2018-05-16 12:38:00

"ക്രിസ്തുവിനെ ധരിക്കല്‍" -പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


റോമില്‍, ഈ ദിനങ്ങളില്‍ മഴയും വെയിലും മൂടലും ഇടകലര്‍ന്ന  പ്രതികൂലകാലാവസ്ഥയാണെങ്കിലും  ഈ  ബുധനാഴ്ചയും (16/05/18) ഫ്രാന്‍സീസ് പാപ്പാ, അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍, മലയാളികളുള്‍പ്പെടെ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ     ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണം തന്നെയായിരുന്നു ഈ ആഴ്ചയും കൂടിക്കാഴ്ചാ വേദി. കാലാവസ്ഥയില്‍ അനിശ്ചിതത്വം പ്രകടമായിരുന്നെങ്കിലും മഴയുണ്ടായിരുന്നില്ല. അര്‍ക്കാംശുക്കളാല്‍ കുളിച്ചു നിന്ന ചത്വരത്തില്‍ പതിവുപോലെ വെളുത്ത തുറന്ന വാഹനത്തില്‍ എത്തിയ പാപ്പായെ കണ്ട ജനസഞ്ചയം ചെറു പതാകകള്‍ വീശിയും കൈയ്യടിച്ചും ആരവമുയര്‍ത്തിയും പാട്ടുപാടിയും തങ്ങളുടെ ആനന്ദമറിയിച്ചു. ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. 27 ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു” (വി.പൗലോസ് ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനം 3:26-27)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ താന്‍ മാമ്മോദീസായെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. മാമ്മോദീസാ വഴി ക്രിസ്തുവിനെ ധരിക്കുന്നതിനെക്കുറിച്ചായിരുന്നു പാപ്പായുടെ വിചിന്തനം.

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് മാമ്മോദീസായെക്കുറിച്ചുള്ള പ്രബോധന പരമ്പരയിലെ ആറാമത്തേതും അവസാനത്തേതുമായ തന്‍റെ   വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

പ്രഭാഷണം:

ഇന്നു നമ്മള്‍ മാമ്മോദീസായെ അധികരിച്ചുള്ള വിചിന്തന പരമ്പരയ്ക്ക് സമാപനംകുറിക്കുകയാണ്. ഈ കൂദാശയുടെ ആദ്ധ്യാത്മിക ഫലങ്ങള്‍ നയനങ്ങള്‍ക്ക്   അഗോചരവും, എന്നാല്‍, നവസൃഷ്ടിയായിത്തീര്‍ന്ന വ്യക്തിയുടെ ഹൃദയത്തില്‍ പ്രവര്‍ത്തന നിരതവുമാണ്. വെളുത്ത വസ്ത്രവും ദീപ്ത മെഴുകുതിരിയും നല്കുന്ന കര്‍മ്മം ഇതിന് വിശദീകരണമേകുന്നു. യഥാര്‍ത്ഥ വിശുദ്ധിയില്‍ ദൈവഹിതാനുസാരം മനുഷ്യനെ പുന:സൃഷ്ടിക്കാന്‍ പര്യാപ്തമായ, വീണ്ടും ജനിപ്പിക്കുന്നതായ ക്ഷാളനാനന്തരം, ആദ്യ നൂറ്റാണ്ടുമുതല്‍ തന്നെ, നവസ്നാനിതരെ പുതിയ ശുഭ്രവസ്ത്രം ധരിപ്പിക്കുന്നത് സ്വാഭാവികം. അത് ക്രിസ്തുവിലും പരിശുദ്ധാരൂപിയിലുനേടിയ ജീവിതത്തിന്‍റെ പ്രഭയുടെ പ്രതീകമാണ്. മാമ്മോദീസായെന്ന കൂദാശയില്‍ സംഭവിച്ചവയെ പ്രതീകാത്മകമായി ആവിഷ്ക്കരിക്കുന്ന ഈ വെള്ളവസ്ത്രം ദൈവികമഹത്വത്തില്‍ രൂപാന്തരീകര​ണം സംഭവിച്ചവരുടെ അവസ്ഥയെ വിളിച്ചോതുകയും ചെയ്യുന്നു.

ക്രിസ്തുവിനെ ധരിക്കുകയെന്നതിന്‍റെ പൊരുളെന്തെന്ന് വിശുദ്ധ പൗലോസ് മാമ്മോദീസ സ്വീകരിച്ചവര്‍ വളര്‍ത്തിയെടുക്കേണ്ട പുണ്യങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഓര്‍മ്മപ്പെടുത്തുന്നു.

“ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുവിന്‍. ഒരാള്‍ക്കു മറ്റൊരാളോട് പരിഭവംമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍ കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണം. സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിന്‍” (കൊളോസോസ് 3:12-14).

പെസഹാമെഴുകുതിരിയില്‍ നിന്നു കൊളുത്തിയ നാളം കൈമാറുന്ന കര്‍മ്മവും മാമ്മോദീസായുടെ ഫലത്തെ ഓര്‍മ്മപ്പെടുത്തുന്നു. “ക്രിസ്തുവിന്‍റെ വെളിച്ചം നീ സ്വീകരിക്കൂ” എന്ന് വൈദികന്‍ പറയുന്നു. ഈ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, നമ്മളല്ല വെളിച്ചം, മറിച്ച് ക്രിസ്തുവാണ് പ്രകാശം എന്നാണ്. മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ അവിടന്ന് തിന്മയുടെ അന്ധകാരത്തെ ജയിച്ചു. അവിടത്തെ പ്രകാശം സ്വീകരിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. പെസഹാത്തിരിയുടെ ദീപനാളം ഒരോ മെഴുകുതിരിയെയും പ്രകാശിപ്പിക്കുന്നതു പോലെ ഉത്ഥിതനായ കര്‍ത്താവിന്‍റെ സ്നേഹം മാമ്മോദീസാ സ്വീകരിച്ചവരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുകയും വെളിച്ചത്താലും ഊഷ്മളതയാലും നിറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആദ്യനൂറ്റാണ്ടുമുതല്‍ തന്നെ മമ്മോദീസാ “ജ്ഞാനോദയം” എന്ന് വിളിക്കപ്പട്ടിരുന്നത്.

വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് വെളിച്ചത്തിന്‍റെ മക്കളായി എന്നും വ്യാപരിക്കുകയാണ് വാസ്തവത്തില്‍ ക്രിസ്തീയ വിളി. കുഞ്ഞുങ്ങളെ സംബന്ധിച്ചാണെങ്കില്‍, തങ്ങളുടെ കുഞ്ഞുമക്കളെ വിശ്വാസത്തില്‍ സ്ഥൈര്യമുള്ളവരാകാന്‍ സഹായിച്ചുകൊണ്ട് മാമ്മോദീസായുടെ കൃപാഗ്നി അവരില്‍ ജ്വലിപ്പിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുകയെന്ന കടമ മാതാപിതാക്കള്‍ക്കും തലതൊട്ടപ്പന്മാര്‍ക്കും തലതൊട്ടമ്മമാര്‍ക്കുമുണ്ട്. ക്രിസ്തീയ വിദ്യഭ്യാസം കുഞ്ഞുങ്ങളു‌ടെ ഒരവകാശമാണ്.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയോടെയാണ് മാമ്മോദീസാപരികര്‍മ്മം പരിസമാപിക്കുന്നത്. അത് ക്രിസ്തുവില്‍ ദൈവത്തിന്‍റെ ദത്തുപുത്രരാക്കപ്പെട്ടവരായ നമ്മുടെ ഔന്നത്യത്തെ ദ്യോതിപ്പിക്കുന്നു.

 “ഗൗദേത്തെ ഏത്ത് എക്സുള്‍ത്താത്തെ” അഥവാ, “ആനന്ദിച്ചുല്ലസിക്കുവിന്‍” എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ നല്കിയ ക്ഷണം ജ്ഞാനസ്നാനത്തെ അധികരിച്ചുള്ള പ്രബോധന പരമ്പരയുടെ അവസാനം ഞാന്‍ നിങ്ങളോരോരുത്തരോടും ആവര്‍ത്തിക്കുകയാണ്:

നിന്‍റെ മാമ്മോദീസായുടെ കൃപ വിശുദ്ധിയുടെ സരണിയില്‍ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അനുവദിക്കുക. സകലവും ദൈവത്തിനായി തുറന്നിടുകയും അതിനായി ദൈവത്തെ തിരഞ്ഞെടുക്കുകയും ചെയ്യുക. സദാ വീണ്ടും ദൈവത്തെ തിരഞ്ഞെടുക്കുക. നിരാശപ്പെടരുത്, കാരണം, സകലവും സാധ്യമായിത്തീരുന്നതിന് പരിശുദ്ധാരൂപിയുടെ ശക്തി നിന്നിലുണ്ട്. മൗലികമായി വിശുദ്ധി നിന്‍റെ ജീവിതത്തില്‍ പരിശുദ്ധാരൂപിയുടെ ഫലമാണ്. നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

വിശുദ്ധനാട്ടിലും മദ്ധ്യപൂര്‍വ്വദേശത്തും സമാധാനത്തിന്‍റെയും സംഭാഷണത്തിന്‍റെയും ചര്‍ച്ചകളുടെയും സരണിയില്‍ നിന്ന് സദാ കൂടുതല്‍ അകറ്റിക്കൊണ്ട് സംഘര്‍ഷാവസ്ഥ രൂക്ഷമായക്കൊണ്ടിരിക്കുകയും അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നതില്‍ പാപ്പാ തന്‍റെ ആശങ്ക രേഖപ്പെടുത്തി.

ആക്രമണങ്ങളില്‍ ജീവന്‍ പൊലിയുകയും മുറിവേല്‍ക്കുകയും ചെയ്തവരെയൊര്‍ത്ത് താന്‍ വേദനിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ യാതനകളനുഭവിക്കുന്നവരുടെ ചാരെ താന്‍ പ്രാര്‍ത്ഥനയാലും സ്നേഹത്താലും സന്നിഹിതാനാണെന്ന് അറിയിച്ചു.

അക്രമം ഒരിക്കലും സമാധനം കൊണ്ടുവരില്ല എന്ന സത്യം ആവര്‍ത്തിച്ച പാപ്പാ യുദ്ധം യുദ്ധത്തെയും അക്രമം അക്രമത്തെയും ക്ഷണിച്ചു വരത്തുന്നുവെന്ന് പറഞ്ഞു.

സംഭാഷണവും നീതിയും സമാധാനവും പ്രബലപ്പെടുന്നതിനുവേണ്ടിയുള്ള പരിശ്രമം നവീകരിക്കാന്‍ പാപ്പാ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും ക്ഷണിച്ചു.

തുടര്‍ന്ന് പാപ്പാ സമാധാനരാജ്ഞിയായ പരിശുദ്ധ കന്യകാമാറിയത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലി.

തദ്ദനന്തരം പാപ്പാ ഇസ്ലാം അനുയായികള്‍ റംസാന്‍ പുണ്യമാസത്തില്‍ വ്യാഴാഴ്ച (17/05/18) പ്രവേശിക്കുന്നത് അനുസ്മരച്ചു.

പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയുമായ ഈ സവിശേഷ കാലം സമാധാനസരണിയായ ദൈവത്തിന്‍റെ വഴിയില്‍ സഞ്ചരിക്കുന്നതിന് സഹായകമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

പൊതുദര്‍ശനപരിപാടിയുടെ അവസാനഭാഗത്ത് യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ മെയ്മാസത്തിലെ മരിയന്‍ പ്രാര്‍ത്ഥന അവരെ താങ്ങിനിറുത്തുകയും കുടുംബത്തിലും തൊഴിലിടങ്ങളിലും തങ്ങളുടെ സാന്നിധ്യം ക്രിസ്തുശിഷ്യരുടെതായ ഉത്സാഹത്തോടുകൂടിയും ക്രിസ്തുവിലുള്ള ജീവിതത്തിന്‍റെ  സന്തോഷത്തിലും ജീവിക്കുന്നതിന് അവര്‍ക്ക് പ്രചോദനമേകുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു.

തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.