2018-04-21 13:49:00

ഈശോയുടെ ഇടയസങ്കല്പം : ദൈവത്തിന്‍റെ ഹൃദയാകാശം


നല്ലിടയന്‍റെ ഞായര്‍.
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 10, 11-28

1. ഇടയന്‍റെ കാവല്‍!
ജരൂസലത്തുവച്ച്, ദേവാലയ സമര്‍പ്പണത്തിരുനാളില്‍ ക്രിസ്തു പറഞ്ഞകാര്യങ്ങളാണ് ഇന്നത്തെ സുവിശേഷം പ്രതിപാദിക്കുന്നത് (യോഹ. 10, 27). റോമന്‍ കലണ്ടര്‍ പ്രകാരം, ഡിസംബര്‍ മാസത്തിന്‍റെ അവസാനത്തിലാണ് ഈ തിരുനാള്‍ ആചരിക്കപ്പെടുന്നത്. ഈശോ ദേവാലയത്തിന്‍റെ ഉള്‍ഭാഗത്ത്, ബലിയര്‍പ്പണത്തിന്‍റെ വിശുദ്ധസ്ഥലത്തോടു ചേര്‍ന്നായിരിക്കണം നിന്നുരുന്നത്. അതുകൊണ്ടാണ് അവിടുന്ന് ആടിനെക്കുറിച്ചും ആട്ടിന്‍ പറ്റത്തെക്കുറിച്ചും സംസാരിച്ചത്. ഇവിടെ ഈശോ സ്വയം നല്ലിടയനായി അവതരിപ്പിക്കുന്നു. “ഞാന്‍ നല്ലിടയനാണ്. ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്ക് നിത്യജീവന്‍ നല്കുന്നു. അവ ഒരിക്കലും നശിക്കില്ല. എന്‍റെ കൈയ്യില്‍നിന്നും ആര്‍ക്കും അവയെ തട്ടിക്കൊണ്ടുപോകാനുമാവില്ല” (യോഹ.27-28). ക്രിസ്തുവിന്‍റെ സ്വരം ശ്രവിക്കാത്ത ആര്‍ക്കും അവിടുത്തെ ശിഷ്യരായിരിക്കാനാവില്ലെന്ന് ഈ വചനം പ്രസ്താവിക്കുന്നു.

2. ഇടയനെ ശ്രവിക്കുന്നതിന്‍റെ ആന്തരികത
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘കേള്‍ക്കുക,’ ‘ശ്രവിക്കുക...’ എന്ന ക്രിയ അതിന്‍റെ ഉപരിപ്ലവമായ അര്‍ത്ഥത്തിലല്ല നാം മനസ്സിലാക്കേണ്ടത്.  ഈ വാക്കുകള്‍ക്ക് പ്രതിബദ്ധതയുള്ള ആഴമായ അര്‍ത്ഥമുണ്ട്. ഇവിടെ കേള്‍വി... പരസ്പരധാരണയുടെ അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഇടയന്‍റെ ധാരണയും പരിചയവുമുള്ള സ്വരം ശ്രവിക്കുമ്പോഴാണ്. ആടുകള്‍ക്ക് അയാളെ വിശ്വസ്തതയോടെ, ധൈര്യത്തോടെ അനുഗമിക്കാനാവുന്നത്. (യോഹ. 10, 27) അതിനാല്‍ സുവിശേഷഭാഗം നമ്മോടു പറയുന്നത് ചെവിയുടെ ബാഹ്യമായ കേള്‍വിയല്ല, മറിച്ച് ആന്തരികമായ ശ്രവണത്തെക്കുറിച്ചും, വചനം ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ചുമാണ് ഈശോ പ്രതിപാദിക്കുന്നത്.

3. ഇടയന്‍റെ കാവല്‍ ലഭിക്കുന്നവര്‍... 
ഇന്ന് സുവിശേഷം വരച്ചുകാട്ടുന്ന ഇടയന്‍റെയും ആടുകളുടെയും ചിത്രം ക്രിസ്തുവിനോട് നമുക്കോരുത്തര്‍ക്കും എന്നും ഉണ്ടായിരിക്കേണ്ട വളരെ അടുത്ത സ്ഥായിയായ ബന്ധത്തിന്‍റെ ചിത്രമാണ്. അവിടുന്ന് നമ്മുടെ ഇടയനും, ഗുരുവും നാഥനും സുഹൃത്തും മാതൃകയുമാണ്. സര്‍വ്വോപരി അവിടുന്നു നമ്മുടെ രക്ഷകനാണ്. സുവിശേഷത്തിലെ അടുത്ത വചനം പറയുന്നത്, “ഞാന്‍ അവയ്ക്ക് നിത്യജീവന്‍ നല്കുന്നു. അവയൊരിക്കലും നശിച്ചുപോകില്ല. മറ്റൊരാള്‍ക്കും അവയെ എന്‍റെ കൈയ്യില്‍നിന്നും തട്ടിക്കൊണ്ടു പോകാനുമാവില്ല” (യോഹ. 10, 28).  ആര്‍ക്കാണിത്ര ആധികാരികമായി സംസാരിക്കാനാവുന്നത്? അത് ക്രിസ്തുവിനു മാത്രമേ സാധിക്കൂ. കാരണം അവിടുത്തെ കരങ്ങള്‍ പിതാവിന്‍റേതാണ്. അവിടുന്നു പിതാവില്‍നിന്നുമുള്ളവനാണ്. പിന്നെ അവയെ നല്കിയ പിതാവ് എല്ലാവരെയുംകാള്‍ വലിയവനുമാണ് (യോഹ. 10, 29).

ക്രിസ്തുവിന്‍റെ ഈ വാക്കുകള്‍ സമ്പൂര്‍ണ്ണ സുരക്ഷിതത്വവും ആഴമായ കാരുണ്യവും പ്രകടമാക്കുന്നതാണ്. കുരിശുയാഗത്തില്‍ എന്നേയ്ക്കുമായി വെളിപ്പെടുത്തപ്പെട്ട ആ ദിവ്യസ്നേഹത്തിലും കാരുണ്യത്തിലും പിതാവിനോട് ക്രിസ്തുപൂര്‍ണ്ണമായി ഐക്യപ്പെട്ടിരിക്കുന്ന നമുക്കുള്ള സമഗ്രമായ വെളിപ്പെടുത്തലാണ് ഈ വചനം.

4. കാത്തിരിക്കുന്ന ഇടയസ്നേഹം  
അസീസ്സിയിലെ ഫ്രാന്‍സിസ്സിനെക്കുറിച്ച് കഥയുണ്ട്. ദൂരെയെങ്ങോ സുവിശേഷം പ്രചരിപ്പിക്കാന്‍ പോയിരിക്കുകയായിരുന്ന ഫ്രാന്‍സിസ്സിന്‍റെ രണ്ടു സഹോദരന്മാര്‍. രാവേറെയായിട്ടും മടങ്ങിയെത്തിയില്ല. പടിവാതിക്കല്‍ കാത്തിരിക്കുകയായിരുന്ന ഫ്രാന്‍സിസ്സ്, എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. ശീതകാലമായിരുന്നു. നിനച്ചിരിക്കാത്ത നേരത്താണ് മഞ്ഞു വീണത്. ഉടലിനു മുകളിലായി ഒരു ചെറിയ മഞ്ഞുമല രൂപപ്പെട്ടു. സഹോദരന്മാര്‍ മടങ്ങിയെത്തിപ്പോള്‍ കണ്ട്ത് വാതില്‍ക്കല്‍ത്തന്നെ ചെറിയൊരു മഞ്ഞുമല. അവര്‍ ഗാര്‍ഡന്‍ ഫോര്‍ക്കെടുത്ത് മഞ്ഞുമല തട്ടിമാറ്റാന്‍ ശ്രമിക്കവേ, പെട്ടെന്നൊരു നിലവിളി. രക്തംപൊടിയുന്ന ശരീരവുമായി ഫ്രാന്‍സിസ്സ് പുറത്തുവന്നു. മറ്റുള്ളവര്‍ക്കുവേണ്ടി നിണമണിഞ്ഞ് കാത്തിരിക്കുന്നതാണ് സ്നേഹം. “നല്ലിടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.” (യോഹ. 10, 11). ഇതാണ് ഇന്നത്തെ സുവിശേഷ ചിന്ത.

5. ഇടയസങ്കല്പങ്ങള്‍ : ചരിത്രപരം
നാടോടികളായിരുന്ന ഇസ്രായേല്‍ ജനതയുടെ മുഖ്യവരുമാനമാര്‍ഗ്ഗം ആടുമാടുമേയ്ക്കലായിരുന്നു. അതിനാല്‍, ഇടയന്‍ എന്ന സങ്കല്പം അവരുടെ ജീവിതത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ളതാണ്. ജീവിതത്തിന്‍റെ വ്യത്യസ്ത തലങ്ങളില്‍ ഈ രൂപകം വ്യാഖ്യാനിക്കപ്പെടാം. ചരിത്രപരമായോ, സാമൂഹ്യ സഭാതലത്തിലോ, അസ്തിത്വപരമായോ ഇത് വ്യാഖ്യാനിക്കാവുന്നതാണ്.
ചരിത്രപരമായി യേശുവാണ് നല്ലിടയന്‍. “ഞാന്‍ ഇടയനെ വെട്ടും, അപ്പോള്‍ ആടുകള്‍ ചിതറിക്കപ്പെടും,” എന്ന് പീഡാനുഭവത്തിന് തൊട്ടുമുന്‍പ് ക്രിസ്തു പറയുന്നത് (മാര്‍ക്ക് 14, 27) തന്നെക്കുറിച്ചാണത്. “ചെറിയ അജഗണമേ,” എന്ന് ശിഷ്യന്മാരെ സംബോധനചെയ്യുമ്പോഴും ഇടയന്‍ യേശുതന്നെയാണ് (ലൂക്കാ 12, 32). അജഗണമായ മനുഷ്യവര്‍ഗ്ഗത്തെ സ്നേഹിച്ച് സ്നേഹിച്ച് കൊതിതീരാതെ അവര്‍ക്കുവേണ്ടി ആത്മഹൂതി നടത്തിയ ഇടയന്‍ ചരിത്രത്തില്‍ ക്രിസ്തുവാണ്, ക്രിസ്തു മാത്രമാണ്. മറ്റൊരു വ്യക്തിക്കുവേണ്ടി ജീവനര്‍പ്പിക്കുന്ന ഏതൊരു മനുഷ്യനും ഇടയനാണ്. ജനത്തെക്കുറിച്ച് താത്പര്യമുള്ളവരെല്ലാം ഇടയന്മാരാണ് (യോഹ. 10, 13). അത് ഏതു മേഖലയിലായിരുന്നാലും. 

6. അസ്തിത്വപരമായ ഇടയ സങ്കല്പം
ഇടയദൗത്യം ഉത്ഭവിക്കുന്നത് ദൈവപിതാവില്‍നിന്നാണ്. ദൈവത്തിന്‍റെ ജ്ഞാനത്തിലും ദിവ്യസ്നേഹത്തിലുമാണ് അതിന്‍റെ ഉറവിടം കണ്ടെത്താനാകുക. ദൈവത്തിന്‍റെ ഹൃദയാകാശം കൈമുതലാക്കാത്തവര്‍ക്ക് ഇടയരാകുവാന്‍ യോഗ്യതയില്ല. ക്രിസ്തു തനിക്കുതന്നെ നല്കിയ നല്ലിടയന്‍ എന്ന വിശേഷണം അല്ലെങ്കില്‍ നിര്‍വ്വചനം അവിടുത്തെ പീഡകളുടെയും കുരിശുമരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും വെളിച്ചത്തില്‍ ഉണര്‍വോടെ പുനര്‍പരിശോധിക്കാന്‍ പെസഹാക്കാലം നമ്മെ ക്ഷണിക്കുന്നു. ‘നല്ലിടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നു’ (യോഹ 10, 11). പിതാവിന്‍റെ ഹിതം പൂര്‍ണ്ണമായും നിറവേറ്റിക്കൊണ്ട് കുരിശില്‍  സ്വയാര്‍പ്പണംചെയ്തപ്പോഴാണ് ക്രിസ്തുവില്‍ ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമായത്.  ഇതില്‍നിന്നും ക്രിസ്തുവാണ് നല്ലിടയനെന്ന് നമുക്ക് വ്യക്തമാകുന്നു.

‘പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ സമര്‍പ്പിക്കുന്നു’ (10, 15).  കൂലിക്കാരനായ ഇടയനില്‍നിന്നും വ്യത്യസ്തമായി ആടുകളുടെ നന്മയും ജീവനും, പോഷണവും അല്ലാതെ മറ്റൊരു ചിന്തയുമില്ലാത്തവനാണ് നല്ലിടയനാണ്. അതിനാല്‍ ലക്ഷൃസ്ഥാനത്ത് എത്തിച്ചേരുവാന്‍വേണ്ടി അയാള്‍ സ്വജീവന്‍ അര്‍പ്പിക്കാന്‍പോലും സന്നദ്ധനാകുന്നു.

7. അജൈയ്യമായ ഇടയസ്നേഹം...!
ഇന്നത്തെ ആദ്യവായനയില്‍ പത്രോസ്ലീഹയും യോഹന്നാനും സെന്‍ഹെദ്രിന്‍റെ മുന്നില്‍ സുവിശേഷം പ്രസംഗിച്ച കഥ പറയുകയാണ് (നടപടി 4,8-12). യേശുവിന്‍റെ നാമത്തില്‍ മുടന്തനായവനെ അത്ഭുകരമായി സുഖപ്പെടുത്തിയിട്ടാണ് പത്രോസ് പറഞ്ഞത്, “പണിക്കാര്‍ ഉപേക്ഷിച്ച കല്ലിതാ മൂലക്കല്ലായി ഭവിച്ചിരിക്കുന്നു. നിങ്ങള്‍ കൊന്നവനെ ദൈവം ഉയിര്‍പ്പിച്ചു. രക്ഷ അവിടുന്നിലാണ്. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി ഇനി യേശു നാമമല്ലാതെ മറ്റൊരു നാമമില്ല.” അതുകൊണ്ട്, നാം ഒരിക്കലും ഭയപ്പെടരുത്.., കാരണം നമ്മുടെ ജീവിതങ്ങള്‍ ഈ കൂട്ടായ്മയില്‍ നിത്യവിനാശത്തില്‍നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ കരങ്ങളില്‍നിന്നും ആരും നമ്മെ തട്ടിക്കൊണ്ടു പോകയില്ല, കാരണം ആര്‍ക്കും അവിടുത്തെ സ്നേഹത്തെ കീഴടക്കാനാവില്ല. ക്രിസ്തുവിന്‍റെ സ്നേഹം അജയ്യമാണ്! സൃഷ്ടികളെ നിത്യതയുടെ ജീവനില്‍നിന്നും വലിച്ചിഴക്കുവാനും അപഹരിക്കുവാനും ദൈവത്തിന്‍റെ ബദ്ധശത്രുക്കളായ തിന്മയുടെ ശക്തി നിരന്തരം ശ്രമിക്കുന്നുണ്ട്. പൈശാചിക കുടിലതകള്‍ക്കും വഞ്ചനാത്മകമായ മുഖസ്തുതിക്കുമായി നമ്മുടെ ആത്മാവിന്‍റെ കവാടങ്ങള്‍ തുറക്കാതിരുന്നാല്‍, തിന്മയുടെ ശക്തിക്ക് നാം ഒരിക്കലും കീഴ്പ്പെടേണ്ടി വരില്ല. തിന്മയുടെ ശക്തികളാല്‍ നാം അപഹരിക്കപ്പെടില്ല.

നല്ലിടയനായ ക്രിസ്തുവിന്‍റെ സ്വരം ശ്രവിച്ച്, അത് വിശ്വസ്തതയോടെ അനുധാവനംചെയ്തവളാണ് പരിശുദ്ധ കന്യകാമറിയം. ക്രിസ്തുവിന്‍റെ ശിഷ്യരാകുവാനുള്ള വിളിയും ക്ഷണവും വിശ്വസ്തതയോടെ സ്വീകരിക്കുന്നതിനും, അങ്ങനെ നാം ദൈവപിതാന്‍റെ സ്നേഹാര്‍ദ്രമായ കരങ്ങളുടെ സംരക്ഷണയിലായിരിക്കുവാനും പരിശുദ്ധ കന്യകാമറിയം നമ്മെ തുണയ്ക്കട്ടെ!








All the contents on this site are copyrighted ©.