2018-05-10 13:04:00

സ്നേഹത്തിന്‍റെ ഭാഷ ഗ്രഹിച്ച വ്യക്തി ഡോണ്‍ ത്സേനൊ സള്‍ത്തീനി


സുവിശേഷത്തെ നന്മനിറഞ്ഞതും ഹൃദ്യവുമായ ജീവിതത്തിന്‍റെ മാതൃകയാക്കിക്കൊണ്ട് നവമായൊരു നാഗരികത സാക്ഷാത്ക്കരിക്കാന്‍ സന്നദ്ധമായ പ്രവചനാത്മക യാഥാര്‍ത്ഥ്യമാണ് നോമദെല്‍ഫിയ സമൂഹം എന്ന് മാര്‍പ്പാപ്പാ ശ്ലാഘിക്കുന്നു.

വത്തിക്കാനില്‍ നിന്ന് വടക്കുപടിഞ്ഞാറ് 180 ലേറെ കിലോമീറ്റര്‍ അകലെ ഗ്രൊസ്സേത്തൊയിലുള്ള നൊമദേല്‍ഫിയ എന്ന സ്ഥലത്ത് ത്സേനൊ സള്‍ത്തീനി എന്ന വൈദികന്‍, അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന  തങ്ങള്‍ക്കുള്ളതെല്ലാം പൊതുവായി കരുതി ഏകഹൃദയത്തോടും ഏകാത്മവോടുംകൂടെ കഴിഞ്ഞിരുന്ന ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ മാതൃകയില്‍, രൂപംകൊടുത്ത സമൂഹം വ്യാഴാഴ്ച (10/05/18) സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ സമൂഹാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ഈ സമൂഹത്തിന്‍റെ ജീവിതത്തിന് സവിശേഷതയേകുന്നത് സാഹോദര്യനിയമമാണെന്ന് പാപ്പാ തദ്ദവസരത്തില്‍ അനുസ്മരിച്ചു.

ദുരിതത്തില്‍ കഴിഞ്ഞിരുന്ന അനാഥക്കുട്ടികളുടെ സഹനങ്ങള്‍ക്കു മുന്നില്‍ അവര്‍ക്കു    ഗ്രഹിക്കാന്‍ കഴിയുക സ്നേഹത്തിന്‍റെ ഭാഷ മാത്രമാണെന്ന് ഡോണ്‍ ത്സേനൊ ഗ്രഹിച്ചുവെന്നു പാപ്പാ പറഞ്ഞു.

അങ്ങനെ ഏകാന്തതയ്കൊ ഒറ്റപ്പെടുത്തലിനൊ ഇടമില്ലാത്തതും ഭിന്ന കുടുംബങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്‍റെ തത്ത്വം വാഴുന്നതും വിശ്വാസത്തില്‍ സഹോദരങ്ങളായി അംഗങ്ങള്‍ പരസ്പരം കരുതുന്നതുമായ സവിശേഷമായൊരു സമൂഹത്തിന് രൂപം നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും പാപ്പാ അനുസ്മരിച്ചു.

പ്രായാധിക്യത്തിലെത്തിയവരോടു ഈ സമൂഹം കാട്ടുന്ന സവിശേഷമായ കരുതല്‍ പാപ്പായുടെ പ്രശംസയ്ക്ക് പാത്രമായി.

അനാരോഗ്യത്തിലും അവര്‍ക്ക് കുടുംബത്തില്‍ സഹോദരീ സഹോദരങ്ങളുടെ സ്നേഹപരിചരണത്തില്‍ കഴിയാന്‍ സാധിക്കുന്നത് പാപ്പാ എടുത്തു പറഞ്ഞു.

നൊമദെല്‍ഫിയ സന്ദര്‍ശനവേളയില്‍ പാപ്പാ ഡോണ്‍ ത്സേനൊ സള്‍ത്തീനിയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

1990 ആഗസ്റ്റ് 30 ന് ഉത്തര ഇറ്റലിയിലെ ഫൊസ്സോളിയില്‍ ജനിച്ച ദൈവദാസന്‍ ഡോണ്‍ ത്സേനൊ സള്‍ത്തീനി ഗ്രൊസ്സേത്തൊയില്‍ വച്ച് 1981 ജനുവരി 15 നാണ് മരണമടഞ്ഞത്.

 

 








All the contents on this site are copyrighted ©.