2018-05-07 12:44:00

സ്നേഹം സേവനമെന്ന് ഗ്രഹിക്കുന്നതിനായി പ്രാര്‍ത്ഥിക്കുക-പാപ്പാ


യേശുവിന്‍റെ സ്നേഹത്തില്‍ നിലനില്കുകയെന്നതിനര്‍ത്ഥം, യേശു നമുക്കായി ചെയ്തതെല്ലാം, അവിടന്നു നമുക്കായി ജീവന്‍ നല്കിയതുള്‍പ്പെടെ സകലവും, നമ്മളും ചെയ്യുക എന്നാണെന്ന് മാര്‍പ്പാപ്പാ.

റോം രൂപതയിലെ തോര്‍ ദെ സ്ക്യാവിയിലുള്ള പരിശുദ്ധതമ കൂദാശയുടെ ഇടവക ഞായറാഴ്ച (06/05/18) സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ ഇടവക ദേവാലയത്തിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, യോഹന്നാന്‍റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം 9-17 വരെയുള്ള വാക്യങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു.

സ്നേഹിക്കുകയെന്നാല്‍ പരസേവനം, അപരന്‍റെ ആവശ്യങ്ങളുടെ ഭാരം വഹിക്കല്‍, ഉള്‍ക്കൊള്ളുന്നുവെന്നും സ്നേഹം അദ്ധ്വാനമാണെന്നും പാപ്പാ വിശദീകരിച്ചു.

കുഞ്ഞുങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ട് അമ്മമാര്‍ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് പാപ്പാ ഉദാഹരിച്ചു.

സ്നേഹത്തില്‍ നിലനില്ക്കണമെങ്കില്‍ നമ്മുടെ നാക്കിന് കടിഞ്ഞാണിടേണ്ടതിന്‍റെ  അനിവാര്യതയെക്കുറിച്ചും പാപ്പാ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി.

പരദൂഷണം നമ്മെ യേശുവിന്‍റ സ്നേഹത്തില്‍ നിന്ന് അകറ്റുന്നുവെന്ന് പാപ്പാ വ്യക്തമാക്കി.

ആകയാല്‍ നാവാണ് നമ്മുടെ സ്നേഹത്തിന്‍റെ ഊഷ്മളത അളക്കുന്നതിനുള്ള ഉപകരണം എന്ന് പാപ്പാ പ്രസ്താവിച്ചു.

അപരനെക്കുറിച്ച് കുറ്റം പറയാന്‍ തോന്നുമ്പോള്‍ നാക്കു കടിച്ചു പിടിക്കുക, അപ്പോള്‍ നാക്കിന് വീക്കം ഉണ്ടാകുമെങ്കിലും പരദൂഷണം ഒഴിവാക്കപ്പെടുമെന്ന് പാപ്പാ പറഞ്ഞു.

കര്‍ത്താവിന്‍റെ സ്നേഹത്തില്‍ നിലനില്ക്കുന്നതിനും സ്നേഹം സേവനമാണെന്ന് ഗ്രഹിക്കുന്നതിനുമുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.