2018-05-10 13:23:00

മാഫിയയ്ക്കെതിരെ പോരാടാന്‍ സുവിശേഷാനുസൃത ജീവിതം-പാപ്പാ


സുവിശേഷത്തിന്‍റെ പ്രശാന്തവും ധീരവുമായ അനുദിനാഭ്യാസത്തിലൂടെ തിന്മയ്ക്കെതിരെ പോരാടാന്‍ മാര്‍പ്പാപ്പാ ഇറ്റലിയുടെ തെക്കുള്ള സിസിലി ദ്വീപിലെ നിവാസികള്‍ക്ക് പ്രചോദനം പകരുന്നു.

വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ പ്രസ്തുത ദ്വീപിലെ അഗ്രിജേന്തൊ എന്ന സ്ഥലം സന്ദര്‍ശിക്കുകയും മാഫിയാസംഘത്തെ മനപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് അഗ്രിജേന്തൊ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായ കര്‍ദ്ദിനാള്‍ ഫ്രാന്‍ചെസ്കൊ മോന്തെനെഗ്രൊയ്ക്ക് ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ അയച്ച സന്ദേശത്തിലാണ് ഈ പ്രചോദാനത്മകവചസ്സുകള്‍ ഉള്ളത്.

കോസ നോസ്ത്ര എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന മാഫിയസംഘം വധിച്ച വാഴ്ത്തപ്പെട്ട വൈദികന്‍ പീനൊ പുള്യേസിയും അദ്ദേഹത്തെപ്പോലുള്ളവരും തുറന്നിട്ട സുവിശേഷജീവിത പാതയിലൂടെ മുന്നേറാന്‍ പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.

കുട്ടികളുടെയും യുവജനങ്ങളുടെയും പരിശീലന യത്നത്തില്‍, പ്രത്യേകിച്ച്, ഈ സുവിശേഷാഭ്യസനത്തിന്‍റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറയുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.