2018-06-01 20:00:00

നമ്മോടുകൂടെ ആയിരിക്കുന്ന സ്നേഹകാരുണ്യം


കുര്‍ബാനയുടെ തിരുനാള്‍
വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം 14, 12-16. 22. 26.

ക്രിസ്തുവിൽ പ്രിയ സഹോദരി സഹോദരന്മാരെ, നാം ഇന്ന്  ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുനാൾ ആഘോഷിക്കുകയാണ്!

 ഒന്നാമത്തെ വായനയിൽ നാം കാണുന്നു, പാപത്തിൽ അധ:പതിച്ച ഭൂമി! ശിക്ഷയ്ക്കായ് ഒരുങ്ങിയിരിക്കുന്ന ജനം! കാരണം ജനം പാപം ചെയ്തു. ദൈവത്തെ പരിത്യജിച്ചു. ആയതിനാൽ ഈ നാശം എല്ലാവർക്കും സംഭവിക്കും; 'ജനത്തിനും. പുരോഹിതനും, അടിമയക്കും യജമാനനും, വാങ്ങുന്നവനും വില്ക്കുന്നവനും, വായ്പ കൊടുക്കുന്നവനും വായ്പ വാങ്ങുന്നവനും, ഉത്തമർണ്ണനും അധമർണ്ണനും, ' (എശ 24: 2) ഒന്നുപോലെ നശിക്കും. എന്നാൽ ദൈവം  കരുണാമയനാണ്, അവിടുന്ന് തന്‍റെ ജനത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല കാരണം. അവിടുന്നു ജനത്തെ അത്ര മാത്രം സ്നേഹിക്കുന്നു '.  യോഹ 3: 16 പറയുന്നു അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കുവാൻ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചു. അതെ  പ്രിയപെട്ടവരേ, പിതാവായ ദൈവം തന്‍റെ പ്രിയ മക്കളായ മനുഷ്യരെ പാപത്തിൽനിന്ന് രക്ഷിച്ച് അവർക്ക് രക്ഷ നല്കാൻ തന്‍റെ ഏകജാതനായ ക്രിസ്തുവിനെ ലോകത്തിലേക്കയച്ചു. അങ്ങനെ  ക്രിസ്തുവിന്‍റെ പീഡാസഹനത്താൽ, കുരിശു മരണത്താൽ, തിരുരക്തത്താൽ അവിടുന്നു നമുക്ക് നിത്യരക്ഷ വാങ്ങിത്തന്നു...എശയ്യ 53: 5 അവിടുന്നു 'നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു, അവന്‍റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി; അവന്‍റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു '.

   പ്രിയമുള്ളവരേ, സ്നേഹിക്കുവാൻ മാത്രമറിയാവുന്ന, സ്നേഹം തന്നെയായ യേശു (1 യോഹ. 4:8) തന്‍റെ ജനത്തോടൊപ്പം എന്നും ജീവിക്കുന്നതിനുള്ള അതിയായ ആഗ്രഹത്താൽ, തന്‍റെ പീഡാസഹനത്തിന്‍റെ തലേനാൾ ശിഷ്യന്മാരോടൊപ്പം പെസഹാ ആഘോഷിക്കുമ്പോൾ, അപ്പമെടുത്ത് വാഴ്ത്തി വിഭജിച്ച് അവർക്ക് കൊടുത്തുകൊണ്ട് അരുൾചെയ്തു, ഇത് എന്‍റെ ശരീരമാകുന്നു. അതുപോലെ പാനപാത്രമെടുത്ത് വാഴ്ത്തി കൃതജ്ഞതാ സ്തോത്രം ചൊല്ലി ശിഷ്യന്മാർക്ക് കൊടുത്തുകൊണ്ട് അരുൾചെയ്തു  ഇത് എന്‍റെ രക്തമാകുന്നു. അങ്ങനെ എന്നും നമ്മോടൊപ്പമാകുവാൻ, നമ്മെ അനുഗ്രഹിക്കുവാൻ, നമ്മുടെ കൂടെവസിക്കുവാൻ അവിടുന്ന് പരിശൂദ്ധ കുർബാന സ്ഥാപിച്ചു.

കാൽവരിയിലെ യാഗമാണ് വിശുദ്ധ കുർബാന. .വിശുദ്ധ കുർബാന ക്രിസ്തുവാണ്. ക്രിസ്തുവിനെയാണ്  നാം ബലിയിൽ കണ്ടുമുട്ടുന്നത്. 2018 വർഷങ്ങൾക്കുമുമ്പ് ബത്ലഹേമിലും, നസ്രത്തിലും, കഫർണാമിലും, ജറീക്കോയിലും, ജറുസലേമിലും ചുറ്റി സഞ്ചരിച്ച് അന്ധനു കാഴ്ചയും, ബധിരന് കേൾവിയും, മുടന്തന് സൗഖവും, വിശക്കുന്നവന് ഭക്ഷണവും, മരിച്ചവനെ ഉയർപ്പിക്കുകയും ചെയ്ത അതേ ക്രിസ്തുവിനെയാണ് നാം വിശുദ്ധ കുർബാനയിൽ കണ്ടു മുട്ടുന്നത് !!! അതുകൊണ്ടാണല്ലോ പരിശുദ്ധ കുർബാനയോ , ആരാധനയോ നടക്കുമ്പോഴാണ് ലോകത്തിൽ ഏറ്റവും കൂടുതൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത്.

ഒരിക്കൽ കാലു മുഴുവൽ വ്രണം ബാധിച്ച ഒരു മനുഷ്യൻ എന്നെ കാണുവാൻ വന്നു, വ്രണങ്ങളുള്ള പാദം എന്നെ കാണിച്ചുകൊണ്ട് പറഞ്ഞു, അച്ചാ 7 മാസമായ് ഈ അസുഖം തുടങ്ങിയിട്ട്. ഡോക്ടറെ കാണിച്ചു.  മരുന്നുകള്‍ ഒത്തിരി എടുത്തു. പക്ഷേ ഒരു കുറവുമില്ല. അച്ചൻ ഇത് മാറാൻ വേണ്ടി പ്രാർത്ഥിക്കണം. ഞാൻ അദ്ദേഹത്തോടു പറഞ്ഞു വെള്ളിയാഴ്ച നടക്കുന്ന പരിശുദ്ധ കുർബായുടെ ആരാധനയ്യിൽ പങ്കെടുക്കുക. ഈശോ നിങ്ങൾക്ക് സൗഖ്യം തരും. കാരണം ഈശോ പറഞ്ഞിട്ടുണ്ടല്ലോ  വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും എന്ന് (മത്തായി 21: 22).  ആ മനുഷ്യൻ വളരെ വിശ്വാസത്തോടെ, പ്രത്യാശയോടെ  ആരാധനയ്ക്കു വന്നു. പ്രാർത്ഥിച്ചു. അദ്ദേഹം സൗഖ്യം പ്രാപിച്ചു. തൊട്ടടുത്ത വെള്ളിയാഴ്ചത്തെ ആരാധനയിൽ അദ്ദേഹം സൗഖ്യം തന്ന ദൈവത്തിന് നന്ദി പറഞ്ഞ് സാക്ഷ്യം നൽകി. 

പ്രിയമുള്ളവരേ, ദിവ്യകാരുണ്യ നാഥൻ നമ്മെ കാത്തിരിക്കുകയാണ് നമുക്ക് രക്ഷ നല്കാൻ, സൗഖ്യം നല്കാൻ, അനുഗ്രഹിക്കാൻ,  നമ്മുടെ പ്രശ്നങ്ങളിൽനിന്ന് രക്ഷിച്ച് സന്തോഷവും സമാധാനവും നല്കാൻ...! മത്തായിയുടെ സുവിശേഷം 11: 28 ൽ ഈശോ നമ്മെ നോക്കി ക്ഷണിക്കുന്നു 'അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.'  നമുക്ക് ഈശോയുടെ ഈ ക്ഷണം സ്വീകരിക്കാം. വിശ്വാസത്തോടെയും വിശുദ്ധിയോടെയും ബലിയർപ്പിക്കാം. പരിശുദ്ധരിൽ പരിശുദ്ധനായ ദൈവത്തെ കണ്ടുമുട്ടുവാൻ  നമുക്കും ഒരുങ്ങാം. കാരണം 1 പത്രോസ് 1: 16 പറയുന്നു ''ഞാൻ പരിശുദ്ധരായിരിക്കുന്നത്കൊണ്ട് നിങ്ങും പരിശുദ്ധരായിരിക്കുവിൻ''. വിശുദ്ധിയോടും വിശ്വാസത്തോടും കൂടെ നാം ബലിവേദിയെ സമീപിക്കുമ്പോൾ ദൈവം  നമ്മിൽ സംപ്രീതനായി നമ്മെ അനുഗ്രഹിക്കും. പലപ്പോഴും കുർബാനയർപ്പണം ഒരു ചടങ്ങായിട്ടോ, പല വിചാരത്തോടെയോ, പകുതി മയക്കത്തോടെയൊ ആവാൻ കാരണം ഈ വിശ്വാസയില്ലായ്മയാണ്.  തീഷ്ണതയുടെ അഭാവമാണ്. ആയതിനാൽ പ്രിയമുള്ളവരേ, വിശ്വാസത്തോടും, തീഷ്ണതയോടും, പ്രത്യാശയോടുംകൂടെ നമുക്ക് ബലിയിൽ പങ്കുചേരാം. അപ്പോൾ നമക്കും ക്രിസ്തുവിനെ കണ്ടുമുട്ടുവാൻ സാധിക്കും. നാം ഏറെ അനുഗ്രഹങ്ങൾക്ക് യോഗ്യരാകും. നമ്മില്‍ അനുഗ്രഹങ്ങള്‍ നിറയും.

 ഇക്കഴിഞ്ഞ പെസഹാ വ്യാഴായ്ച്ച ഇറ്റലിയിലെ ത്രെന്തോ രൂപതയിലുള്ള സർനോനിക്കോ
എന്ന സ്ഥലത്താണ് ഞാൻ ബലിയർപ്പിച്ചത്. വിശുദ്ധ കുർബാനയ്ക്കുശേഷം സാക്രിസ്റ്റിയിലേക്ക് വന്നപ്പോൾ അൾത്താര ബാലന്മാരിൽ 7 വയസ്സുള്ള ഒരു കുട്ടി സന്തോഷത്തോടെ എല്ലാവരും കേൾക്കെ എന്നോടു  ഉറക്കെ പറഞ്ഞു. എനിക്ക് ഈ കുർബാന ഒത്തിരി ഇഷ്ടമായി.ഒത്തിരി സന്തോഷമായി.. പ്രിയമുള്ളവരേ, ഈ കുഞ്ഞ് പറഞ്ഞതുപോലെ ബലിക്കായ് വരുമ്പോഴും... ബലിയിൽ പങ്കെടുക്കുമ്പോഴും,.. ബലി കഴിഞ്ഞ് നമ്മുടെ ഭവനങ്ങളിലേക്ക് തിരിച്ചു പോകുമ്പോഴും. കർത്താവിനെ കണ്ടുമുട്ടിയ സന്തോഷം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!

-ഫാദര്‍ രാജന്‍ ഫൗസ്റ്റോ, കണ്ണൂര്‍ രൂപത

 








All the contents on this site are copyrighted ©.