2018-05-29 09:30:00

ലോക സാമ്പത്തിക പ്രതിസന്ധിക്കു പിന്നിലെ ധാര്‍മ്മിക പാളിച്ച


കാലികമായ സാമ്പത്തിക പ്രതിസന്ധിക്കു പിന്നില്‍ പാവങ്ങളെ അവഗണിക്കുന്ന ധാര്‍മ്മിക പാളിച്ചയാണെന്ന്
പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്ഥാപിച്ച ചെന്തേസിമൂസ് ആന്നൂസ് പ്രൊ പൊന്തിഫീചിയെ (Centessimus Annus Pro Pontifice) പ്രസ്ഥാനത്തിന്‍റെ 25-Ɔο വാര്‍ഷികത്തോട് അനുബന്ധിച്ച്, സംഘടയുടെ രാജ്യാന്തര പ്രതിനിധികളെ മെയ് 26-Ɔο തിയതി ശനിയാഴ്ച അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

മനുഷ്യന്‍റെ അഹംഭാവവും അപരനെ ഒഴിവാക്കുന്ന സ്വാര്‍ത്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധയ്ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. സമൂഹത്തിന്‍റെ ബഹുഭൂരിപക്ഷമായ വ്രണിതാക്കളും പാവങ്ങളുമായവരെ അവഗണിക്കുകയും, പറ്റിയാല്‍ അവരെ പുറന്തള്ളുകയും ചെയ്യുന്ന ഒരു “വലിച്ചെറിയല്‍ സംസ്ക്കാര”ത്തിന്‍റെ പ്രത്യാഘാതമാണ് ഇന്നിന്‍റെ സാമൂഹിക സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ ഒളി‍ഞ്ഞിരിക്കുന്നത്.

സാമ്പത്തിക മേഖലയും തൊഴില്‍മേഖലയും സംബന്ധിച്ച കാര്യങ്ങളില്‍ സഭയുടെ സാമൂഹിക നിലപാട് മുറുകെപ്പിടിക്കുകയും അത് പ്രചരിപ്പിക്കുകയും, സാമൂഹ്യനീതി കൈവരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന്‍റെ (Centessimus Annus Pro Pontifice)  പ്രവര്‍ത്തകരെ പാപ്പാ അഭിനന്ദിച്ചു. ഇന്നിന്‍റെ ആഗോളവത്ക്കരണത്തെ മറികടക്കുന്ന നിസ്സംഗതയുടെ ആഗോളവത്ക്കരം (Globalization of Indifference) മനുഷ്യര്‍ മനുഷ്യരോടു കാണിക്കുന്ന അവഗണനയും അവജ്ഞയുമാണ്.   

ലിയോ 13-Ɔമന്‍ പാപ്പാ 1891-ല്‍ പ്രസിദ്ധപ്പെടുത്തിയ തൊഴിലിനെ സംബന്ധിച്ച വിഖ്യാതമായ പ്രബോധനമാണ് റേരും നൊവാരും...Rerum Novaraum.  ചാക്രികലേഖനത്തിന്‍റെ ശതാബ്ദ്യാഘോഷത്തോട് അനുബന്ധിച്ച് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പുറപ്പെടുവിച്ച മറ്റൊരു സാമൂഹിക ചാക്രിക ലേഖനമാണ് ചെന്തേസിമൂസ് ആന്നൂസ് Centessimus Annus.  രണ്ടും സാമൂഹിക പ്രബോധനങ്ങളാണ്.  സമ്പത്തിന്‍റെ സമൃദ്ധിയുള്ള വികസിത രാജ്യങ്ങളിലും ദാരിദ്യം അനുഭവിക്കുന്ന അവികസിതരാജ്യങ്ങളിലും സമഗ്രപുരോഗതിക്കെതിരായ നീക്കങ്ങള്‍ ഒരുപോലെയാണ് ഇന്നു കാണുന്നത്. ഇതിന് ഉദാഹരണമാണ് വളരുന്ന കുടിയേറ്റപ്രതിഭാസത്തിലെ നിരവധിയായ ധാര്‍മ്മിക പ്രതിസന്ധികള്‍!

സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ പങ്കുവയ്ക്കുന്നതിനായി തങ്ങളുടെ അറിവും പ്രാഗത്ഭ്യവും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ പങ്കുവയ്ക്കുന്നവരെ സ്വാധീനിക്കാനും, അതുവഴി സാമ്പത്തിക നീതിയുടെയും സമത്വത്തിന്‍റെയും, എളിയവരെ ഉള്‍ക്കൊള്ളുന്ന ഒരു സാകല്യസംസ്കൃതി ലോകത്ത് വളര്‍ത്താനും പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.   








All the contents on this site are copyrighted ©.