2018-04-26 12:17:00

സ്നേഹവും സേവനവും സഭയുടെ വളര്‍ച്ചയ്ക്ക് അനിവാര്യം-പാപ്പാ


സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും അഭാവത്തില്‍ സഭയ്ക്ക് മുന്നേറാനാകില്ലെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ ഉള്ള കപ്പേളയില്‍ വ്യാഴാഴ്ച(26/04/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അന്ത്യ അത്താഴ വേളയില്‍ യേശു, എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്ന് വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചുകൊണ്ടും, എങ്ങനെയാണ് സേവിക്കേണ്ടതെന്ന് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിക്കൊണ്ടും പഠപ്പിക്കുകയും ശുശ്രൂഷകന്‍ യജമാനനെക്കാള്‍ വിലയവനല്ല എന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നത് പാപ്പാ അനുസ്മരിച്ചു.

ഈ മൂന്നു കാര്യങ്ങളും സഭയെ സംബന്ധിച്ചിടത്തോളം മൗലികങ്ങളാണെന്ന് പാപ്പാ പറഞ്ഞു.

ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്ന യേശുവിന്‍റെ കല്പനയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അതിരുകളില്ലാത്ത ഈ സ്നേഹമില്ലെങ്കില്‍ സഭയ്ക്ക് മുന്നേറാനും ശ്വസിക്കാനും സാധിക്കില്ലെന്ന് പ്രസ്താവിച്ചു.

സ്നേഹത്തിന്‍റെ അഭാവത്തില്‍ സഭ മുരടിച്ചു പോകുകയും പൊള്ളയായ ഒരു സ്ഥാപനമായി പരിണമിക്കുകയും ചെയ്യുമെന്നും പാപ്പാ മുന്നറിയിപ്പു നല്കി.

ശുശ്രൂഷകരാണ് തങ്ങളെന്ന അവബോധത്തോടെ മുന്നോട്ടു പോയിരുന്നവരാണ് നിണസാക്ഷികളും വിശുദ്ധരുമെന്ന് പാപ്പാ പറഞ്ഞു.








All the contents on this site are copyrighted ©.