2018-05-17 12:52:00

“ഒയെക്കൊണോമിക്കെ ഏത്ത് പെക്കുനിയാറിയെ” പുതിയ രേഖ


നിലവിലുള്ള സാമ്പത്തിക-ധനകാര്യ സംവിധാനങ്ങളുടെ ധാര്‍മ്മികവശങ്ങളെ അധികരിച്ചു പുതിയൊരു രേഖ വത്തിക്കാനില്‍, വിശ്വാസ കാര്യസംഘവും സമഗ്രമാനവപുരോഗതിക്കായുള്ള വിഭാഗവും സംയുക്തമായി പുറപ്പെടുവിച്ചു.

പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയത്തില്‍ (പ്രസ്സ് ഓഫീസില്‍) വ്യാഴാഴ്ച (17/05/18) രാവിലെ നടന്ന പത്രസമ്മേളനത്തിലാണ് “ഒയെക്കൊണോമിക്കെ ഏത്ത് പെക്കുനിയാറിയെ” (OECONOMICAE ET PECUNIARIAE)  എന്ന ലത്തീന്‍ ശീര്‍ഷകത്തിലുള്ള ഈ രേഖ പ്രകാശനം ചെയ്യപ്പെട്ടത്.

സമഗ്രമാനവപുരോഗതിക്കായുള്ള വിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍, വിശ്വാസകാര്യസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്കൊ ലദാറിയ ഫെറെര്‍, റോമിലെ തോര്‍ വെര്‍ഗാത്ത സര്‍വ്വകാലാശാലയിലെ പ്രൊഫസര്‍ ലെയൊണാര്‍ദൊ ബെക്കേത്തി, മിലാനിലെ കത്തോലിക്കാ സര്‍വ്വകാലാശാലയിലെ പ്രൊഫസര്‍ ലൊറേന്‍സൊ കാപ്രിയൊ എന്നിവര്‍ ഈ രേഖയുടെ ഉള്ളടക്കത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ സംസാരിച്ചു.

നരകുലത്തിന്‍റെ ഭൗതിമായ സുസ്ഥിതിയില്‍ പ്രധാനമായും കേന്ദ്രീകൃതമാണ് ഇന്നത്തെ സാമ്പത്തിക-ധനകാര്യഘടനയെന്നും ആകയാല്‍ മാനുഷികബന്ധങ്ങളുടെ ഗുണമേന്മയിലൂടെ സാക്ഷാത്കൃതമാകുന്ന ഒരു സുസ്ഥിതി ഉറപ്പുവരുത്തുന്നതായ സുവ്യക്തമായ ധാര്‍മ്മിക അടിത്തറ ആവശ്യമായരിക്കുന്നുവെന്നും ഈ രേഖ അതിന്‍റെ ആരംഭത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

സഭ നിര്‍ദ്ദേശിക്കുന്ന ആത്യന്തികമായ പൊതുനന്മയുടെ ലക്ഷ്യം ഓരോ ക്തിയുടെയും സകല മാനവ സമൂഹങ്ങളുടെയും സകല ജനതകളുടെയും സമഗ്രപുരോഗതിയാണെന്നും ഈ രേഖ പറയുന്നു.

പൊതുനന്മോന്മുഖമായ കര്‍മ്മപരിപാടികള്‍ക്ക് രൂപമേകുന്ന നൂതന സാമൂഹ്യ നടപടിക്രമങ്ങള്‍ക്ക് ഉത്പ്രേരകങ്ങളായി മാറാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ രേഖ ഓര്‍മ്മിപ്പിക്കുന്നു.








All the contents on this site are copyrighted ©.