2018-05-05 13:04:00

ക്ലാര ഫെയ് വാഴ്ത്തപ്പെട്ടവള്‍


ജര്‍മ്മനിയില്‍, ധന്യ ക്ലാര ഫെയ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.

അന്നാട്ടില്‍, ആഹനിലെ ദൈവമാതാവായ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള കത്തീദ്രല്‍ ദേവാലയത്തില്‍ ശനിയാഴ്ച (05/05/18) ആയിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മം.

ഈ തിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്ത് വിശുദ്ധരുടെ നാമകരണ നടപിടകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

“ദരിദ്രനായ ഉണ്ണിയേശുവിന്‍റെ സഹോദരികള്‍” എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപകയായ നവവാഴ്ത്തപ്പെട്ടവള്‍, ക്ലാര ഫെയ് 1815 ഏപ്രില്‍ 11 ന് ആഹനില്‍, ഒരു വ്സത്രവ്യാപരിയായിരുന്ന ലൂയിസിന്‍റെയും പത്നി കാഥറിന്‍റെയും സമ്പന്ന കുടുംബത്തില്‍ ജനിച്ചു. ഈ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലമത്തവള്‍ ആയിരുന്ന ഫെയ്ക്ക് 5 വയസ്സായപ്പോള്‍ പിതാവ് ലൂയിസ് മസ്തിഷ്ക്കാഘാതം മൂലം മരണമടഞ്ഞു.

ബാല്യകാലത്തു തന്നെ പാവപ്പെട്ടവരോട് മനസ്സലിവുണ്ടായിരുന്ന ക്ലാര പാവപ്പെട്ടവരായ കുട്ടികള്‍ക്കും യുവജനത്തിനും സഹായം, പ്രത്യേകിച്ച്, വിദ്യാഭ്യാസം നല്കുന്നതിനുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ചു.

ക്ലാര, ആദ്യം, തന്‍റെ സമാന ചിന്തകള്‍ പുലര്‍ത്തിയിരുന്ന ഏതാനും സുഹൃത്തുക്കളുമൊത്ത് 1837 ല്‍ ഒരു ചെറിയ വിദ്യഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ചു.

പിന്നീട് 1844 ഫെബ്രുവരി 2 നാണ് കുട്ടികളെയും യുവജനങ്ങളെയും യേശുവിലേക്ക് ആനയിക്കുകയും അവര്‍ക്ക് വിദ്യ പ്രദാനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ “ദരിദ്ര ഉണ്ണിയേശുവിന്‍റെ സഹോദരികള്‍” എന്ന സന്ന്യാസിനി സമൂഹത്തിന് ക്ലാര ഫെയ് രൂപം നല്കിയത്.

മര​ണം വരെ ഈ സമൂഹത്തിന്‍റെ ശ്രേഷ്ഠയായിരുന്നു നവവാഴ്ത്തപ്പെട്ടവള്‍.

ക്രമേണ ആരോഗ്യം ക്ഷയിച്ച ക്ലാര ഫെയ് 79-Ↄ○ വയസ്സില്‍ 1894 മെയ് 8ന് ഹോളണ്ടില്‍ വച്ച് മരണമടഞ്ഞു.








All the contents on this site are copyrighted ©.