2018-06-01 12:59:00

കായികവിനോദം- ഏവരും ഏകലക്ഷ്യത്തോടെ സംഗമിക്കുന്ന വേദി-പാപ്പാ


സാമൂഹ്യമായ എല്ലാ തുറകളിലും അവസ്ഥകളിലുമുള്ളവര്‍ ഏക ലക്ഷ്യത്തോടെ സംഗമിക്കുന്ന ഒരു വേദിയാണ് കായികവിനോദം എന്ന് മാര്‍പ്പാപ്പാ.

റോമന്‍ കൂരിയായുടെ വിവിധ വിഭാഗങ്ങളില്‍ ഒന്നായ, അല്മായര്‍ക്കും  കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം കായികവിനോദ ലോകത്തില്‍ സഭയുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് “ഉള്ളതില്‍ ഏറ്റം നല്ലത് നല്കുക” (DARE IL MEGLIO DI SE´ - GIVING THE VERY BEST) എന്ന ശീര്‍ഷകത്തില്‍ വെള്ളിയാഴ്ച (01/06/18) ഒരു രേഖ പുറപ്പെടുവിച്ചതിനോടനുബന്ധിച്ച് പ്രസ്തുത വിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്ലിന് അയച്ച കത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

കായികവിനോദത്തിന് സമാഗമത്തിന്‍റെയും വ്യക്തിത്വരൂപീകരണത്തിന്‍റെയും വിശുദ്ധീകരണത്തിന്‍റെയും പ്രേഷിതദൗത്യത്തിന്‍റെയും ഉപകരണമാകാന്‍ സാധിക്കുമെന്ന് ഈ രേഖ വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ കത്തില്‍ സൂചിപ്പിക്കുന്നു.

വര്‍ഗ്ഗ, ലിംഗ, മത, സിദ്ധാന്തപരങ്ങളായ വിത്യാസങ്ങള്‍ കൂടാതെ വ്യക്തികള്‍ ഒന്നുചേരുന്ന സവിശേഷ വേദിയാണ് കായികവിനോദമെന്ന് പാപ്പാ പറയുന്നു.

കായികവിനോദം വ്യക്തിത്വരൂപീകരണത്തിന്‍റെ ഒരു ഉപാധിയാണെന്ന് പാപ്പാ പുത്തന്‍ തലമുറകള്‍ കായികതാരങ്ങളെ വീക്ഷിക്കുകയും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വിശദീകരിക്കുന്നു.

കായികവിനോദങ്ങളിലൂടെയും ലോകത്തില്‍ ക്രിസ്തുവിന്‍റെ അടയാളമാകാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നവെന്ന് ഓര്‍മ്മിപ്പിക്കുന്ന പാപ്പാ ഇടവകകളിലും വിദ്യാലങ്ങളിലും സംഘടനകളിലും മറ്റും കായികവിനോദങ്ങള്‍ പരിപോഷിപ്പിച്ചുകൊണ്ട് ഇതിനു സാധിക്കുമെന്നും അവയെല്ലാം ക്രിസ്തുസന്ദേശം പകര്‍ന്നു നല്കുന്നതിനുള്ള നല്ല അവസരങ്ങളാണെന്നും പാപ്പാ പറയുന്നു.

 








All the contents on this site are copyrighted ©.