2018-04-28 11:52:00

മാനവസഹനത്തെ കൂട്ടായ യത്നത്താല്‍ നേരിടുക-പാപ്പാ


മാനവസഹനം എന്ന പ്രശ്നത്തെ നേരിടുന്നതിന്, മുന്‍വിധികളെ ഉല്ലംഘിച്ചുകൊണ്ട്, വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള സംഘാത പ്രവര്‍ത്തനശൈലി  വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ.

പുനരുജ്ജീവന ചികിത്സയെ (റീജെനറേറ്റീവ് മെഡിസിന്‍) അധികരിച്ച് സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം  26-28 വരെ (26-28/04/18) വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട ആന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ വിവിധരാജ്യക്കാരായിരുന്ന എഴുനൂറോളം വിദഗ്ദ്ധരടങ്ങിയ സംഘത്തെ ശനിയാഴ്ച(28/04/18) പൊതുവായി സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

രോഗനിവാരണം, സൗഖ്യമേകല്‍, പരിചരണം, ഭാവി രൂപപ്പെടുത്തല്‍ എന്നീ 4 ക്രിയകളില്‍ ഈ സമ്മേളനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംഗ്രിഹിക്കാമെന്ന് പറഞ്ഞ പാപ്പാ രോഗനിവാരണം കൊണ്ടര്‍ത്ഥമാക്കുക മനുഷ്യവ്യക്തിയെയും അവന്‍ ജീവിക്കുന്ന ചുറ്റുപാടിനെയുംക്കുറിച്ച് ഒരു ദീര്‍ഘവീക്ഷണം പുലര്‍ത്തുകയാണെന്നും വിദ്യഭ്യാസം, കായിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ ശൈലി, പരിസ്ഥിതി പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഒരു സന്തുലനാവസ്ഥ പാലിക്കുന്ന ഒരു സംസ്കൃതിയെക്കുറിച്ചു ചിന്തിക്കാലാണെന്നും വിശദീകരിച്ചു.

ആധുനിക നാഗരികതയുടെ മൗലികമായ മാറ്റങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പിടപെടുന്ന അപകടത്തില്‍ വീഴാന്‍ കൂടുതല്‍ സാധ്യതയുള്ള കുട്ടികളെയും യുവജനത്തെയുംക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. ആരോഗ്യ സംരക്ഷണത്തില്‍ ആദ്യ ചുവടുവയ്പ്പായ രോഗനിവാരണ സംസ്കൃതിയെക്കുറിച്ച് കൂടുതല്‍ അവബോധം സകലരിലും സൃഷ്ടിക്കേണ്ടതിന്‍റെ  പ്രാധാന്യം പാപ്പാ ചൂണ്ടിക്കാട്ടി.

വൈദ്യശാസ്ത്രരംഗത്തുണ്ടായിട്ടുള്ള വിശിഷ്യ, അപൂര്‍വ്വരോഗങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തി.

പ്രകൃതിയെയും മാനവാരോഗ്യത്തെയും ഉപരിമെച്ചപ്പെട്ട രീതിയില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ശക്തമായ ഒരു ഉപകരണമാണ് ശാസ്ത്രം എന്നു വിശേഷിപ്പിച്ച പാപ്പാ സാങ്കേതികമായി സാധ്യമായതോ ചെയ്യാവുന്നതോ ആയ എല്ലാക്കാര്യങ്ങളും ധാര്‍മ്മികമായി സ്വീകാര്യമായിരിക്കണമന്നില്ല എന്ന തത്വം ആവര്‍ത്തിച്ചു.

നരകുലത്തിന്‍റെ നന്മയക്കായി ആദരിക്കപ്പെടേണ്ട പരിമിതികളെക്കുറിച്ച് ശാസ്ത്രത്തിന് അവബോധമുണ്ടെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

യഥാര്‍ത്ഥ പുരോഗതിയുടെ അളവുകോല്‍ ഒരോ മനുഷ്യവക്തിയുടെയും സകലമനുഷ്യരുടെയും നന്മ ലക്ഷ്യം വയ്ക്കുന്നതെന്തൊ അതാണെന്ന വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകള്‍ പാപ്പാ അനുസ്മരിക്കുകയും ചെയ്തു.  

 








All the contents on this site are copyrighted ©.