2018-06-02 13:01:00

ഐക്യത്തിന്‍റെ സരണിയില്‍ പാദമൂന്നുക-പാപ്പാ


ഭിന്നിപ്പിന്‍റെ മനോഭാവം ജന്മംകൊള്ളാന്‍ കത്തോലിക്കാസഭ ഒരിക്കലും അനുവദിക്കില്ലെന്ന് മാര്‍പ്പാപ്പാ.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ, മോസ്കൊ പാത്രിയാര്‍ക്കേറ്റിന്‍റെ 20 പേരടങ്ങിയ പ്രതിനിധി സംഘത്തെ ബുധനാഴ്ച (30/05/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പാപ്പായുടെ ഈ ചെറു പ്രസംഗം പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തിയത് ശനിയാഴ്ച (02/06/18)യാണ്.

സുരക്ഷിതത്വത്തിലേക്കു നയിക്കുന്ന ഏക മാര്‍ഗ്ഗം ഐക്യത്തിന്‍റെതു മാത്രമാണെന്നും ഭിന്നിപ്പിന്‍റെ സരണി നമ്മെ എത്തിക്കുക യുദ്ധങ്ങളിലേക്കും നാശത്തിലേക്കുമാണെന്നും പ്രസ്താവിച്ച പാപ്പാ,  ആകയാല്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമൊത്ത് ഐക്യത്തിന്‍റെ പാതയില്‍ ചരിക്കാന്‍ തനിക്കു സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തി.

ഒത്തൊരുമിച്ചു ചിന്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നതും, നീളുന്ന കരങ്ങളും, സാഹോദര്യാശ്ലേഷങ്ങളും ആണ് സാന്ത്വനദായകങ്ങളെന്നും ക്രൈസ്തവൈക്യം സാധ്യമാകുക ഈ യാത്രയിലൂടെയാണെന്നും പാപ്പാ പറഞ്ഞു.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഭ്യന്തര കാര്യങ്ങളിലും അതുപോലെ തന്നെ രാഷ്ട്രീയത്തിലും കത്തോലിക്ക സഭ, പ്രാദേശിക കത്തോലിക്കാസഭകള്‍ ഇടപെടരുതെന്നു പറഞ്ഞ പാപ്പാ ഇത് തന്‍റെയും പരിശുദ്ധസിംഹാസനത്തിന്‍റെയും നിലപാടാണെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ പരിശുദ്ധസിംഹാസനത്തെ ധിക്കരിക്കുകയായിരിക്കും ചെയ്യുകയെന്നും വ്യക്തമാക്കി.

പരസ്പരം പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.   








All the contents on this site are copyrighted ©.