2018-05-17 12:48:00

ദൈവത്തിന് നമ്മോടുള്ള സ്നേഹം - പാപ്പായുടെ ട്വീറ്റ്


ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്‍റെ ശക്തിയെക്കുറിച്ച് മാര്‍പ്പാപ്പായുടെ വ്യാഴാഴ്ചത്തെ (17/05/18) ട്വിറ്റര്‍ സന്ദേശം.

“ഏകാന്തതയുടെയും പരിത്യക്തതയുടെയും സകല രൂപങ്ങളെയും തോല്പിക്കുന്നതായ ഒരു സ്നേഹത്താലാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്” എന്നാണ് ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഈ ദിനങ്ങളില്‍ മദ്ധ്യപൂര്‍വ്വദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുന്നതില്‍ തനിക്കുള്ള വേദന അറിയിച്ചുകൊണ്ട് ഒരു സന്ദേശം പാപ്പാ ബുധനാഴ്ച (16/05/18) ട്വിറ്ററില്‍ കണ്ണിചേര്‍ത്തിരുന്നു.

“വിശുദ്ധ നാട്ടിലും മദ്ധ്യപൂര്‍വ്വദേശത്തും മരണമടയുകയും മുറിവേല്‍ക്കുകയും ചെയ്തവരെയോര്‍ത്ത് ഞാന്‍ അതീവ ദുഃഖിതനാണ്. അതിക്രമം ഒരിക്കലും സമാധാനം സംജാതമാക്കില്ല. ആകയാല്‍, സംഭാഷണവും നീതിയും ശാന്തിയും പ്രബലപ്പെടുന്നതിനുള്ള പരിശ്രമങ്ങള്‍ നവീകരിക്കാന്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടരിക്കുന്ന ഇരുവിഭാഗത്തെയും അന്താരാഷ്ട്ര സമൂഹത്തെയും  ഞാന്‍ ക്ഷണിക്കുകയാണ്” എന്നാണ് പാപ്പാ ബുധനാഴ്ച കുറിച്ച രണ്ടു ട്വിറ്റര്‍ സന്ദേശങ്ങളില്‍ രണ്ടാമത്തെതേത്.

ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പാ മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പരിശ്രമിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചിരുന്നു

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.