2018-04-19 20:25:00

സുവിശേഷവത്ക്കരണത്തിന് പ്രമാണമില്ല


സുവിശേഷവത്ക്കരണത്തിന് പ്രമാണമില്ല അല്ലെങ്കില്‍ ‘തിയറി’യില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഏപ്രില്‍ 19-‍Ɔο തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ നല്കിയ വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1. സുവിശേഷവത്ക്കരണത്തിന് പ്രമാണമില്ല
സുവിശേഷപ്രഘോഷണം ഒരു ക്രിസ്തു ശൈലിയാണ്. അത് അവിടുത്തെ ജീവിതമായിരുന്നു. അനുദിനം ദീര്‍ഘദൂരം യാത്രചെയ്തും, ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെന്നും, അവരുടെ കൂടെയായിരുന്നും അവരെ ശ്രവിച്ചും അവരെ ഉദ്ബോധിപ്പിച്ചും ജീവിച്ചു തീര്‍ത്ത ഒരു കൂടെനടക്കുന്ന രീതിയാണ്  (juxta-posed life) സുവിശേഷവത്ക്കരണം. അത് എങ്ങനെ, എന്തു ചെയ്യണമെന്നൊ, പറയണമെന്നൊരു തിയറിയോ നിയമനടപടിക്രമമോ ഇല്ല. എന്നാല്‍ ക്രിസ്തു കാട്ടിതന്നതുപോലെ ജീവിതംകൊണ്ടും, വാക്കിലും പ്രവൃത്തിയിലും യാഥാര്‍ത്ഥ്യമാക്കേണ്ടതാണ് സുവിശേഷവത്ക്കരണം. ആദ്യവായന അപ്പസ്തോല നടപടി പുസ്തകം വിവരിക്കുന്ന അപ്പസ്തോലന്‍ ഫിലിപ്പോസിന്‍റെയും എത്യോപ്യകാരന്‍റെയും കൂടിക്കാഴ്ചയുടെ ഭാഗത്തെ (നടപടി 8, 26-40) ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവാരൂപിയോടു തുറവുള്ളവര്‍ക്ക് അരൂപിയെ ശ്രവിക്കാനാകും. അവര്‍ ഇറങ്ങിപ്പുറപ്പെടും. പിന്നെ ജനങ്ങളുടെ കൂടെയായിരിക്കാനുള്ള മനസ്സുണ്ടെങ്കില്‍ തീര്‍ച്ചയായും സുവിശേഷവത്ക്കരണം സാധിതമാകും!

2. സുവിശേഷവത്ക്കരണത്തിന്‍റെ 3 സൂത്രവാക്കുകള്‍
നടപടി പുസ്തകത്തിലെ വചനഭാഗം (നടപടി 8, 26-40) നമ്മെ സുവിശേഷവത്ക്കരണത്തിലേയ്ക്ക്  നയിക്കുന്നത്, അന്ന് അപ്പസ്തോലന്‍ ഫിലിപ്പോസിനെ എന്നപോലെ ഇന്ന് നമ്മെയും നയിക്കുന്നത് ദൈവാത്മാവാണ്. ഈ സംഭവത്തില്‍നിന്നും നമുക്ക് സുവിശേഷവത്ക്കരണത്തിന്‍റെ മൂന്നു സൂത്രവാക്കുകള്‍ അടര്‍ത്തിയെടുക്കാം. ആദ്യത്തേത് “ഉണരുക,” “ഉയരുക…” ,രണ്ടാമതായി “ചേര്‍ന്നിരിക്കുക, ചേര്‍ന്നുനില്ക്കുക...” മൂന്നാമതായി “സ്ഥലം വിട്ടു പോവുക.”

സുവിശേഷവത്ക്കരണം സംഘടിതമായൊരു മതപരിവര്‍ത്തനമല്ല. നമുക്ക് എവിടെങ്കിലും പോയി കുറെപ്പേരെ മതപരിവര്‍ത്തനം ചെയ്യുന്ന പദ്ധതിയല്ല സുവിശേഷവത്ക്കരണം. മറിച്ച് സുവിശേഷം പങ്കുവയ്ക്കാനും യേശുവിനെ പരിചയപ്പെടുത്താനും ദൈവാരൂപി നമ്മെ പ്രചോദിപ്പിക്കുന്ന പ്രവൃത്തിയാണ്. ഉണര്‍ന്ന് പുറപ്പെടാനും ഒരു സ്ഥലത്ത് എത്തിച്ചേരാനും ദൈവാത്മാവ് നമ്മോട് ആവശ്യപ്പെടുന്നു, അല്ലെങ്കില്‍ പ്രചോദിപ്പിക്കുന്നു. അല്ലാതെ എളുപ്പമാര്‍ഗ്ഗമൊന്നുമില്ല. ഒരു പുറപ്പാടാണിത്, യാത്രയാണ്. വചനം പ്രഘോഷിക്കേണ്ടിടത്ത് നാം എത്തിച്ചേരണം. വചനം പ്രഘോഷിക്കാനും അതിന്‍റെ പ്രചാരണത്തിനുമായി നാടും വീടും വിട്ടിറങ്ങിയ എത്രയോ പുണ്യാത്മാക്കള്‍. പലരും പലപ്പോഴും ശാരീരികമായി സന്നദ്ധരായിരുന്നില്ല. ചെന്നെത്തുന്ന ഇടങ്ങളിലെ പ്രതികൂല കാലാവാസ്ഥയെയും അസ്വസ്ഥമാക്കുന്ന രോഗങ്ങളെയുമെല്ലാം നേരിടേണ്ടിയിരുന്നു. ചിലര്‍ രോഗങ്ങള്‍ പിടിപെട്ടു മരിച്ചു. മറ്റുചിലര്‍ കൊല്ലപ്പെട്ടു. സുവിശേഷജോലിയുടെ രക്തസാക്ഷികള്‍ എത്രയോ പേരാണ്.

3. വചനവിത്ത്
ആദ്യരക്ഷസാക്ഷി സ്റ്റീഫന്‍റെ മരണത്തിനുശേഷം  ആദിമ സഭയ്ക്ക് പിന്നെയും പീഡനങ്ങളുണ്ടായി. അതോടെ ശിഷ്യന്മാര്‍ അവിടെനിന്നും ഒളിഞ്ഞു മാറി, പലയിടങ്ങളിലേയ്ക്ക്... യൂദയായിലേയ്ക്കും സമേറിയായിലേയ്ക്കും പോയി. അപ്പോള്‍ നമുക്കു മനസ്സിലാക്കാം ജരൂസലേം സഭ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളിലെ അരൂപിയാണ് അവരെ ചിതറിച്ചതും മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ പ്രേരിപ്പിച്ചതും. 

ഒരു വിത്തില്‍ ദൈവാത്മാവ് പ്രവര്‍ത്തിക്കുന്നതുപോലെ.... ദൈവാത്മാവാണ് വചനബീജം ഒരിടത്ത് എത്തിക്കുന്നതും അതവിടെ വിതയ്ക്കുന്നതും. പിന്നെയും അവിടെനിന്നു പുറപ്പെട്ടു പോവുകയും മറ്റൊരിടത്ത് വചനം, ദൈവവചനം വിതയ്ക്കുകയും ചെയ്യുന്നത്. അതൊരു “വിശ്വാസതിരുസംഘ”ത്തിന്‍റെ ( Propaganda Fide) പിറവിയായെന്ന് പാപ്പാ ഫലിതോക്തിയില്‍ പ്രസ്താവിച്ചു. ചെറിയൊരു പീഡനകഥയില്‍നിന്നും സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാകുന്നു. ഇന്നു നടപടിപ്പുസ്തകത്തില്‍നിന്നും നാം വായിച്ച വചനഭാഗം സുവിശേഷവത്ക്കരണത്തിന്‍റെ ഏറെ പ്രചോദനാത്മകമായ മാതൃകയും മുത്തും സുവിശേഷവത്ക്കരണത്തിന്‍റെ പഠന പ്രബന്ധവുമാണ്. അതിനാല്‍ നമുക്കു പറയാം സുവിശേഷവത്ക്കരണം ദൈവികമാണ്, ദൈവത്തില്‍നിന്നാണ്. അവിടുന്നാണ് പ്രഘോഷിക്കപ്പെടുന്നത്. അതിനാല്‍ നാം സുവിശേഷവത്ക്കരണം തുടരണമെന്നത് ദൈവഹിതമാണ്. 








All the contents on this site are copyrighted ©.