2018-05-15 09:10:00

ലോകമാധ്യമദിനാചരണം: മംഗളാശംസകളുമായി മാര്‍പ്പാപ്പാ


2018 മെയ് 13-ാം തീയതി, ഞായറാഴ്ചയില്‍ ആചരിച്ച 52-ാമത് ലോകമാധ്യമദിനത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകമായി അനുസ്മരിക്കുകയും അവര്‍ക്കു ആശംസകള്‍ നേരുകയും ചെയ്തു.  അന്നേദിനം, ത്രികാലജപാനന്തരമുള്ള സന്ദേശത്തില്‍ പാപ്പാ ഇങ്ങനെ പറഞ്ഞു: 

“ഇന്ന്, വ്യാജവാര്‍ത്തകളും സമാധാനത്തിന്‍റെ പത്രപ്രവര്‍ത്തനവും എന്ന വിഷയത്തോടെ ലോകമാധ്യമദിനം  ആചരിക്കുകയാണ്. മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച്, വാര്‍ത്തകളിലെ സത്യത്തെ തേടുന്നതിനു പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്ന, സമാധാനപൂര്‍ണവും, നീതിയുള്ളതുമായ ഒരു സമൂഹത്തിനു സംഭാവനയേകുന്ന എല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.”

അന്നേദിനം, ഞായറാഴ്ചയില്‍ ഈ ദിനാചരണത്തോടനുബന്ധിച്ച്, പ്രത്യേകം ട്വിറ്റര്‍ സന്ദേശം നല്‍കുകയും ചെയ്തു പാപ്പാ.  ഇപ്രകാരമാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്:

"എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് ശബ്ദമില്ലാത്തവര്‍ക്ക്, സേവനം ചെയ്യുന്ന സമാധാനത്തിന്‍റെ ഒരു പത്രപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന് മാധ്യമരംഗത്തെ വിദഗ്ധരെ ഞാന്‍ ആഹ്വാനം ചെയ്യുന്നു".

സത്യത്തിന്‍റെ ശുശ്രൂഷയില്‍ വ്യാപൃതരാകുക എന്നതാണു പത്രധര്‍മമെന്നു സംശയത്തിനിടയില്ലാത്ത വിധം പ്രബോധിപ്പിക്കുന്നതാണ് ഫ്രാന്‍സീസ് പാപ്പായുടെ 52-ാമത് ലോകമാധ്യമദിന സന്ദേശം.  മാധ്യമപ്രവര്‍ത്തനരംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തി ചരിത്രത്തിന്‍റെ ആദ്യപകര്‍പ്പ് തയ്യാറാക്കുന്ന ആളെന്ന നിലയില്‍, സമൂഹത്തില്‍ സുപ്രധാനമെന്നു മാത്രമല്ല ഉത്തരവാദിത്വമുള്ള പങ്ക് വഹിക്കുന്നു എന്നു പാപ്പാ ചൂണ്ടിക്കാട്ടുന്നു.  സംഭവങ്ങളെ അവതരിപ്പിക്കുകയും, അവയെ ജനങ്ങള്‍ക്കായി വ്യാഖ്യാനിക്കുക കൂടി ചെയ്യുന്ന ധര്‍മം നിര്‍വഹിക്കുന്നതിനാല്‍, മാധ്യമധാര്‍മികത ഏറെ ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട് പാപ്പാ.

പന്തക്കുസ്തായ്ക്കു തൊട്ടുമുമ്പുവരുന്ന ഞായറാഴ്ചയിലാണ് സഭ ലോകമാധ്യമദിനമായി ആചരിക്കുന്നത്.  രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിട്ടുള്ള ഏക ലോകദിനാചരണമായ ഇത് (‎‎Inter Mirifica, 1963, no. 18) 1967-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായാല്‍ സ്ഥാപിതമായി. മാര്‍പ്പാപ്പാമാര്‍ നല്‍കുന്ന ലോകമാധ്യമദിനസന്ദേശം പരമ്പരാഗതമായി പ്രസിദ്ധപ്പെടുത്തിവരുന്നത്, പത്രപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വി. ഫ്രാന്‍സിസ് ദെ സെയില്‍സിന്‍റെ തിരുനാളില്‍, ജനുവരി 24-ാം തീയതിയാണ്.








All the contents on this site are copyrighted ©.