2018-05-03 12:45:00

വിശ്വാസ സംവേദന പ്രക്രിയ സ്നേഹ സാന്ദ്രം-പാപ്പായുടെ വചനസമീക്ഷ


വിശ്വാസ സംവേദനം മതപരിവര്‍ത്തനമല്ലെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വ്യാഴാഴ്ച(03/05/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശ്വാസം പകര്‍ന്നു നല്കുകയെന്നാല്‍ സ്നേഹം കൊണ്ട് സാക്ഷ്യം നല്കലാണ്, അത് വിവരം ധരിപ്പിക്കലല്ല മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ഒരു ഹൃദയത്തെ ഉറപ്പിക്കാലാണ് എന്ന് പാപ്പാ വിശദീകരിച്ചു.

ഒരു പുസ്തകമോ എന്തെങ്കിലും ആശയങ്ങളോ യാന്ത്രികമായി മനസ്സിലാക്കുന്നതില്‍ നിന്നൊക്കെ ഏറെ വദൂരത്തു നില്ക്കുന്നതാണ് വിശ്വാസ സംവേദനമെന്നും ഒരു യഥാര്‍ത്ഥ ക്രൈസ്തവന്‍ ആയിരിക്കുകയെന്നാല്‍ വിശ്വാസ സംവേദനത്തില്‍ ഫലപുഷ്ടിയുള്ളവനായിരിക്കുകയാണെന്നും ഇതൊരു വെല്ലുവിളിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സഭ വിശ്വാസത്തില്‍ മക്കള്‍ക്ക് ജന്മം നല്കുന്നുന്നതു പോലെ ഓരോ ക്രൈസ്തവനും അപ്രകാരം ആയിരിക്കേണ്ടതിനെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വിശ്വാസ സംവേദനത്തില്‍ പ്രഥമ മനോഭാവം സ്നേഹവും രണ്ടാമത്തേത് സാക്ഷ്യവും ആണെന്ന് പാപ്പാ പറഞ്ഞു.

വിശ്വാസം തലമുറകളിലൂടെ കൈമാറി വരുന്നതാണ്. അമ്മൂമ്മയില്‍ നിന്ന് അമ്മയ്ക്ക് പകര്‍ന്നുകിട്ടുന്നതാണ് എന്ന് പറഞ്ഞ പാപ്പാ അത് സ്നേഹപരിമള പൂരിതമാണെന്ന് പ്രസ്താവിച്ചു.

അതില്‍ ആര്‍ദ്രതയും തലോടലും അടങ്ങിയിട്ടു​ണ്ടെന്നു പാപ്പാ വിശദീകരിച്ചു.

വിശ്വാസ സംവേദനത്തില്‍ സാക്ഷ്യത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പാപ്പാ സാക്ഷ്യം ജിജ്ഞാസ ജനിപ്പിക്കുന്നുവെന്നും അത് ആകര്‍ഷണത്തിനു കാരണമാകുന്നവെന്നും പറഞ്ഞു.

സഭ വളരുന്നത് മതപരിവര്‍ത്തനത്താലല്ല പ്രത്യുത ആകര്‍ഷണത്താലാണെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ ഫ്രാന്‍സീസ് പാപ്പാ ഉദ്ധരിച്ചു.

ആകര്‍ഷണംകൊണ്ട് സഭ വിശ്വസിക്കുകയും വളരുകയും ചെയ്യുന്നുവെന്ന് പാപ്പാ പറ‍ഞ്ഞു.

വിശ്വാസ സംവേദനം നിണസാക്ഷിത്വം വരെയുള്ള സാക്ഷ്യം നല്കുന്നുവെന്നും ആ സാക്ഷ്യം നമ്മില്‍ ജിജ്ഞാസ ജനിപ്പിക്കുകയും ആവ്യക്തി എന്തു കൊണ്ട് അങ്ങനെ ജീവിക്കുന്നു, മറ്റുള്ളവര്‍ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നു ഇത്യാദി ചോദ്യങ്ങള്‍ നമ്മിലുയര്‍ത്തുമെന്നും പാപ്പാ പറഞ്ഞു.

ജിജ്ഞാസയാകുന്ന വിത്ത് പരിശുദ്ധാത്മാവ് എടുക്കുകയും അതിനെ മുന്നോട്ടുകൊണ്ടു പോകുകയും ചെയ്യുന്നവെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ  വിശ്വാസ സംവേദനം നമ്മെ നീതിമാന്മാരാക്കുകയും നമ്മെ നീതികരിക്കുകയും ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.