെസഹായക്കു മുന്‍പ് എന്നും ആവശ്യമായ ഒരുക്കത്തെക്കുറിച്ചും, തയ്യാറെടുപ്പിനെയും ജാഗ്രതയെയും കുറിച്ച് അവിടുന്ന് ഉപമകളിലൂടെ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു (cf. മത്തായി 24, 44.., ലൂക്ക 12, 40). ക്രിസ്തു നമുക്കായി എല്ലാം ഒരുക്കുക മാത്രമല്ല, ജീവിതത്തില്‍ ഒരുങ്ങണമെന്ന് നമ്മെയും പഠിപ്പിക്കുന്നു. അവിടുന്ന് അന്ത്യത്താഴത്തിനുള്ള വിസ്തൃതമായ സ്ഥലവും ഭക്ഷണവും ഒരുക്കി. അവിടുന്ന് സകലര്‍ക്കും ഇടമുള്ള ഒരു സഭയെ നമുക്കായി ഒരുക്കിത്തന്നു. സ്ഥലത്തിനു പുറമെ ഭക്ഷണവും ഒരുക്കി. ഭക്ഷണം അവിടുന്നുതന്നെയാണ്. “ഇതു വാങ്ങി ഭക്ഷിക്കുവിന്‍, ഇത് നിങ്ങള്‍ക്കായി മുറിക്കപ്പെടുന്ന എന്‍റെ ശരീരമാകുന്നു!” (മര്‍ക്കോസ് 14, 22).

സകലരെയും സ്വീകരിക്കുന്ന ഇടങ്ങള്‍ ഒരുക്കാം
ഭക്ഷിക്കാന്‍ ഒരിടവും ഭക്ഷണവും ജീവിതത്തിന് അടിസ്ഥാനമാണ്. ഈ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി – പാര്‍ക്കാന്‍ ഒരിടവും, ഭക്ഷിക്കാന്‍ ആഹാരവും തേടി അലയന്നുവര്‍ ഇന്ന് എത്രയോ പേരാണ്? സ്വയം ഇടം തേടാനും അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അന്യര്‍ക്ക് പ്രവേശനമില്ലാത്ത ഇടങ്ങളല്ല, എന്നാല്‍ സകലരെയും സ്വീകരിക്കുന്ന ഇടങ്ങള്‍ സ്വന്തമാക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. അവിടം പാവങ്ങളും പരിത്യക്തരും എത്തിപ്പെടാവുന്ന ഇടമായിരിക്കണം. അവരെ ഉള്‍ക്കൊള്ളുന്ന ഇടമായിരിക്കണം അതെന്ന് ഈശോ നിഷ്ക്കര്‍ഷിക്കുന്നുണ്ട്.

ഹൃദയകവാടങ്ങള്‍ സഹോദരങ്ങള്‍ക്കായ് മലര്‍ക്കെ തുറക്കാം
സ്നേഹവും പ്രത്യാശയും എത്തിപ്പെടാത്ത ഇടങ്ങളല്ല, അവിടുന്ന് ആഹ്വാനംചെയ്യുന്നത് സ്നേഹവും പ്രത്യാശയും പങ്കുവയ്ക്കുന്ന ഇടങ്ങള്‍ കണ്ടെത്താനാണ്. നമ്മില്‍ എളിയവര്‍ക്കായി ഇടം തേടാന്‍ ഈശോ ആവശ്യപ്പെടുന്നു. അവിടുന്ന തന്‍റെ ശരീരരക്തങ്ങള്‍ നമുക്കായി പകുത്തു തന്നതുപോലെ അവര്‍ക്കായി അപ്പം മുറിക്കാനും, അവര്‍ക്കായി ഇടമൊരുക്കാനും, നമ്മുടെ ഹൃദയകവാടങ്ങള്‍ എളിയവര്‍ക്കായി എപ്പോഴും തുറന്നിടണമെന്നും അവിടുന്നു പഠിപ്പിക്കുന്നു.  നിസംഗതയുടെ വാതില്‍ തട്ടിത്തുറക്കാനും, നിയമത്തിന്‍റെയും നീതിയുടെയും വാതിലുകള്‍ സാമൂഹിക നന്മയ്ക്കായി തുറക്കപ്പെടണമെന്നും വചനചിന്തയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.