2018-05-04 17:01:00

"സഭയുടെ സാര്‍വത്രികത ജീവിക്കുക": സ്വിസ്ഗാര്‍ഡുകളോട് പാപ്പാ


വത്തിക്കാനില്‍ സേവനമനുഷ്ഠിക്കുന്ന സ്വിസ് ഗാര്‍ഡുകളുടെ പ്രതിജ്ഞാവേളയോടനുബന്ധിച്ച് എത്തിയ വിശിഷ്ടാതിഥികളെയും അവരുടെ ബന്ധുക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ. 2018 മെയ് നാലാം തീയതി മധ്യാഹ്നത്തില്‍, വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ വച്ചുള്ള കൂടിക്കാഴ്ചാവേളയില്‍, ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്തശേഷം പാപ്പാ സ്വിസ് ഗാര്‍ഡുകളോടായി പറഞ്ഞു:

"പ്രിയ ഗാര്‍‍ഡ്സ്, നിങ്ങള്‍ക്ക് ഒരു നിശ്ചിതകാലം റോമില്‍ സേവനം ചെയ്യുന്നതിനുള്ള അവസരമാണിത്.  സഭയുടെ സാര്‍വത്രികതയുടെ തനിമയാര്‍ന്ന ഒരു അനുഭവമാണത്. ഇക്കാലഘട്ടം നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനും, സഭാസമൂഹത്തിന്‍റെ സ്വന്തമായിരിക്കുന്നു എന്ന ബോധ്യം വളര്‍ത്തുന്നതിനും നിങ്ങള്‍ക്കു കഴിയട്ടെ.  തുടര്‍ന്ന്, പത്രോസിന്‍റെ പിന്‍ഗാമി ക്കും റോമന്‍കൂരിയായ്ക്കും, വത്തിക്കാന്‍ രാഷ്ട്രത്തിനും അവര്‍ അനുദിനം നല്‍കുന്ന അമൂല്യമായ സേവനത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നതിന് ഈ അവസരം വിനിയോഗിച്ചു.

1527 മെയ് ആറാംതിയതിയില്‍, അവരുടെ മുന്‍ഗാമികള്‍ തങ്ങളുടെ ജീവിതം വീരോചിതമായ ബലിയായി സമര്‍പ്പിച്ചത് സ്വിസ് സൈന്യത്തിന്‍റെ അനന്യസവിശേഷതയുള്ള മാതൃകയായി എടുത്തു പറഞ്ഞ പാപ്പാ, മറ്റുള്ളവരെ ശ്രദ്ധിക്കുന്നിനായി, എല്ലാവരോടും തുറവിയുള്ളവരായി നിങ്ങളെപ്പോലുള്ള യുവജനങ്ങളെ കാണുന്നത് മനോഹരമാണ് എന്ന് സന്തോഷത്തോടെ എടുത്തുപറഞ്ഞു. എന്നിരിക്കിലും, അത്തരത്തിലുള്ള മനോഭാവവും സാക്ഷ്യവും എപ്പോഴും എളുപ്പമല്ലെന്നും, എങ്കിലും കര്‍ത്താവിന്‍റെ കൃപയാല്‍ അതു സാധ്യമാകുമെന്നും അവരെ ഉദ്ബോധിപ്പിച്ചു.  സമൂഹവും വ്യക്തിപരവുമായുള്ള പ്രാര്‍ഥനകളിലും വചനവായനയിലും, വിശുദ്ധ കുര്‍ബാനയിലും കര്‍ത്താവായ യേശുവിനെ കണ്ടുമുട്ടുന്നതില്‍ മടുക്കാതിരിക്കണമെന്നും, അതാണ്, നിങ്ങളുടെ ഫലപ്രദമായ വത്തിക്കാന്‍ ശുശ്രൂഷയുടെ രഹസ്യം എന്നും പറഞ്ഞുകൊണ്ട് മുഴുവന്‍ സ്വിസ് സൈന്യത്തിനും പരിശുദ്ധ പിതാവു നന്ദിയര്‍പ്പിച്ചു. അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന വാഗ്ദാനം ചെയ്തുകൊണ്ടും അപ്പസ്തോലികാശീര്‍വാദം നല്‍കിയുമാണ് ഈ കൂടിക്കാഴ്ചയ്ക്ക് പാപ്പാ പരിസമാപ്തി കുറിച്ചത്.








All the contents on this site are copyrighted ©.