2018-04-24 09:43:00

ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തനം വിപുലമാക്കും. പൊന്തി. കമ്മീഷന്‍


വത്തിക്കാന്‍, ഏപ്രില്‍ 23:  പ്രായപൂര്‍ത്തിയെത്താത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ ( THE PONTIFICAL COMMISSION FOR THE PROTECTION OF MINORS - PCPM), ഒരാഴ്ച നീണ്ടുനിന്ന സമ്പൂര്‍ണസമ്മേളനം ഏപ്രില്‍ 22-ാംതീയതി സമാപിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചു.  പലവിധ ചൂഷണങ്ങളില്‍ രക്ഷപ്പെട്ടവരുടെ അനുഭവങ്ങളും അറിവും ഈ സമ്മേളനത്തില്‍ പങ്കുവയ്ക്കപ്പെട്ടെന്നും, അത് അവരെ ജീവിതത്തിലേയ്ക്കും സമൂഹത്തിലേയ്ക്കും തിരികെ കൊണ്ടുവരുന്നതിനു തികച്ചും സഹായകമാകുമെന്നും കമ്മീഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം, ഈ ദിനങ്ങളില്‍ ഓസ്ട്രേലിയന്‍ റോയല്‍ കമ്മീഷന്‍ ഫലങ്ങള്‍, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള യു. എന്‍. കണ്‍വെന്‍ഷന്‍, ചൂഷണങ്ങളെ അതിജീവിക്കുന്നതില്‍ വിശ്വാസി സമൂഹങ്ങളുടെ പങ്ക് എന്നിവയിന്മേലുള്ള അവതരണങ്ങളും അസംബ്ലിയില്‍ സംഘടിപ്പിക്കപ്പെട്ടു.  ഏപ്രില്‍ 21-ാംതീയതി ശനിയാഴ്ച ഈ കമ്മീഷനംഗങ്ങളെ പാപ്പാ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് സ്വീകരിച്ചിരുന്നു. കമ്മീഷന്‍റെ നിയമാവലിയോടു സുനിശ്ചിതമായും ഒത്തുപോകുക എന്നതാണ് തന്‍റെ ഉദ്ദേശ്യമെന്ന് പാപ്പാ പ്രസ്താവിച്ചതായും ഏപ്രില്‍ 23-ാംതീയതി നല്‍കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

പലവിധത്തിലുള്ള ചൂഷണങ്ങളെ അതിജീവിച്ചവരുമായുള്ള പ്രവര്‍ത്തനങ്ങള്‍, പരിശീലനവും അറിവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, ഇവയെ സഹായിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായ പ്രവര്‍ത്തനങ്ങള്‍ ഇവയ്ക്കെല്ലാം തങ്ങളുടെ തുടര്‍ന്നുള്ള നടപടികളില്‍ ഊന്നല്‍ നല്‍കുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പാപ്പായെ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള ഈ പൊന്തിഫിക്കല്‍ കമ്മീഷന്, മാര്‍ച്ച് 2014-ലാണ്  ഫ്രാന്‍സീസ് പാപ്പാ ആരംഭിച്ചത്. ഇക്കാര്യത്തില്‍ പ്രാദേശികസഭകളുടെ ഉത്തരവാദിത്വത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്നത് ഈ കമ്മീഷന്‍റെ സുപ്രധാനലക്ഷ്യമാണ്.








All the contents on this site are copyrighted ©.