2018-05-10 13:19:00

സ്വര്‍ഗ്ഗാരോഹണത്തിരുന്നാളില്‍ പാപ്പായുടെ മൂന്നു ട്വീറ്റുകള്‍


കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിരുന്നാളില്‍, അതായത്, വ്യാഴാഴ്ച (10/05/18), പാപ്പാ മൂന്നു സന്ദേശങ്ങള്‍ ട്വിറ്ററില്‍ കണ്ണിചേര്‍ത്തു.

ഇവയില്‍ ആദ്യത്തേത് സ്വര്‍ഗ്ഗാരോഹണത്തിരുന്നാളുമായി ചേര്‍ന്നുപോകുന്നതാണ്.

“ദൈവത്തോടൊത്തുള്ള ജീവിതത്തിന്‍റെ പൂര്‍ണ്ണതയില്‍ നമ്മളും പങ്കുചേരുമെന്ന വാഗ്ദാനം ഉത്ഥിതനായ യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തില്‍ ഉള്‍ക്കൊള്ളുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

ഈ സന്ദേശം, പതിവുപോലെ, അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.

ഇറ്റാലിയന്‍ ഭാഷയില്‍ മാത്രമായി നല്കിയിരിക്കുന്ന രണ്ടും മൂന്നും സന്ദേശങ്ങള്‍ പാപ്പാ, വ്യാഴാഴ്ച (10/05/18) ഇറ്റലിയിലെ നോമദെല്‍ഫിയ, ലൊപ്പ്യാനൊ എന്നിവിടങ്ങളില്‍ നടത്തിയ സന്ദര്‍ശനവുമായി ബന്ധപ്പെട്ടവയാണ്.

“സാഹോദര്യത്തിന്‍റെ നിയമം നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമായിത്തീരുന്നതിനുവേണ്ടി നമുക്കെല്ലാവര്‍ക്കും വൈദികനായ ത്സേനൊയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പരിശ്രമിക്കാം” എന്നാണ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശങ്ങളില്‍ രണ്ടാമത്തേത്.

“നാമെല്ലാവരും സ്വഭവനങ്ങളിലാണെന്ന പ്രതീതി ലൊപ്യാനൊയില്‍ ഉളവാകുന്നു. ക്യാര ലുബിക്കിന്‍റെ ഐക്യമെന്ന സിദ്ധിയാല്‍ പ്രചോദിതരായി നമുക്കു സംഭാഷണത്തിന്‍റെയും കൂട്ടായ്മയുടെയും പുത്തന്‍ വഴികള്‍ തേടാം” എന്നതാണ് പാപ്പായുടെ മൂന്നു സന്ദേശങ്ങളില്‍ അവസാനത്തേത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.