2018-06-01 12:40:00

പ്രേഷിതാവബോധം നവീകരിക്കേണ്ടത് അടിയന്തിരം - പാപ്പാ


പൊന്തിഫിക്കല്‍ പ്രേഷിതപ്രവര്‍ത്തന സമൂഹങ്ങളുടെ (PONTIFICAL MISSION SOCIETIES) പ്രവര്‍ത്തനങ്ങള്‍, മറ്റ് സംഘടനകളുടേതു പോലെ, ഭൗതികസഹായത്തിന്‍റെ  സാമ്പത്തികമാനത്തില്‍ മാത്രമായി ഒതുങ്ങുന്ന അപകടസാധ്യതയെക്കുറിച്ചുള്ള തന്‍റെ  അതീവ ആശങ്ക പാപ്പാ വെളിപ്പെടുത്തുന്നു.

പൊന്തിഫിക്കല്‍ പ്രേഷിതപ്രവര്‍ത്തന സമൂഹങ്ങളുടെ പൊതു സമ്മേളനത്തോടനുബന്ധിച്ച് അവയുടെ അദ്ധ്യക്ഷന്മാരെ വത്തിക്കാനില്‍ വെള്ളിയാഴ്ച (01/06/18) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സാമ്പത്തിക മാനത്തില്‍ മാത്രമായി ഒതുങ്ങിപ്പോകാവുന്ന അപകടം ഒഴിവാക്കുന്നതിന് ഇന്ന് സഭയിലാകമാനം പ്രേഷിതാവബോധം നവീകരിക്കേണ്ടത് അടിയന്തിരവും ആനുകാലികവുമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ലോകത്തില്‍ സഭയുടെ ദൗത്യം സുവിശേഷാനുസാരം നവീകരിക്കേണ്ടത് അവശ്യാവശ്യമാണെന്ന് ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പായുടെ അപ്പസ്തോലിക ലേഖനമായ "മാക്സിമും ഇല്ലൂദിന്‍റെ” വെളിച്ചത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

2019 ഒക്ടോബര്‍ അസാധാരണ പ്രേഷിതമാസമായി താന്‍ 2017 ലെ പ്രേഷിതദിനാചരണവേളയില്‍ പ്രഖ്യാപിച്ചത് അനുസ്മരിച്ച പാപ്പാ ആ മാസാചരണത്തിനുള്ള ഒരുക്കം ആകമാനസഭയുടെ പ്രേഷിതദൗത്യം നവീകരിക്കുന്നതിനുള്ള വലിയൊരവസരമാക്കിത്തീര്‍ക്കാന്‍ പ്രചോദനം പകര്‍ന്നു.

ഈ നവീകരണം അധികൃതവും രചനാത്മകവും ഫലപ്രദവും ആകണമെങ്കില്‍ അത് സുവിശേഷത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസൃതം പുന:സംവിധാനം ചെയ്യപ്പെടണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സഭയുടെ ഘടനകളുടെ പ്രേഷിതാത്മക പരിവര്‍ത്തനം വ്യക്തിയുടെ വിശുദ്ധിയും ആദ്ധ്യാത്മിക ക്രിയാത്മകതയും വ്യവസ്ഥ ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. ആകയാല്‍ പഴയതിനെ പുതുക്കല്‍ മാത്രമല്ല ഇവിടെ ആവശ്യമെന്നും പുതിയവ സൃഷ്‌ടിക്കാന്‍, സകലത്തെയും പുതിയതാക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“സ്നാനിതരും അയക്കപ്പെട്ടവരും:ക്രിസ്തുവിന്‍റെ സഭ ലോകത്തില്‍ പ്രേഷിത ദൗത്യവുമായി” എന്ന വിചിന്തന പ്രമേയം 2019 ലെ ഒക്ടോബര്‍ പ്രേഷിതമാസചാരണത്തിനായി തിരഞ്ഞടുത്തിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

പ്രേഷിതദൗത്യത്തിനയയ്ക്കല്‍ മാമ്മോദീസായില്‍ അടങ്ങിയിരിക്കുന്ന വിളിയാണെന്നും അത് മാമ്മോദീസാ സ്വീകരിച്ച സകലരുടെയും വിളിയാണെന്നും ഈ വിചിന്തനപ്രമേയം ഓര്‍മ്മിപ്പിക്കുന്നുവെന്നും പാപ്പാ  പറഞ്ഞു.

ആ മാസത്തിലാണ് ആമസോണ്‍ പ്രദേശത്തിനുവേണ്ടി മെത്രാന്മാരുടെ സിനഡു സമ്മേളനം നടക്കുകയെന്നതും അനുസ്മരിച്ച പാപ്പാ ആ പ്രദേശത്തെ അലട്ടുന്ന പ്രശ്നങ്ങള്‍ വെല്ലുവിളികള്‍, ആ ഭൂവിഭാഗത്തിന്‍റെ സമ്പന്നത, ദരിദ്രാവസ്ഥ എന്നിവയെക്കുറിച്ചു ചര്‍ച്ചചെയ്യുമ്പോള്‍ നമ്മുടെ നയനങ്ങള്‍  സദാ ക്രിസ്തുവിലൂന്നാന്‍ ഈ യാദൃച്ഛികത സഹായകമാകട്ടെയെന്ന് ആശംസിച്ചു.​

 








All the contents on this site are copyrighted ©.