2018-05-10 13:12:00

നിഷ്കളങ്കതയും സ്ഥൈര്യവും ക്രിസ്തീയ സമൂഹത്തില്‍ വിളങ്ങണം


നിഷ്കളങ്കതയും സ്ഥൈര്യവുമാണ് ക്രിസ്തീയ സമൂഹത്തിന്‍റെ സഞ്ചാരപഥത്തിലെ മുഖ്യ രണ്ടു പദങ്ങളെന്ന് മാര്‍പ്പാപ്പാ.

വ്യാഴാഴ്ച (10/05/18) നൊമദെല്‍ഫിയ സന്ദര്‍ശനാനന്തരം അവിടെ നിന്ന് 150 കിലോമീറ്റര്‍ കിഴക്കും, വത്തിക്കാനില്‍ നിന്ന് 250ലേറെ കിലോമീറ്റര്‍ വടക്കും മാറി ഇറ്റലിയിലെ തൊസ്കാന പ്രവിശ്യയില്‍ ഫ്ലോറന്‍സ് നഗരത്തില്‍ സ്ഥിതിചെയ്യുന്ന ലൊപ്പ്യാനൊയില്‍, ഫൊക്കൊളാരി പ്രസ്ഥാനത്തിന്‍റെ  25 ചെറുനഗരങ്ങളില്‍ ആദ്യത്തെതായ നഗരത്തില്‍, എത്തിയ ഫ്രാന്‍സീസ് പാപ്പാ ആ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചാവേളയില്‍ ചോദ്യങ്ങള്‍ക്കുത്തരമായി നടത്തിയ പ്രഭാഷണത്തിലാണ് ഇതു പറ‍ഞ്ഞത്.

സത്യത്തിനു സാക്ഷ്യമേകുന്നതില്‍ ക്രിസ്തുശിഷ്യര്‍ക്കുണ്ടായിരുന്ന ധൈര്യവും ആത്മാര്‍ത്ഥതയും, ഒപ്പം, ദൈവത്തിലും അവിടത്തെ കാരുണ്യത്തിലുമുള്ള വിശ്വാസവും അടങ്ങുന്ന ജീവിത ശൈലിയെയാണ് പുതിയ നിയമത്തില്‍ നിഷ്കളങ്കതെയെ ദ്യോതിപ്പിക്കുന്ന പറേസിയ (PARRESIA) എന്ന പദം സൂചിപ്പിക്കുന്നതെന്നും സ്ഥൈര്യത്തെ സൂചിപ്പിക്കുന്ന ഹിപ്പൊമൊണേ (HYPOMONE) എന്ന പദം കൊണ്ട് പൗലസ്പ്പസ്തോലന്‍ വിവക്ഷിക്കുന്നത് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിലും ക്രിസ്തുവിലുള്ള പുതിയ ജീവിത്തിലും മുന്നേറാനുള്ള നിശ്ചയദാര്‍ഢ്യമാണെന്നും പാപ്പാ വിശദീകരിച്ചു.

ഫോക്കൊളാരി പ്രസ്ഥാനത്തിന് ജന്മമേകിയ ക്യാര ലുബിക് രൂപംകൊടുത്ത ലോപ്യാനൊ, മനുഷ്യരുടെ നഗരത്തിന്‍റെ പുതിയ മുഖത്തെ  ദൈവത്തിന്‍റെ  സ്നേഹപദ്ധതിയ്ക്കനുസൃതം മെനഞ്ഞെടുക്കുക എന്ന ദൗത്യം നിര്‍വ്വഹിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.








All the contents on this site are copyrighted ©.