2018-05-17 12:32:00

സമാധാനത്തിനും അനുരഞ്ജനത്തിത്തിനും സംഭാവനയേകുക-പാപ്പാ


നീതിയും രാഷ്ട്രങ്ങളുടെ ഐക്യവും പരിപോഷിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര നയതന്ത്രകുശലതയുടെ ശാന്തമായ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനം മാനവകുടുംബത്തിന്‍റെ ഐക്യത്തെയും നരകുലത്തിലെ ഓരോ അംഗത്തിന്‍റെയും നിസ്സര്‍ഗ്ഗജ ഔന്നത്യത്തെയും കുറിച്ചുള്ള പാരസ്പര്യ ബോധ്യമാണെന്ന് മാര്‍പ്പാപ്പാ.

പരിശുദ്ധ സിംഹാസനത്തിനു വേണ്ടി നിയമിക്കപ്പെട്ടവരും മറ്റുരാജ്യങ്ങള്‍ ആസ്ഥാനമാക്കി തങ്ങളുടെ നയതന്ത്രദൗത്യം നിര്‍വ്വഹിക്കുന്നവരുമായ പുതിയ 7 സ്ഥാനപതികളുടെ ആധികാരിക സാക്ഷിപത്രങ്ങള്‍ വ്യാഴാഴ്ച(17/05/18) വത്തിക്കാനില്‍ സ്വീകരിച്ച ഫ്രാന്‍സീസ് പാപ്പാ അവരെ പൊതുവായി സംബോധന ചെയ്യുകയായിരുന്നു.

പാക്കിസ്ഥാന്‍, ടാന്‍സാനിയ, ലെസോത്തൊ, മംഗോളിയ, ഡെന്മാര്‍ക്ക്, എത്യോപ്യ, ഫിന്‍ലാന്‍റ് എന്നീ രാജ്യങ്ങള്‍ പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നിയമിച്ച സ്ഥാനപതികളുടെ സാക്ഷിപത്രികളാണ് പാപ്പാ സ്വീകരിച്ചത്.

ഐക്യരാഷ്ട്രസഭ പുറപ്പെടുവിച്ച മനുഷ്യാവകശ പ്രഖ്യാപനത്തിന്‍റെ എഴുപതാം വാര്‍ഷികം ഇക്കൊല്ലം ആചരിക്കപ്പെടുന്നതും പാപ്പാ തദ്ദവസരത്തില്‍ അനുസമരിച്ചു.

എല്ലാവരോടും, വിശിഷ്യ, ദാരിദ്ര്യം, രോഗം, അടിച്ചമര്‍ത്തല്‍ എന്നിവയുടെ പ്രഹരത്താല്‍ വേദനിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം നവീകരിക്കാനുള്ള ആഹ്വാനമായി ഭവിക്കട്ടെ ഈ സപ്തതിയാചരണമെന്ന് പാപ്പാ ആശംസിച്ചു.

നിസ്സംഗതയുടെ ആഗോളവത്ക്കരണത്തിനെതിരെയും, സത്വര മാനവിക നടപടികള്‍ ആവശ്യമുള്ള അനീതിയുടെ ദുരന്തപൂര്‍ണ്ണമായ അവസ്ഥകള്‍ കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെയും പ്രതികരിക്കാനുള്ള നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വത്തെ അവഗണിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പാപ്പാ പറഞ്ഞു.

ഭാവിതലമുറകള്‍ക്ക് പ്രശാന്തവും ക്ഷേമായ്ശ്വര്യപൂര്‍ണ്ണവുമായ ഒരു ഭാവി ഉറപ്പുവരുത്തണമെന്നഭിലഷിക്കുന്നവരുടെ ജ്ഞാനവും വിവേചനബുദ്ധിയും ആവശ്യപ്പെടുന്ന മാറ്റങ്ങളുടെതായ ഒരു യുഗത്തിലാണ് നാമെന്ന് പാപ്പാ പ്രസ്താവിച്ചു.

ഒരോ നാടിനും സങ്കീര്‍ണ്ണവും ലോലവുമായ തനതായ രാഷ്ടീയ സാമുഹ്യപ്രശ്നങ്ങള്‍ ഉണ്ടെന്നിരിക്കിലും എല്ലാ രാജ്യങ്ങളും  അന്താരാഷ്ട്രസമൂഹങ്ങളും അനുകമ്പയും ദീര്‍ഘവീക്ഷണവും ധൈര്യവും സവിശേഷതയായുള്ള തീരുമാനങ്ങളും നയങ്ങളും വഴി സമാധാനത്തിനും അനുരഞ്ജനത്തിത്തിനും സംഭാവനയേകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

 

 








All the contents on this site are copyrighted ©.