2018-06-04 12:33:00

ത്രികാലജപ സന്ദേശം: കര്‍ത്താവിന്‍റെ തിരുമാംസനിണങ്ങള്‍


ഈ ഞായറാഴ്ച (04/06/18) നീലാംബരക്കുടക്കീഴെ അരുണകിരണങ്ങളാല്‍ കുളിച്ചു നിന്ന വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വിവിധരാജ്യാക്കാരായിരുന്ന പതിനയ്യായിരത്തോളം വിശ്വാസികള്‍ സന്നിഹിതരായിരുന്നു. അര്‍ക്കാംശുക്കളുടെ ശക്തമായ താപത്തില്‍ നിന്ന് രക്ഷനേടുന്നതിന് പലരും പലവര്‍ണ്ണക്കുടകള്‍ ചൂടിയിരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ ആവേശത്തിരതള്ളലില്‍ പൊരിവെയിലിന്‍റെ താപം മറന്ന് ജനങ്ങള്‍ കൈയ്യടിച്ചും ആരവങ്ങളുയര്‍ത്തിയും  പാപ്പായെ വരവേറ്റു. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(03/06/18) ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് ക്രിസ്തുവിന്‍റെ തിരുമാംസരക്തങ്ങളുടെ തിരുന്നാള്‍ ആയിരുന്നതിനാല്‍ ഈ തിരുന്നാള്‍ക്കുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, മര്‍ക്കോസിന്‍റെ സുവിശേഷം 14-Ↄ○ അദ്ധ്യായം 12-16 വരെയും 22-26 വരെയുമുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഇറ്റലിയുള്‍പ്പടെ നിരവധി നാടുകളില്‍ ഇന്ന് ക്രസ്തുവിന്‍റെ തിരുശരീരരക്തങ്ങളുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നു. ഈ തിരുന്നാള്‍ ലത്തീന്‍ ഭാഷയില്‍ അറിയപ്പെടുന്നത് “കോര്‍പൂസ് ദോമിനി” (CORPUS DOMINI)എന്നാണ്. തന്‍റെ ശിഷ്യരുമൊത്തുള്ള അന്ത്യഅത്താഴ വേളയില്‍ യേശു പറഞ്ഞ വാക്കുകള്‍ സുവിശേഷം അവതരിപ്പിക്കുന്നു: “ഇതു സ്വീകരിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്...(മര്‍ക്കോസ് 14,22) അവിടന്ന് വീണ്ടും അരുളി ചെയ്യുന്നു “ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്” (മര്‍ക്കോസ് 14,24). സ്നേഹത്തിന്‍റെ ഈ ഒസ്യത്തു മൂലമാണ് ക്രൈസ്തവ സമൂഹം ഓരോ ഞായറാഴ്ചയും എല്ലാ ദിനങ്ങളിലും ക്രിസ്തുവിന്‍റെ   രക്ഷാകര ബലിയുടെ കൂദാശയായ ദിവ്യകാരുണ്യത്തിനു ചുറ്റും സമ്മേളിക്കുന്നത്. അവിടത്തെ യഥാര്‍ത്ഥ സാന്നിധ്യത്താല്‍ ആകര്‍ഷിതരായി  ക്രൈസ്തവര്‍, അവിടത്തെ ശരീരമായിത്തീര്‍ന്ന അപ്പത്തിന്‍റെ എളിയ അടയാളത്തിലൂടെ അവിടത്തെ  ആരാധിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു.

ഓരോ തവണയും വിശുദ്ധകുര്‍ബാന ആഘോഷിക്കുമ്പോള്‍ ഈ കൂദാശയിലൂടെ നാം പുതിയ ഉടമ്പടിയുടെ അനുഭവത്തിലേക്കു പ്രവേശിക്കുകയാണ്. ദൈവവും നമ്മളും തമ്മിലുള്ള കൂട്ടായ്മയിലൂടെയാണ് ഇത് പൂര്‍ണ്ണമായി സാക്ഷാത്ക്കരിക്കപ്പെടുന്നത്. നാം ചെറിയവരും ദരിദ്രരരുമാണെങ്കില്‍ത്തന്നെയും ഈ ഉടമ്പടിയില്‍ പങ്കാളികളെന്ന നിലയില്‍, ദൈവഹിതാനുസാരം ചരിത്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയില്‍ സഹകരിക്കുന്നു. ആകയാല്‍, ഓരോ ദിവ്യകാരുണ്യാഘോഷവും ദൈവത്തിനുള്ള പരസ്യാരാധനയായിരിക്കുമ്പോള്‍ തന്നെ നമ്മുടെ ജീവിതവും നമ്മുടെ അസ്തിത്വത്തിന്‍റെ  സമൂര്‍ത്തങ്ങളായ സംഭവങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുന്നു. ക്രിസ്തുവിന്‍റെ  തിരുശരീരരക്തങ്ങളാല്‍ പോഷിതരാകുമ്പോള്‍ നാം അവിടത്തോടു അനുരൂപരാകുകയും അവിടത്തെ സ്നേഹം നാം, നമുക്കായി മാത്രം കാത്തുസൂക്ഷിക്കാനല്ല, പ്രത്യുത, മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന്, സ്വീകരിക്കുകയും ചെയ്യുന്നു. ഇതാണ് ദിവ്യകാരുണ്യത്തില്‍ അന്തര്‍ലീനമായ യുക്തി: കര്‍ത്താവിന്‍റെ സ്നേഹം നാം സ്വീകരിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇതാണ് ദിവ്യാകരുണ്യ യുക്തി. മുറിക്കപ്പെടുകയും നല്കപ്പെടുകയും ചെയ്ത അപ്പവും നമ്മുടെ രക്ഷയ്ക്കായി ചിന്തപ്പെട്ട രക്തവുമായ യേശുവിനെ നാം ധ്യാനിക്കുന്നത് ഈ ദിവ്യകാരുണ്യത്തിലാണ്. നമ്മുടെ സ്വാര്‍ത്ഥ മനോഭാവങ്ങളെ ദഹിപ്പിക്കുകയും ലഭിക്കുമ്പോള്‍ മാത്രം നല്കുന്ന പ്രവണതയില്‍ നിന്ന് നമ്മെ ശുദ്ധീകരിക്കുകയും യേശുവുമായുള്ള ഐക്യത്തില്‍ സഹോദരങ്ങള്‍ക്കായി മുറിക്കപ്പെട്ട അപ്പവും ചിന്തപ്പെട്ട നിണവുമായിത്തീരാനുള്ള അഭിവാഞ്ഛ നമ്മില്‍ ജനിപ്പിക്കുകയും ചെയ്യുന്ന അഗ്നിസമാനമാണ് അവിടത്തെ ദിവ്യകാരുണ്യസാന്നിധ്യം.

ആകയാല്‍ “കോര്‍പ്പൂസ് ദോമിനി” തിരുന്നാള്‍ ക്രിസ്തുവിലേക്കുള്ള ആകര്‍ഷണത്തിന്‍റെയും അവിടുന്നില്‍ രൂപാന്തരപ്പെടുത്തപ്പെടുന്നതിന്‍റെയും രഹസ്യമാണ്. സമൂര്‍ത്തവും ക്ഷമയുള്ളതും, യേശു കുരിശില്‍ യാഗമായതുപോലെ, ബലിയായിത്തിര്‍ന്നതുമായ സ്നേഹത്തിന്‍റെ പാഠശാലയാണത്. മറ്റുള്ളവരെ ഉപരിസ്വാഗതം ചെയ്യുന്നവരും മനസ്സിലാക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരും സഹായവും പ്രചോദനവും തേടുന്നവരും പാര്‍ശ്വവത്കൃതരും ഒറ്റപ്പെടുത്തപ്പെട്ടവരുമായവരെ സഹായിക്കാന്‍ സദാ സന്നദ്ധരും ആയിത്തീരാന്‍ ഈ തിരുന്നാള്‍ നമ്മെ പഠിപ്പിക്കുന്നു. ജീവിക്കുന്ന യേശുവിന്‍റെ ദിവ്യകാരുണ്യസാന്നിധ്യം ഒരു കവാടം പോലെയാണ്. അതായത്, ദേവാലയത്തിനും വീഥിക്കുമിടയില്‍, വിശ്വാസത്തിനും ചരിത്രത്തിനുമിടയില്‍, ദൈവത്തിന്‍റെ നഗരത്തിനും മനുഷ്യന്‍റെ നഗരത്തിനുമിടിയില്‍ തുറന്നുകിടക്കുന്ന ഒരു വാതില്‍ പോലെയാണ്.

വിശുദ്ധ കുര്‍ബ്ബാനയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണമാണ് സമാന്യജനത്തിന്‍റെ ദിവ്യകാരുണ്യ ഭക്തിയുടെ അടയാളം. ഈ തിരുന്നാളില്‍ നിരവധി രാജ്യങ്ങളില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുന്നു. ഞാനും ഇന്നു സായാഹ്നത്തില്‍ ഓസ്തിയായില്‍, വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 50 വര്‍ഷം മുമ്പ് ചെയ്തതുപോലെ, ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് ഏറ്റം പരിശുദ്ധ കൂദാശയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടാകും. റേഡിയോ ടെലവിഷന്‍ മാദ്ധ്യമങ്ങളിലൂടെ ആദ്ധ്യാത്മികമായും ഇതില്‍ പങ്കുചേരാന്‍ ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. പരിശുദ്ധ കന്യകാമാതാവ് ഈ ദിനത്തില്‍ നമുക്ക് തുണയാകട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ദൈവിക സ്നേഹത്തിന്‍റെ ക്രൂശിതമറിയം

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ദൈവിക സ്നേഹത്തിന്‍റെ ക്രൂശിതമറിയം ശനിയാഴ്ച (02/06/18) തെക്കെ ഇറ്റലിയിലെ നാപ്പൊളിയില്‍, അഥവാ, നേപ്പിള്‍സില്‍ വാഴ്‍ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

തിരുഹൃദയത്തിന്‍റെ അപ്പസ്തോല സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപകയും, ആ കാലഘട്ടത്തില്‍ മരിയ ഗര്‍ഗാനി എന്ന്  വിളിക്കപ്പെട്ടിരുന്നവളുമായ നവവാഴ്ത്തപ്പെട്ടവള്‍ വിശുദ്ധ പാദ്രെ പീയൊയുടെ ആദ്ധ്യാത്മിക പുത്രിയായിരുന്നുവെന്ന് പാപ്പാ പറ‍ഞ്ഞു. വിദ്യാലയ-ഇടവക തലങ്ങളില്‍ യഥാര്‍ത്ഥ  പ്രേഷിതയായിരുന്ന വാഴ്ത്തപ്പെട്ട ദൈവിക സ്നേഹത്തിന്‍റെ ക്രൂശിതമറിയത്തിന്‍റെ  മാതൃകയും പ്രാര്‍ത്ഥനയും അവളുടെ അദ്ധ്യാത്മിക പുത്രികള്‍ക്കും സകല വിദ്യാദായകര്‍ക്കും സഹായകമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

നിക്കരാഗ്വയ്ക്ക് വേണ്ടി പാപ്പായുടെ പ്രാര്‍ത്ഥന

തദ്ദനന്തരം പാപ്പാ മദ്ധ്യഅമേരിക്കന്‍ നാടായ നിക്കരാഗ്വയില്‍ പ്രസിഡന്‍റ് ദാനിയേല്‍ ഒര്‍ത്തേഗയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ രൂക്ഷമാകുകയും സംഘര്‍ഷത്തില്‍ അനേകര്‍ മരണമടയുകയും മറ്റനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നതില്‍ ദുഃഖം രേഖപ്പെടുത്തി.

സംഘര്‍ഷങ്ങള്‍ക്കിരകളായവര്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ച പാപ്പാ, സഭ എന്നും സംഭാഷണത്തിനു വേണ്ടി നിലകൊളളുന്നുവെന്നും ഇതിന് സ്വാതന്ത്ര്യത്തെ, സര്‍വ്വോപരി ജീവനെ, ആദരിക്കുന്ന രചനാത്മകമായ പരിശ്രമം ആവശ്യമാണെന്നും പറഞ്ഞു.

സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിക്കുന്നതിനും സംഭാഷണം ഉടന്‍ പുനരാരംഭിക്കുന്നതിന് അനുകൂല സാഹചര്യങ്ങള്‍ ഉടന്‍ സംജാതമാകുന്നതിനും വേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചു.    

തുടര്‍ന്ന് പാപ്പാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളി‍ല്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തു.

വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ ചരമവാര്‍ഷികദിനമായ ജൂണ്‍ 3ന് അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ഉത്തര ഇറ്റലിയിലെ ബേര്‍ഗമൊയിലുള്ള “സോത്തൊ ഇല്‍ മോന്തെ” യില്‍ ബേര്‍ഗമൊ രൂപതാദ്ധ്യക്ഷനോടൊപ്പം സമ്മേളിച്ചിരുന്നവരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ പൂജ്യശരീരം  ബേര്‍ഗമൊയിലേക്ക് തീര്‍ത്ഥാടനമായി കൊണ്ടുപോയിരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ അത് ആ ജനതയില്‍ നന്മ ചെയ്യുന്നതിനുള്ള പ്രചോദനം ഉളവാക്കട്ടെയെന്ന് ആശംസിച്ചു. 

തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി (arrivederci) അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.