2018-05-16 08:15:00

"പുറപ്പാടിന്‍റെ നവാനുഭവത്തിനൊരുങ്ങുക": മാര്‍പ്പാപ്പാ


റോമാരൂപതയുടെ കത്തീദ്രല്‍ ആയ വി. ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍, മെയ് 14-ാം  തീയതി, രൂപതാംഗങ്ങളുമായി പാപ്പാ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പാപ്പായുടെ ഈ വാക്കുകള്‍.

വ്യക്തിപരവും സാമൂഹ്യവുമായ ആത്മീയരോഗങ്ങളെക്കുറിച്ച് രൂപതാതലത്തില്‍ ചിന്തിച്ചുകൊണ്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടു ശ്രവിച്ച ശേഷമായിരുന്നു പാപ്പാ അവര്‍ക്കു സന്ദേശം നല്‍കിയത്.  അതേക്കുറിച്ചു പറഞ്ഞുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്.  ആത്മീയരോഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടു രണ്ട് ഫലങ്ങളാണുള്ളത്.  ഒന്ന്, ആവശ്യങ്ങളുള്ള, അസുഖമുള്ള നമ്മുടെ യഥാര്‍ഥ അവസ്ഥയെക്കുറിച്ചുള്ള സത്യം മനസ്സിലാകും.  രണ്ട്, ഈ ആത്മീയരോഗങ്ങളോട് ഏറ്റുമുട്ടുക വഴി, ഒരിക്കലും, നമുക്ക് നിരാശയല്ല, മറിച്ച്, ദൈവം നമ്മുടെ മേല്‍ കരുണചൊരിയുന്നത് ഇനിയും അവസാനിപ്പിച്ചിട്ടില്ല എന്ന ബോധ്യമുണ്ടാകും.

പുറപ്പാടുസംഭവത്തിലൂടെ, ഒരു ജനത്തെ തെരഞ്ഞെടുത്ത് ഈ ലോകത്തില്‍ ദൈവസാന്നിധ്യത്തിന്‍റെ ഒരു ഉപകരണമായി അതിനെ ദൈവം രൂപപ്പെടുത്തിയതു വിവരിച്ചുകൊണ്ട് അതിന്‍റെ ഉള്‍പ്രകാശം ഏറ്റുവാങ്ങാനാണ് പാപ്പാ തുടര്‍ന്ന് ഉദ്ബോധിപ്പിച്ചത്: "അന്ന്, അവര്‍ക്കായി പ്രവര്‍ത്തിച്ച അതേ ശക്തി നമുക്കുവേണ്ടിയും പ്രവര്‍ത്തിക്കും...  പുറപ്പാടു ചരിത്രം അടിമത്തത്തെക്കുറിച്ച്, അവിടെനിന്നു പുറത്തുകടന്നതിനെക്കുറിച്ച്, ഒരു ഉടമ്പടിയെക്കുറിച്ച്, പ്രലോഭനങ്ങളെക്കുറിച്ച്, കാനാനിലേയ്ക്കുള്ള പ്രവേശനത്തെക്കുറിച്ച് പറയുന്നു... ഇസ്രായേലിന്‍റെ പുതിയ പതിപ്പായ സഭ റോമില്‍ ആരംഭിച്ചിട്ട് രണ്ടായിരം വര്‍ഷങ്ങളായിരിക്കുന്നു..."

വര്‍ധിച്ചു പെരുകാതിരിക്കാന്‍ ഇസ്രായേലിനെ എതിരെ ഈജിപ്തിലെ ഫറവോ സ്വീകരിച്ച നയത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, ഇടവകകളില്‍ വിശ്വാസികളുടെ സാന്നിധ്യമില്ലാത്തതിനെ പാപ്പാ ചൂണ്ടിക്കാണിച്ചു: "കരുണയെന്ന ദാനവും, ജീവന്‍റെ പൂര്‍ണതയും, നമുക്കായി, ഈ റോമില്‍ ജീവിക്കുന്നവര്‍ക്കായി, ദൈവം നല്‍കിയിട്ടുണ്ട്.  നമ്മെ ക്രിസ്തു സ്നേഹിച്ചുവെന്നും, ഇപ്പോഴും നമ്മെ സ്നേഹിക്കുന്നുവെന്നും ഉള്ള സത്യം നാം സാക്ഷ്യപ്പെടുത്തണം..."

നാം മറ്റുള്ളവര്‍ക്കെതിരെ നമ്മെ തന്നെ അടച്ചുകളയരുതെന്നും, വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള സമയങ്ങളിലും, സങ്കീര്‍ണമായ പരിപ്രേക്ഷ്യത്തിലും, ദൈവം ഇവിടെ, ഇപ്പോള്‍ മാംസം ധരിക്കുന്നു എന്നു മറ്റുള്ളവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു എന്നും പറഞ്ഞുകൊണ്ട്, ഇസ്രായേലിന്‍റെ പ്രലോഭനങ്ങളെ പാപ്പാ ഓര്‍മിപ്പിച്ചു.  "നമുക്കുള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള, അതായത്, ഇറച്ചിച്ചട്ടികളുടെയും ഇഷ്ടികക്കളത്തിന്‍റെയും അരികില്‍, ഫറവോയ്ക്കുവേണ്ടിയുള്ള ശുശ്രൂഷകളില്‍ തൃപ്തിപ്പെടാനുള്ള പ്രലോഭനത്തോടു നാം ഒത്തുപോവുകയാണ്...   'ഞാന്‍' എന്നത് ഒരു 'വ്യക്തി', ബന്ധങ്ങളില്‍ ജീവിക്കുന്ന ഒരു വ്യക്തിയായി, മാറുക ആവശ്യമാണ്.  നമ്മുടെ ചട്ടികള്‍, നമ്മുടെ സമൂഹം, നമ്മുടെ സ്വന്തമായിട്ടുള്ളവ, അതെല്ലാം ജീവന്‍റെ സാകല്യതയിലേയ്ക്കു തുറക്കപ്പെടുന്നില്ല... അതിജീവനത്തിന്‍റെ സാധാരണജീവിതത്തിന്‍റെ പരിഗണനകളിലേയ്ക്കു നാം തിരിഞ്ഞിരിക്കുന്നു..."

പുതിയ ചുവടുവയ്പുകള്‍ക്കായി ക്ഷണിച്ചുകൊണ്ട്, റോമാസഭയുടെ യാത്ര മറ്റൊരു പടിയിലേയ്ക്കു ആനയിക്കപ്പെടേണ്ടതിനു പാപ്പാ ക്ഷണിച്ചു:  "പുതിയൊരു പുറപ്പാട്, പുതിയൊരു കടന്നുപോകല്‍, അത് ദൈവജനമെന്ന നിലയിലുള്ള നമ്മുടെ തനിമയെ നവീകരിക്കും. ജനത്തിന്‍റെ രോദനം കേള്‍ക്കുക. മോശയെന്നപോലെ, ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍, നിങ്ങളുള്‍പ്പെട്ടിരിക്കുന്ന സാമൂഹ്യ സാംസ്ക്കാരിക പ്രതിഭാസത്തില്‍ അവയെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിഞ്ഞുകൊണ്ട്.  ജനം ഒരു പക്ഷേ മതബോധനം നടത്തുകയില്ലായിരിക്കാം.  പക്ഷേ, വിശ്വാസത്തി ന്‍റെയും പ്രതീക്ഷയുടെയും ചില പ്രാഥമികാനുഭവങ്ങളും ബോധ്യങ്ങളും അവര്‍ക്കു സ്വീകരിക്കാന്‍ കഴിയും... ഈജിപ്ഷ്യന്‍ സ്ത്രീകളായിരുന്ന പൂവാ, ഷിഫ്രാ എന്നീ വിജാതീയ സ്ത്രീകളോട്, ഇസ്രായേല്‍ ശിശുക്കളെ കൊല്ലാതിരുന്ന ദൈവഭയമുള്ള ആ സ്ത്രീകളോട്, ഇസ്രായേല്‍ ജനത തങ്ങളുടെ ജീവനായി ഏറെ കടപ്പെട്ടിരിക്കുന്നു. അതുപോലെ, തികച്ചും അറിയപ്പെടാത്ത എന്നാല്‍, നമ്മുടെ ജനത്തിന്‍റെ ഭാവി ഒരുക്കുന്ന ആള്‍ക്കാരോടു ഇന്നു നമ്മുടെ സഭയും കടപ്പെട്ടിരിക്കുന്നു. പ്രത്യേക ദൗത്യം ലഭിച്ചതുകൊണ്ടു നിര്‍വഹിക്കുന്ന കാര്യങ്ങളാലെന്നതിലുപരി, ദൈവഭയത്താല്‍ മാത്രം കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടായിരിക്കുമത്. മോശയുടെ മനുഷ്യത്വത്തില്‍ ദൈവം ഇസ്രായേലിനുവേണ്ടി ഇടപെട്ടതുപോലെ, ക്രൈസ്തവരുടെ മാനുഷികത ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരണമാകും. നമ്മിലേയ്ക്കു നോക്കാതെ, നമ്മെ ശല്യപ്പെടുത്തുന്നതിനും, വെല്ലുവിളിക്കുന്നതിനും അനുവദിച്ചുകൊണ്ട്, ഈ ജനങ്ങളിലേയ്ക്കു നോക്കുക. അത് തീര്‍ച്ചയായും എന്തെങ്കിലും നവമായതു സൃഷ്ടിക്കും. നമുക്ക് എന്താണുള്ളത് എന്നു ഭയപ്പെടാതെ, ഉള്ളതിനെ ഫലപൂര്‍ണമാക്കുക...

കര്‍ത്താവു നമ്മെ വിളിക്കുന്നത്, "പോയി ഫലം പുറപ്പെടുവിക്കുക" (യോഹ 15,16) എന്നു പറഞ്ഞുകൊണ്ടാണ്.  നിങ്ങളെ ക്ഷണിക്കുന്നു, നിങ്ങളുടെ സൂഹങ്ങളിലുള്ള ചില പ്രയാസങ്ങളെയും രോഗങ്ങളെയും വായിച്ചെടുക്കുക എന്ന്.  ചിലപ്പോള്‍ അതില്‍ ഫലങ്ങളൊന്നും ഭക്ഷണയോഗ്യമായി ഉണ്ടായിരിക്കുകയില്ല, മറ്റുള്ളവരുടെ വിശപ്പടക്കുന്നതിനു നല്‍കാന്‍ കഴിയുന്നതൊന്നും പുറപ്പെടുവിക്കാനും കഴിയില്ലായിരിക്കാം.  അതുകൊണ്ട് അതിന്, ഒരിക്കലും ഒന്നും പുറപ്പെടുവിക്കാന്‍ കഴിയില്ല എന്ന് നാം അര്‍ഥമാക്കരുത്.  അവിടെ പുതിയ മുകുളങ്ങള്‍ ഒട്ടിച്ചു ചേര്‍ക്കപ്പെടേണ്ടത് ആവശ്യമായിരിക്കും.  ആ പുതിയ മുകുളങ്ങള്‍ നവമായ ഫലം പുറപ്പെടുവിക്കും. സധൈര്യം മുന്നോട്ടുപോവുക.  സമയം നമ്മുടേതാണ്. മുന്നോട്ടുപോവുക!"

പ്രാദേശികസമയം വൈകുന്നേരം 7 മണിക്കാരംഭിച്ച ഈ കൂടിക്കാഴ്ചയില്‍, ഫ്രാന്‍സീസ് പാപ്പാ വിശ്വാസിസമൂഹത്തിന്‍റെ വിവിധ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി.  റോമാരൂപതയുടെ വികര്‍ ആര്‍ച്ചു ബിഷപ്പ് ആഞ്ജെലോ ദെ ദൊണാത്തിസ്, സഹായമെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, വിശ്വാസികള്‍ എന്നിവരുള്‍പ്പെടെ വലിയ ഒരു സമൂഹത്തെയാണ് പാപ്പാ അഭിസംബോധന ചെയ്തത്.








All the contents on this site are copyrighted ©.