2018-04-20 13:02:00

നിര്‍ദ്ധന സേവനവും നീതി പരിപോഷണവും സമാധന സരണിയെന്ന്-പാപ്പാ


നിസ്വരായവരെ മനസ്സിലാക്കുക എന്നത് ഡോണ്‍ തൊണീനൊ ബേല്ലൊയുടെ യഥാര്‍ത്ഥ സമ്പത്തായിരുന്നുവെന്നു മാര്‍പ്പാപ്പാ.

തെക്കുകിഴക്കെ ഇറ്റലിയിലെ മൊല്‍ഫേത്തയിലെ മെത്രാനായിരുന്ന തൊണീനൊ ബേല്ലൊയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികദിനമായിരുന്ന വെള്ളിയാഴ്ച (20/04/18) അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ അലെസ്സാനൊയും അദ്ദേഹം മെതാനായി സേവനമനുഷ്ഠിച്ച മൊല്‍ഫേത്തയും സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ അലെസ്സാനൊയില്‍ വച്ച് വിശ്വാസികളുടെ സമൂഹത്തെ സംബോധന ചെയ്യുകയായിരുന്നു.

വത്തിക്കാനില്‍ നിന്ന് 700 കിലോമീറ്ററോളം അകലെയുള്ള അലെസ്സാനൊയിലാണ് പാപ്പാ ആദ്യം ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം എത്തിയത്. അവിടെ നിന്നാണ് പാപ്പ മൊല്‍ഫേത്തയിലേക്കു പോയത്.

ഡോണ്‍ തൊണീനോയുടെ കബറിടത്തിങ്കല്‍ നിന്ന് താന്‍ അല്പസമയം പ്രാര്‍ത്ഥിച്ചത് അനുസ്മരിച്ച പാപ്പാ “നിന്നെപ്പോലെ എന്നെ ദരിദ്രനായി ജനിപ്പിച്ച എന്‍റെ പാവപ്പെട്ട നാടേ, അതു വഴി നീ എനിക്ക് നിര്‍ദ്ധനരെ മനസ്സിലാക്കുകയും അവര്‍ക്ക് സേവനം ചെയ്യുകയും എന്ന അതുല്യമായ സമ്പത്ത് പ്രദാനം ചെയ്തു, ഞാന്‍ അതിനു നന്ദി പറയുന്നു” എന്ന ഡോണ്‍ തൊണീനൊയുടെ വാക്കുകള്‍ ആവര്‍ത്തിച്ചു.

യേശുവിനെ പിന്‍ചെല്ലുന്നവര്‍ പാവപ്പെട്ടവരെയും എളിയവരെയും സ്നേഹിക്കുന്നതിനാല്‍ പലപ്പോഴും അസൗകര്യങ്ങള്‍ അനുഭവപ്പെടുന്ന ഒരു ജീവിതം നയിക്കാനാണ് സുവിശേഷം വിളിക്കുന്നതെന്ന് ഡോണ്‍ തൊണിനോ തിരുപ്പിറവി-ഉയിര്‍പ്പുതിരുന്നാള്‍ വേളകളില്‍ ഓര്‍മ്മിച്ചിരുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

പാവപ്പെട്ടവരെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സഭ എന്നും ദൈവത്തിന്‍റെ  സരണിയിലായിരിക്കുമെന്നും സുവിശേഷത്തിന്‍റെ തരംഗങ്ങള്‍ ഒരിക്കലും അതിന് നഷ്ടപ്പെടുകയില്ലെന്നും പാപ്പാ പറ‍ഞ്ഞു.‌

ഡോണ്‍ തൊണീനൊ ഒരിക്കലും കൈയ്യുംകെട്ടി നില്ക്കുന്ന ഒരു വ്യക്തി ആയിരുന്നില്ലയെന്നും അദ്ദേഹം, പാവപ്പെട്ടവരെ പരിചരിക്കുകയും നീതി പരിപോഷിപ്പിക്കുകയും ചെയ്യുകയാണ് സകലവിധത്തിലുള്ള അക്രമങ്ങളും യുദ്ധങ്ങളും തടയാനുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗം എന്ന ഉറച്ച ബോധ്യത്താല്‍ സമാധാനം എങ്ങും വിതയ്ക്കാന്‍ പ്രാദേശികതലത്തില്‍ പരിശ്രമിച്ചിരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.








All the contents on this site are copyrighted ©.