2018-05-21 12:46:00

14 പുതിയ കര്‍ദ്ദിനാളന്മാര്‍; കണ്‍സിസ്റ്ററി ജൂണ്‍ 29ന്


ഫ്രാന്‍സീസ് പാപ്പാ ഒരു ക്ലരീഷ്യന്‍ വൈദികന്‍ ഉള്‍പ്പടെ 14 പേരെ കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തും. നിയുക്ത കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ പാപ്പാ വെളിപ്പെടുത്തി.

പന്തക്കുസ്താതിരുന്നാള്‍ദിനമായിരുന്ന ഞായറാഴ്ച (20/05/18) മദ്ധ്യാഹ്നപ്രാര്‍ത്ഥനാ വേളയിലാണ് പാപ്പായുടെ ഈ പ്രഖ്യാപനമുണ്ടായത്.

ജൂണ്‍ 29ന് താന്‍ വത്തിക്കാനില്‍ വിളിച്ചുകൂട്ടുന്ന കര്‍ദ്ദിനാള്‍സംഘത്തിന്‍റെ  കണ്‍സിസ്റ്ററിയില്‍ വച്ചായിരിക്കും ഈ 14 പേരെ കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക് ഉയര്‍ത്തുകയെന്ന് പാപ്പാ വെളിപ്പെടുത്തി.

നിയുക്ത കര്‍ദ്ദിനാളന്മാര്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ളവരാകയാല്‍ അത്, ഭൂമുഖത്തെ സകല ജനങ്ങളോടും ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം പ്രഘോഷിക്കുന്നതു തുടരുന്ന സഭയുടെ സാര്‍വ്വത്രിക സ്വഭാവം വിളിച്ചോതുന്നുവെന്നും റോംരൂപതയില്‍ പുതിയ കര്‍ദ്ദിനാളന്മാരെ ചേര്‍ക്കുന്നത് പത്രോസിന്‍റെ സിംഹാസനവും ലോകത്തിലെ പ്രാദേശികസഭകളും തമ്മിലുള്ള അഭേദ്യ ബന്ധത്തെ ആവിഷ്ക്കരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഇറാക്ക്, പാക്കിസ്ഥാന്‍, ജപ്പാന്‍, പോര്‍ട്ടുഗല്‍, പെറു, ബൊളീവിയ, മെക്സിക്കൊ, മഡഗാസ്ക്കര്‍, പോളണ്ട്, സ്പെയിന്‍, ഇറ്റലി, എന്നീ 11 നാടുകളില്‍ നിന്നുള്ളവരാണ് ജൂണ്‍ 29 ന് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെടുന്നവര്‍.

പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്ട്സ്, ഇറാക്കിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ലൂയി റാഫേല്‍ ഒന്നാമന്‍ സാക്കൊ

വിശ്വാസകാര്യസംഘത്തിന്‍റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് ലൂയിസ് ലദാറിയ

റോം രൂപതയുടെ വികാര്‍ ജനറല്‍ ആര്‍ച്ച്ബിഷപ്പ് ആഞ്ചെലൊ ദെ ദൊണാത്തിസ്

വത്തിക്കാന്‍ സംസ്ഥാന ഉപകാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് ജൊവാന്നി ആഞ്ചെലൊ ബെച്ചു

പാപ്പായുടെ ഉപവിപ്രവര്‍ത്തനകാര്യാലയത്തിന്‍റെ ചുമതലവഹിക്കുന്ന ആര്‍ച്ച്ബിഷപ്പ് കൊണ്‍റാഡ് ക്രയേവ്സ്ക്കി

പോര്‍ട്ടുഗലിലെ ലെയിറ ഫാത്തിമ രൂപതയുടെ മെത്രാന്‍ അന്തോണിയൊ ദോസ് സാന്തോസ് മാര്‍ത്തൊ

പെറുവിലെ ഹുവാന്‍കായൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് പേദ്രൊ ബറേത്തൊ

മഡഗാസ്കറിലെ തൊവമസീന അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ദെസിരേ ത്സാറഹസ്സാന

ഇറ്റലിയിലെ ലാക്വില അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ജുസേപ്പെ പെത്രോക്കി

ജപ്പാനിലെ ഒസാക്ക അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് തോമസ് അക്വനാസ് മാന്യൊ

മെക്സിക്കോയിലെ ക്സാലപ അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പ് സേര്‍ജൊ ഒബേസൊ റിവേര

ബൊളീവിയയിലെ  കോറൊകോറൊ അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പ് തൊറീബിയൊ തിക്കോണ പോര്‍ക്കൊ

സ്പെയിനിലെ ക്ലരീഷ്യന്‍ വൈദികന്‍ അക്വിലീനൊ ബോക്കോസ് മെരീനൊ എന്നിവരാണ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.








All the contents on this site are copyrighted ©.