2018-06-01 13:15:00

ദൈവിക സ്നേഹത്തിന്‍റെ ക്രൂശിത മറിയം , വാഴ്‍ത്തപ്പെട്ടവള്‍


തിരുഹൃദയത്തിന്‍റെ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപക, ദൈവിക സ്നേഹത്തിന്‍റെ ക്രൂശിത മറിയം ഇനി വാഴ്ത്തപ്പെട്ടവള്‍

ശനിയാഴ്ച (02/06/18)യാണ് ദൈവിക സ്നേഹത്തിന്‍റെ ക്രൂശിത മറിയം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത്.

തെക്കെ ഇറ്റലിയിലെ നാപ്പൊളിയിലെ, അഥവാ, നേപിള്‍സിലെ, കത്തീദ്രലില്‍ നടന്ന തിരുക്കര്‍മ്മ മദ്ധ്യേ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയാണ് ഈ ധന്യയെ സഭയിലെ വഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ത്തത്.

ഇറ്റലിയുടെ തെക്കുഭാഗത്തുള്ള അവെല്ലീനൊ പ്രവിശ്യയില്‍ 1892 ഡിസമ്പര്‍ 23 നായിരുന്നു ദൈവിക സ്നേഹത്തിന്‍റെ ക്രൂശിത മറിയം എ​ന്ന നാമം സ്വീകരിച്ച മരിയ ഗര്‍ഗാനിയുടെ ജനനം.

റോക്കൊ ഗര്‍ഗാനി – അഞ്ചൊളീന ദെ പാവൊള ദമ്പതികളു‍ടെ എട്ടു മക്കളില്‍ അവസാനത്തെ സന്തതിയായിരുന്നു മരിയ ഗര്‍ഗാനി. വിദ്യഭ്യാസം പൂര്‍ത്തിയാക്കി ഒരു അദ്ധ്യാപികയായി സേവനം ആരംഭിച്ച ധന്യയായ ദൈവിക സ്നേഹത്തിന്‍റെ ക്രൂശിത മറിയത്തിന്‍റെ ശ്രദ്ധ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരിലേക്കു തിരിഞ്ഞു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച അവള്‍ ഒരു കപ്പൂച്ചിന്‍ ആശ്രമത്തില്‍, “മീസ്തിക്ക ബെത്താനിയ” എന്ന സമര്‍പ്പിതകളുടെ സമൂഹത്തില്‍ ചേര്‍ന്നു.  ഒരു മഠത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരിക്കവെ, വിശുദ്ധ പാദ്രെ പീയൊയുമായി കണ്ടുമുട്ടിയ മരിയ ഗര്‍ഗാനിയെ അദ്ദേഹം ദൈവഹിതം എന്താണെന്ന് നന്നായി മനസ്സിലാക്കാന്‍ ഉപദേശിച്ചുകൊണ്ട് പിന്തിരിപ്പിച്ചു. പിന്നീട്, വൈദികരുടെ അഭാവമുള്ള ഇടങ്ങളില്‍ പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സന്ന്യാസിനി സമൂഹം സ്ഥാപിക്കാന്‍ താന്‍ ആഗ്രിഹിക്കുന്നുവെന്ന് മരിയ വി. പാദ്രെ പീയൊയെ അറിയിച്ചപ്പോള്‍ ഇതാണ് ദൈവഹിതം എന്നു പറഞ്ഞ് പ്രോത്സാഹനം പകര്‍ന്നു. അങ്ങനെ 1936 ഏപ്രില്‍ 21 ന് വൊള്‍ത്തുരാര അപ്പൂള എന്ന സ്ഥലത്ത് ആ പ്രദേശവും അധികാരസീമയില്‍പ്പെടുന്ന ലൂചെറ രൂപതയുടെ മെത്രാന്‍റെ അനുമതിയോടെ തിരുഹൃദയത്തിന്‍റെ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന് മരിയ ഗര്‍ഗാനി തുടക്കം കുറിച്ചു. ആ സമൂഹത്തില്‍ വ്രതവാഗ്ദാന വേളയില്‍ മരിയ ഗര്‍ഗാനി ദൈവിക സ്നേഹത്തിന്‍റെ ക്രൂശിത മറിയം എന്ന നാമം സ്വീകരിച്ചു.

ഈ സമൂഹത്തിന്‍റെ ആസ്ഥാനം, പിന്നീട്, നാപ്പോളിയിലേക്ക് മാറ്റപ്പെട്ടു. അവിടെ വച്ച് 1973 മെയ് 23 ന്, 81-Ↄ○ വയസ്സില്‍ ക്രൂശിത മറിയം മരണമടഞ്ഞു.

“യേശുവിനെ ഉള്ളില്‍ സ്വീകരിക്കുന്നതാണ് എന്‍റെ ജീവിതത്തിന് പൂര്‍ണ്ണ അര്‍ത്ഥം  നല്കുന്ന ഏക അനുഭവം. അത് ഭൂമിയിലെ പറുദീസാനുഭവമാണ്” എന്ന് നവവാഴ്ത്തപ്പെട്ടവളായ ദൈവിക സ്നേഹത്തിന്‍റെ ക്രൂശിത മറിയം സ്വന്തം ദിനക്കുറിപ്പു പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. 

 

 

 

 








All the contents on this site are copyrighted ©.