2018-06-02 12:46:00

വിദ്യാലയങ്ങള്‍ക്കേകാനാവാത്തതാണ് സഹനമേകുന്ന മഹാ പാഠം -പാപ്പാ


രോഗിയെ ആരോഗ്യത്തിലേക്കു തിരിച്ചുകൊണ്ടുവരുന്ന ശാരീരികമായ പുരധിവാസപ്രക്രിയയെ, സാമീപ്യം കാതലായുള്ള, ആദ്ധ്യാത്മിക പുനരധിവാസ പ്രക്രിയ അകമ്പടി സേവിക്കണമെന്ന് മാര്‍പ്പാപ്പാ.

പേശികളുടെ ബലം ക്രമേണ ക്ഷയിപ്പിക്കുന്ന രോഗമായ “മസ്കുലര്‍ ഡിസ്ട്രോഫി” (MASCULAR DYSTROPHY) എന്ന രോഗത്തിനെതിരെ ഇറ്റലിയില്‍ പോരാടുന്ന സംഘടനയുടെ (UILDM) 1500 ഓളം പ്രതിനിധികളെ ശനിയാഴ്ച (02/06/18) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ശാരീരിക വേദനയെ മാത്രമല്ല ഉപേക്ഷിക്കലിന്‍റെയൊ ഒറ്റപ്പെടുത്തലിന്‍റെയൊ ആയ മാനസ്സിക വേദനയെയും ജയിക്കുന്നതിന് ഈ ആദ്ധ്യാത്മിക പുനരധിവാസം ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കി.

വിശ്വാസത്തോടും പ്രശാന്തതയോടും കൂടെ രോഗത്തെ നേരിടാന്‍ പ്രചോദനം പകരുകയും ഏകാന്തതയുടെയും അസ്വസ്ഥതയുടെയും നിമിഷങ്ങളില്‍ സാന്ത്വനം പ്രദാനം ചെയ്യുകയും ചെയ്യുന്നതായ പ്രത്യാശയുടെ കിരണങ്ങളാണ് “മസ്കുലര്‍ ഡിസ്ട്രോഫി”ക്കെതിരെ പോരാടുന്ന സംഘടനയിലെ അംഗങ്ങളെന്നും അവരുടെ സേവനത്തിന്‍റെ സവിശേഷത സൗജന്യ സ്വഭാവമാണെന്നും പാപ്പാ ശ്ലാഘിച്ചു.

തൊഴില്‍പരമായ വൈദഗ്ധ്യത്തോടു കൂടിയതാണ് ഈ സൗജന്യ സേവനമെന്നും അതിന് ഒരു തുടര്‍ച്ചയുണ്ടെന്നും പാപ്പാ പറഞ്ഞു.

വിവേചനബുദ്ധി, വിശ്വസ്തത, ശ്രദ്ധ, ജാഗ്രത, കാര്യക്ഷമമായ ഇടപെടല്‍, രോഗിക്ക് പ്രകടിപ്പിക്കാനാവത്തതായ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്, എളിമ, ഗൗരവ ബുദ്ധി നിശ്ചയദാര്‍ഢ്യം, കൃത്യനിഷ്ഠ, സ്ഥൈര്യം, രോഗിയുടെ എല്ലാ ആവശ്യങ്ങളോടുമുള്ള ആദരവ് തുടങ്ങിയ പുണ്യങ്ങള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

എന്നും സുവിശേഷാനുസാരമുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും ഉപവിയുടെയും സാക്ഷികളായിരുന്നുകൊണ്ട് ഈ സരണിയില്‍ മുന്നേറാന്‍ പാപ്പാ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

സ്നേഹിക്കുകയും അപരന് ദാനമായി മാറുകയും ചെയ്യുമ്പോള്‍ മാത്രമെ ഒരുവന് പൂര്‍ണ്ണ ആത്മസാക്ഷാത്ക്കാരം കണ്ടെത്താനുകയുള്ളുവെന്ന് അനുഭവിച്ചറിയാന്‍ ഈ സംഘടനാംഗങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.

ബലഹീനരുടെ ആവശ്യങ്ങളോടു തുറവുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും  ഉള്‍ക്കൊള്ളലിന്‍റെയും ഒരു സംസ്ക്കാരത്തില്‍, വിശിഷ്യ, യുവജനത്തെ പരിശീലിപ്പിച്ചുകൊണ്ട് അവര്‍ “ജീവിത പരിശീലനക്കളരി” ആയിത്തീരാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സഹനത്തിന്‍റെ മഹാ പാഠത്തിലൂടെ, ഒരു വിദ്യാലയത്തിനും നല്കാന്‍ കഴിയാത്തതും രോഗികളിലും വേദനയനുഭവിക്കുന്നവരിലും നിന്നു ലഭിക്കുന്നതുമായ, പാഠത്തിലൂടെ മാത്രമെ ഇതു സാധ്യമാകുകയുള്ളുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.