2018-05-10 15:33:00

DOCAT ​LXVI​: “അധികാരവും ധാര്‍മികതയും''


ഡുക്യാറ്റ് എന്ന ഗ്രന്ഥത്തില്‍ സഭയുടെ സാമൂഹ്യപ്രബോധനങ്ങളില്‍ അധികാരത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും ഉള്ള ചര്‍ച്ചകളുമായി എട്ടാമധ്യായത്തിലേയ്ക്കു പ്രവേശിക്കുകയാണു നാം.  വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളാവുകയും സമൂഹങ്ങള്‍ സ്വാഭാവികമായി രാഷ്ട്രങ്ങളായി മാറുകയും ചെയ്യുന്നുവെന്നുള്ള നിരീക്ഷണം സാധാരണമാണ്.  ഈ പരിണാമവഴിയില്‍ നഗരങ്ങളും അധികാരകേന്ദ്രങ്ങളും ഉണ്ടാവുകയുംചെയ്യും.  അതുകൊണ്ട് ഈ അധ്യായം തുറക്കുക ഗ്രീക്കുചിന്തകനായ അരിസ്റ്റോട്ടിലിന്‍റെ പൊളിറ്റിക്സ് എന്ന പ്രശസ്ത കൃതിയിലെ ഒരു വാക്യത്തോടെയാണ്.  അദ്ദേഹത്തിന്‍റെ ചിന്തയിതാണ്: “നഗരം ഒരു സ്വാഭാവിക ഉത്പന്നമാണെന്നും മനുഷ്യര്‍ സ്വാഭാവികമായി ഒരു രാഷ്ട്രീയ മൃഗമാണെന്നതും വ്യക്തമാണ്” (അരിസ്റ്റോട്ടില്‍, പൊളിറ്റിക്സ്, I, 2). 

മനുഷ്യന്‍ സമൂഹജീവിയാണെന്നത് രാഷ്ട്രരൂപവത്ക്കരണത്തിനു നിദാനമായ വസ്തുതയാണ്.  രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനത്തിനു  രാഷ്ട്രാ ധികാരം ഉചിതവും ഒഴിച്ചുകൂടാനാവാത്തതുമാണ്.  അധികാരത്തിലെ ധാര്‍മികതയില്ലായ്മയുടെ ദുരന്തഫലങ്ങള്‍  രാഷ്ട്രീയം എന്ന വാക്കിനെ അധികാരത്തിനുവേണ്ടിയുള്ള മോഹത്തോടു ബന്ധപ്പെടുത്തി, അഴിമതിയോടു ബന്ധപ്പെടുത്തി വീക്ഷിക്കുന്ന ഒരു നിഷേധാത്മകമായി ഉപയോഗിക്കുന്നതിനുപോലും ഇക്കാലത്ത് ഇടയായിട്ടുണ്ടെന്നു പറയാം.  ഇത്തരമൊരു സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോള്‍, രാഷ്ട്രത്തെക്കുറിച്ച്, അധികാരത്തെക്കുറിച്ച്, അതിലെ ധാര്‍മികതയെക്കുറിച്ച് സഭയുടെ പ്രബോധനങ്ങള്‍ ശ്രവിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട് അധികാരത്തെയും രാഷ്ട്രസംവിധാനത്തെയും ശരിയായ രീതിയില്‍ മനസ്സിലാക്കി, പൊതുനന്മയ്ക്കുചിതമായ സംഭാവന നല്‍കുന്നതിന് നമുക്കു പരിശ്രമിക്കാം.

ഇന്ന് നാം അധികാരവും ധാര്‍മികതയും എന്ന എട്ടാമധ്യായത്തില്‍ ആദ്യഭാഗത്തുനിന്ന് 195 മുതല്‍ 198 വരെയുള്ള നാലുചോദ്യങ്ങളാണ് പരിചിന്തനത്തിന് എടുക്കുക. ഇവിടെ രാഷ്ട്രീയസമൂഹത്തെ ക്കുറിച്ചും രാഷ്ട്രീയത്തിന്‍റെ പ്രസക്തിയെക്കുറിച്ചും, ക്രിസ്തീയമായ നിരീക്ഷണങ്ങളോടെയും വിലയിരുത്തലുകളോടെയുമുള്ള പ്രബോധനങ്ങള്‍ കാണാം. ആദ്യചോദ്യത്തിനുത്തരം, രാഷ്ട്രീയ സമൂഹം എന്നതിന്, പ്രാചീന നിര്‍വചനം അവഗണിക്കാതെ തന്നെ, ശരിയായ വീക്ഷണത്തിലേയ്ക്കു നമ്മെ നയിക്കുന്നു .

ചോദ്യം 195: എന്താണ് രാഷ്ടീയ സമൂഹം?

രാഷ്ടീയസമൂഹം ഒരു പൊതുസമൂഹത്തിന്‍റെ പൊതുവായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഘടകമാണ്.  റോമാക്കാര്‍ ‘റെസ് പുബ്ലിക്ക’ എന്ന പ്രയോഗംകൊണ്ടു വിവക്ഷിച്ചിരുന്നത് പൊതുവായ കാര്യങ്ങളാണ്. സ്വകാര്യതാല്‍പ്പര്യങ്ങളില്‍നിന്ന് അവ വ്യത്യസ്തമാണ്. പ്രാചീനകാലത്ത്, പൊതുവായ കാര്യങ്ങളെ ഒരുവന്‍ തന്‍റെ സ്വന്തംകാര്യങ്ങളെന്നപോലെ നോക്കുന്നത് ആദരണീയമായൊരു കാര്യ മായി കരുതിയിരുന്നു. അരിസ്റ്റോട്ടിലിന്‍റെ വീക്ഷണത്തില്‍ മനുഷ്യന്‍ ഒരു “രാഷ്ട്രീയ മൃഗം” ആണ്.  ഒരുവന്‍ യഥാര്‍ഥ മനുഷ്യനായിത്തീരുന്നത് പൊതുജീവിതം രൂപപ്പെടുത്താന്‍ അവനെ സഹായി ക്കുകയും തല്‍ഫലമായി ഒരു പൗരനെപ്പോലെ അവന്‍ ജീവിക്കുകയും ചെയ്യുമ്പോഴാണ്.

അല്‍മായ വിളിയെക്കുറിച്ചു പറയുമ്പോള്‍, യുക്യാറ്റ് ഓര്‍മിപ്പിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ്.  “തന്‍റെ വിശ്വാസത്തിലൂടെ ഒരു ക്രൈസ്തവന്‍, സമൂഹത്തിലും ജീവിതവ്യാപാരങ്ങളിലും രാഷ്ട്രീയത്തിലും മുദ്രപതിക്കുന്നു” (139).   ക്രിസ്തുവിനു മുമ്പു ജീവിച്ചിരുന്ന സിസറോയുടെ ചിന്തയും രാഷ്ട്രീയാധികാരത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്: “ഗവണ്‍മെന്‍റിന്‍റെ ഭരണം നടത്തേണ്ടത് ഒരുവന്‍റെ സൂക്ഷത്തിന് ഏല്പിക്കപ്പെട്ടവരുടെ ഉപകാരത്തിനുവേണ്ടിയാണ്. അല്ലാതെ,  അത് ഏറ്റെടുത്തുവരുടെ നേട്ടത്തിനുവേണ്ടിയല്ല” (മാര്‍ക്കൂസ് തുളിയൂസ് സിസറോ, ബി.സി. 106-43, റോമന്‍ രാഷ്ട്രമീമാംസകന്‍).

അരിസ്റ്റോട്ടില്‍ തുടങ്ങിയ പ്രാചീനചിന്തകര്‍ മനുഷ്യനെ രാഷ്ട്രീയ ജീവിയായി നിര്‍വചിക്കുമ്പോഴും ക്രിസ്തുമതം മനുഷ്യവ്യക്തിയുടെ മൂല്യത്തെ വ്യതിരിക്തമാക്കുന്നുണ്ട്. അവനു ദൈവം നല്‍കിയിരിക്കുന്ന മഹത്വത്തിനനുസരിച്ചുള്ളതാണത്.  അതാണ് 196-ാമത്തെ ചോദ്യത്തിനുത്തരം.

ചോദ്യം 196: ക്രിസ്തുമതമനുസരിച്ച് ഒരു മനുഷ്യന്‍ എങ്ങനെ രാഷ്ട്രീയജീവിയായിരിക്കുന്നു?

പ്രാചീന ഗ്രന്ഥകര്‍ത്താക്കളില്‍നിന്നു വ്യത്യസ്തമായി ക്രിസ്തുമതം മനുഷ്യവ്യക്തിയുടെ പരസ്യവും രാഷ്ട്രീയവുമായ അവന്‍റെ നേട്ടങ്ങളെ ആശ്രയിക്കാത്ത വ്യവസ്ഥാതീതമായി മൂല്യത്തെ ഊന്നിപ്പറയുന്നു. ഒരു വ്യക്തി അംഗവൈകല്യമുള്ളവനായാലും പ്രായമേറിയാലും ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവന്‍ എന്ന നിലയില്‍ അയാള്‍ക്ക് ഒരു മഹത്വമുണ്ട്.  അതുകൊണ്ട്, ക്രിസ്തുമതത്തിലെ എല്ലാ രാഷ്ട്രീയചിന്തകളും മനുഷ്യവ്യക്തിക്ക് ദൈവം നല്‍കിയ മഹത്വമനുസരിച്ചാണ് അളക്കപ്പെടുന്നത്.  മനുഷ്യജീവി ഒരേസമയം ഒരു വ്യക്തിയും സമൂഹജീവിയുമാണ്.  അവന്‍ ബന്ധങ്ങളുടെ ത്രിവിധ വൃത്തത്തില്‍ ജീവിക്കുന്നു: 1. തന്നോടുതന്നെയും  2. സഹജീവികളായ മനുഷ്യരോടും 3. ദൈവത്തോടും.  മനുഷ്യന്‍ രാഷ്ട്രതന്ത്രത്തിന്‍റെ മാനദണ്ഡവും വിഷയവുമാണ്.

രാഷ്ട്രീയത്തിലും സമൂഹത്തിലും പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവര്‍ക്കുള്ള കടമയെക്കുറിച്ച് സഭയുടെ പ്രബോധനം വ്യക്തമാണ്. യുവജനമതബോധനഗ്രന്ഥത്തില്‍, ചോദ്യം 440-ന്‍റെ ഉത്തരമായി നാമിങ്ങനെ വായിക്കുന്നു: “സുവിശേഷ ചൈതന്യത്തില്‍, അതായത് പരസ്നേഹം, സത്യം, നീതി എന്നിവയോടെ രാഷ്ട്രീയത്തിലും സമൂഹത്തിലും വ്യവസായത്തിലും പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവരായ അല്‍മായര്‍ക്കു സവിശേഷമായ കടമയുണ്ട്.  ഈ പ്രവര്‍ത്തനത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശം കത്തോലിക്കാ സാമൂഹിക പ്രബോധനം അവര്‍ക്കു വ്യക്തമായി നല്‍കുന്നുണ്ട്” (CCC 2442).

ടെയ്യ്ലര്‍ കാള്‍ഡ്വെല്‍ (1900-1985), എന്ന ആംഗ്ലോ അമേരിക്കന്‍ നോവലിസ്റ്റ്, സിസറോയുടെ തത്വചിന്തയെ ഭാവനാത്മകമായി സംക്ഷേപിച്ചു കുറിച്ചിരിക്കുന്നതും ചിന്തനീയമാണ്. “ബഡ്ജറ്റ് സന്തു ലിതമായിരിക്കണം. പൊതുക്കടം കുറയ്ക്കണം. ജനറല്‍മാരുടെ ധിക്കാരം മയപ്പെടുത്തുകയും നിയന്ത്രിക്കപ്പെടുകയും വേണം.  റോമാ സാമ്പത്തിക ശൂന്യതയനുഭവിക്കാതിരിക്കാന്‍ വിദേശ നാടു കള്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കണം”.

അടുത്ത ചോദ്യത്തിനുത്തരമായി, വ്യക്തി, സമൂഹം, സ്റ്റേറ്റ് എന്നിവയുടെ മൂല്യക്രമം സഭ പഠി പ്പിക്കുന്നു.

ചോദ്യം 197: രാഷ്ട്രീയത്തിന് എന്തുമാത്രം പ്രാധാന്യമുണ്ട്?

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സ്റ്റേറ്റ് എപ്പോഴും വ്യക്തിക്കുശേഷമാണ്, അല്ലെങ്കില്‍ ഇന്നു നാം സിവിള്‍ സമൂഹം എന്നു വിളിക്കുന്ന വ്യക്തികളുടെ സമൂഹത്തിനുശേഷമാണ് വരുന്നത്.  ഒരു വ്യക്തി ആദ്യം തന്നെത്തന്നെയും ദൈവവുമായുള്ള തന്‍റെ ബന്ധത്തില്‍ തന്‍റെ മഹത്വത്തെ യും കാണുന്നു. പിന്നീട് തന്‍റെ സഹജീവികളായ മനുഷ്യരോടുള്ള ബന്ധത്തില്‍ പൂര്‍ണത നേടുന്നു. ഈ രണ്ടു മാനങ്ങളും പരസ്പരം ഉറ്റബന്ധം പുലര്‍ത്തുന്നു. എങ്ങനെയായാലും മനുഷ്യന്‍ ആദ്യം തന്നിലേയ്ക്കുതന്നെ വരണം.  പിന്നീട് സമൂഹത്തിലേക്കും. അവസാനം സ്റ്റേറ്റിന്‍റെ രാഷ്ട്രീയ സംഘ ടനയിലേക്കും വരണം.

വ്യക്തിയുടെ മൂല്യം ഇത്രയേറെ ഉയര്‍ന്നതായതിനാല്‍, സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും അതിരുകളെ അതിലംഘിക്കുന്ന വിശ്വമാനവികതയിലേയ്ക്ക് ഉയരാന്‍ അയാള്‍ക്കു കഴിയും. അതിനു മഹത്തായ ഉദാഹരണമാണ്, നാമേവരും അറിയുന്ന മദര്‍ തെരേസ.  വിശുദ്ധ ഇങ്ങനെ പറഞ്ഞി‌ട്ടുണ്ട്:  “രക്തംകൊണ്ട് ഞാന്‍ അല്‍ബേനിയക്കാരിയാണ്. പൗരത്വംകൊണ്ട് ഞാന്‍ ഇന്ത്യാക്കാരിയും. വി ശ്വാസംകൊണ്ട് ഞാന്‍ കത്തോലിക്കാ കന്യാസ്ത്രീയാണ്. എന്നാല്‍ എന്‍റെ വിളിയെ സംബന്ധിച്ച് ഞാന്‍ ലോകത്തിന്‍റേതാണ്. എന്‍റെ ഹൃദയത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ പൂര്‍ണമായി യേശുവിന്‍റെ ഹൃദയത്തിന്‍റേതാണ്” (വി. മദര്‍ തെരേസ). മദര്‍ തെരേസയുടെ ഈ മനോഹര പൗരത്വത്തിന്‍റെ മാതൃകയ്ക്കുമുമ്പില്‍ ഇക്കാര്യംകൂടി നമ്മുടെ ശ്രദ്ധയിലുണ്ടായിരിക്കുക ആവശ്യമാണ്: “സ്റ്റേറ്റിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം എപ്പോഴും ഇതായിരിക്കണം: വ്യക്തികളായ പൗരന്മാര്‍ക്ക് അവരുടെ വ്യക്തിത്വശക്തികളുടെ വികസനം” (വില്യം വോണ്‍ ഹംബോള്‍ട്ട്, 1767-1835, ജര്‍മന്‍ പണ്ഡിതന്‍, രാഷ്ട്രതന്ത്രജ്ഞന്‍).

മേല്‍പ്പറഞ്ഞ പ്രബോധനങ്ങള്‍, സ്റ്റേറ്റിന്‍റെ മൂല്യത്തെ കുറച്ചുകാണിക്കുകയല്ല. അടുത്ത ചോദ്യത്തിന്‍റെ ഉത്തരത്തിലൂടെ സ്റ്റേറ്റു എത്രമാത്രം പ്രസക്തമാണെന്നു കാണാം.

ചോദ്യം 198: മനുഷ്യനു സ്റ്റേറ്റിനെ എത്രകണ്ട് ആവശ്യമുണ്ട്?

മനുഷ്യനു മുന്‍ഗണനയുണ്ടെങ്കിലും സ്റ്റേറ്റ് ഇല്ലാതിരിക്കാന്‍ നമുക്കു സാധ്യമല്ല.  അതിനു സഹായപരമായ – അതുകൊണ്ട് അനുബന്ധപരമായ – പ്രാധാന്യമാണുള്ളത്. എന്നാലും സമൂഹത്തില്‍ ഏതെങ്കിലും തലത്തിലുള്ള ക്രമം കൊണ്ടുവരാനും അതുറപ്പാക്കാനും അത് അനുപേക്ഷണീയമാണ്. വ്യക്തികളുടെയും സമൂഹസംബന്ധമായ ഗ്രൂപ്പുകളോടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും പൊതുനന്മയയുടെ ഒരു വീക്ഷണത്തില്‍ സ്വയം ചാലകമായി പരസ്പരം ലയിക്കുകയെന്നത് വിസ്മ യനീയമായിരിക്കും. എന്നാല്‍ സമൂഹം വിവിധങ്ങളായ പ്രത്യേക താല്‍പ്പര്യങ്ങളാല്‍ പിറകോട്ടും മുമ്പോട്ടും തള്ളപ്പെട്ടുകൊണ്ടിരിക്കും. ഇതു കയ്പ്പുള്ള സംഘട്ടനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും മാത്സര്യത്തിനും കാരണമാകും. ശക്തന്മാര്‍ ദുര്‍ബലര്‍ക്കു തടസ്സമുണ്ടാക്കിക്കൊണ്ടിരിക്കും. അത്തരം ഒരവസ്ഥയില്‍ സ്റ്റേറ്റ് അല്ലാതെ മറ്റാരാണ് ക്രമം സൃഷ്ടിക്കണമെന്നു സങ്കല്പിക്കപ്പെടുന്നത്?  സ്റ്റേറ്റിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം നിയമമാണ്. ഭരണഘടനാപരമായ സ്റ്റേറ്റ് പൊതുനന്മയ്ക്ക് ഉപകാരംചെയ്യുന്ന ഒരു ചട്ടക്കൂടുണ്ടാക്കുന്നു.  ജനങ്ങളുടെ സ്വാതന്ത്ര്യം തന്നിഷ്ടംപോലെ അല്ലെങ്കില്‍ അത്യാവശ്യത്തിലേറെ, വെട്ടിച്ചുരുക്കാതെ അങ്ങനെചെയ്യുന്നു.  ഏറ്റവും നന്നായിരുന്നാല്‍ മനുഷ്യ വ്യക്തിക്കു സ്വതന്ത്രമായി വികസിക്കാനുള്ള സുരക്ഷിതമണ്ഡലം സ്റ്റേറ്റാണ്.

സ്റ്റേറ്റിന്‍റെ ധര്‍മം അത്ര ലാഘവത്തോടെ കാണാവുന്നതല്ല., ജര്‍മന്‍ സോഷ്യോളജിസ്റ്റും ഇക്കൊ ണോമിസ്റ്റും ആയ മാക്സ് വെബര്‍ (1864-1920) പറയുന്നതുപോലെ, “രാഷ്ട്രതന്ത്രം (Politics) കടു പ്പമുള്ള പലകകളില്‍ (Board) സുശക്തവും മന്ദഗതിയിലുള്ളതുമായ ദ്വാരം തീര്‍ക്കലാണ്.  അതിനു വികാരാവേശവും ദര്‍ശനവും വേണം”.  മാന്യതയുള്ളവനാണു മനുഷ്യന്‍. അതു വ്യക്തിയെന്ന നിലയിലും സ്റ്റേറ്റ് എന്ന നിലയിലും  കാത്തുസൂക്ഷിക്കപ്പെടണം. “രണ്ടുതരത്തിലുള്ള മാന്യതയുണ്ട്:  മാന്യനായവന്‍ ചെയ്യരുതാത്തതും മാന്യതയുള്ള സ്റ്റേറ്റ് ചെയ്യരുതാത്തതും” (തെയൊദോര്‍ ഫോണ്‍ ടാന്‍, 1819-1898, ജര്‍മന്‍ ഗ്രന്ഥകാരന്‍).

സൃഷ്ടികുലത്തിലെ ജീവികളെല്ലാംതന്നെ കൂട്ടമായി ജീവിക്കുന്നതുപോലെ, മനുഷ്യനും സമൂഹമായി പ്രകൃതിയോടുള്ള കൂട്ടായ്മയില്‍ ജീവിക്കുന്നവനാണ്. അതാണ് സ്രഷ്ടാവിന്‍റെ പദ്ധതി. തന്‍റെ ഛായയിലും സാദൃശ്യത്തിലും വ്യക്തിയായി സൃഷ്ടിക്കപ്പെട്ടതിന്‍റെ മൂല്യം സമൂഹത്തില്‍ പങ്കുവയ്ക്കു ന്നതിനാണത്. ദൈവത്തിന്‍റെ ഏകത്വവും ത്രിത്വവും എന്ന വിശ്വാസസത്യം അവിടുത്തെ ഈ പദ്ധതിയെ വെളിപ്പെടുത്തുകയും ചെയ്യുന്നു. നമുക്കു തന്ന സാദൃശ്യം ഈ സത്യത്തെക്കൂടി അനാവരണം ചെയ്യുന്ന അവിടുത്തെ സ്നേഹമാണ്.  ആ സ്നേഹത്തെ നമുക്കു വാഴ്ത്താം








All the contents on this site are copyrighted ©.